രാജ്യത്ത് പിഎം സൂര്യഘർ: മുഫ്ത് ബിജ്ലി യോജന പ്രകാരം പുരപ്പുറ സോളർ പ്ലാന്റുകൾ സ്ഥാപിച്ച വീടുകളുടെ എണ്ണം 66 ലക്ഷം പിന്നിട്ടു. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 66.32 ലക്ഷം വീടുകളിലാണ് നിലവിൽ പദ്ധതി യാഥാർത്ഥ്യമാക്കിയിട്ടുള്ളത്.
19,503.15 മെഗാവാട്ട് ആണ് രാജ്യത്താകെ ഇതുവരെ കൈവരിച്ച ഉൽപാദനശേഷി. പദ്ധതിയുടെ ഭാഗമായി ആകെ 36,857.2 കോടി രൂപ സബ്സിഡിയായും വിതരണം ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഓരോ നാലോ അഞ്ചോ ദിവസത്തിൽ ശരാശരി ഒരു ലക്ഷം വീടുകളിൽ പുതിയ പുരപ്പുറ സോളർ യൂണിറ്റുകൾ സ്ഥാപിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രി പ്രൾഹാദ് ജോഷി വ്യക്തമാക്കി. പിഎം സൂര്യഘർ പദ്ധതിയുടെ ആദ്യഘടം 2027 മാർച്ചിൽ അവസാനിക്കും.
ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിക്കുകയെന്ന ലക്ഷ്യം നിശ്ചിത സമയത്തിനകം കൈവരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാർച്ചിലെ കാലാവധിക്കുശേഷം കൂടുതൽ ആനുകൂല്യങ്ങളും ഇളവുകളും ഇൻഷുറൻസുൾപ്പെടെയുള്ള സൗകര്യങ്ങളുമായി ‘പിഎം സൂര്യഘർ 2.0’ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
നിലവിൽ 78,000 രൂപവരെ കേന്ദ്ര സബ്സിഡി ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനായി ആകെ 75,021 കോടി രൂപയാണ് കേന്ദ്ര സർക്കാർ നീക്കിവെച്ചിട്ടുള്ളത്.
ഒരു കിലോവാട്ട് ഉൽപാദനശേഷിയുള്ള സോളർ പാനലിന് 30,000 രൂപയും, രണ്ട് കിലോവാട്ടിന് 60,000 രൂപയും, മൂന്ന് കിലോവാട്ടോ അതിൽ കൂടുതലോ ശേഷിയുള്ളവയ്ക്ക് പരമാവധി 78,000 രൂപയുമാണ് സബ്സിഡിയായി ലഭിക്കുക. കേരളത്തിന് അഭിമാനകരമായ നാഴികക്കല്ല് രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം നാലാം സ്ഥാനത്താണ് ഉള്ളത്.
ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഈ രംഗത്ത് കേരളത്തിന് മുന്നിലുള്ളത്. എങ്കിലും സ്ഥാപനത്തിലും ഉൽപാദനശേഷിയിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് കേരളത്തിന്റെ സ്ഥാനം.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ 4.12 ലക്ഷം വീടുകളിലാണ് പിഎം സൂര്യഘർ പദ്ധതി വഴി സോളർ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. 1569.17 മെഗാവാട്ടാണ് കേരളത്തിലെ സ്ഥാപിത ഉൽപാദനശേഷി.
ഉപഭോക്താക്കൾക്ക് ഇതുവഴി ആകെ 2618.52 കോടി രൂപ സബ്സിഡിയായും ലഭ്യമായിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ കേന്ദ്ര സഹായത്തിന് പുറമെ സ്വന്തം നിലയ്ക്കും സബ്സിഡി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
ഉദാഹരണത്തിന്, ഡൽഹിയിൽ കേന്ദ്രത്തിന്റെ അതേ സബ്സിഡി തുക സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാക്കാൻ അവസരമുണ്ട്. ഫലത്തിൽ ഉപഭോക്താക്കൾക്ക് ഇരട്ടി സബ്സിഡിയായ 1.56 ലക്ഷം രൂപവരെ സ്വന്തമാക്കാം.
ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന എന്ന മാനദണ്ഡപ്രകാരം 2.25 ലക്ഷം കുടുംബങ്ങൾക്കാണ് ഡൽഹിയിൽ ഈ ആനുകൂല്യം ലഭിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. അപേക്ഷിക്കേണ്ട
വിധവും സബ്സിഡി ലഭിക്കുന്ന വഴികളും ∙ അപേക്ഷകർ നിർബന്ധമായും ഇന്ത്യൻ പൗരന്മാരായിരിക്കണം ഒപ്പം നിയമാനുസൃതമായ വൈദ്യുതി കണക്ഷനും ഉണ്ടായിരിക്കണം. സമാനമായ മറ്റ് സബ്സിഡികൾ ഇതിനകം നേടിയവർ വീണ്ടും അപേക്ഷിക്കാൻ അർഹരല്ല.
∙ ഔദ്യോഗിക പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേരളത്തിൽ നിന്നുള്ളവർ തങ്ങളുടെ കെഎസ്ഇബി കണക്ഷൻ വിവരങ്ങൾ ഉൾപ്പെടുത്തി വേണം അപേക്ഷ നൽകാൻ.
∙ ഔദ്യോഗിക അനുമതി ലഭിച്ചയുടൻ റജിസ്റ്റർ ചെയ്ത ഏതെങ്കിലും സോളർ കമ്പനി വഴി പാനൽ ഇൻസ്റ്റലേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. തുടർന്ന് കെഎസ്ഇബി അധികൃതർ നേരിട്ടെത്തി പരിശോധന നടത്തും.
ഈ പരിശോധനാ റിപ്പോർട്ടും പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ∙ നെറ്റ്മീറ്ററിങ് നടപടികൾ കൃത്യമായി പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇതിലൂടെ അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകി വരുമാനം നേടാനും സാധിക്കും. പിഎം സൂര്യഘർ പദ്ധതിയിലൂടെ മാസത്തിൽ 300 യൂണിറ്റ് വരെ വൈദ്യുതി പൂർണ്ണമായും സൗജന്യമായി നേടാനുള്ള സുവർണ്ണാവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
∙ എല്ലാ നടപടിക്രമങ്ങളും വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞാൽ പരമാവധി രണ്ടുമാസത്തിനകം തന്നെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി തുക നേരിട്ട് എത്തിച്ചേരും. ∙ പിഎം സൂര്യഘർ പദ്ധതിയുടെ ഭാഗമായി സോളർ പാനലുകൾ സ്ഥാപിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകൾ വർഷം 5.75% മുതൽ കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ അനുവദിക്കുന്നുണ്ട്.
യാതൊരുവിധ ഈടുമില്ലാതെ 2 ലക്ഷം രൂപവരെ വായ്പയായി നേടാനുള്ള അവസരവുമുണ്ട്. ഇതിനായി ഔദ്യോഗിക പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

