
ആഭരണ പ്രേമികളെയും വിവാഹം ഉൾപ്പെടെ വിശേഷ ആവശ്യങ്ങൾക്കായി സ്വർണാഭരണം (Gold) വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാക്കി സ്വർണവില (gold rate) വീണ്ടും മേലോട്ട്. യുഎസ്-ചൈന വ്യാപാരപ്പോര് കൂടുതൽ വഷളായതും ആഗോള സാമ്പത്തികരംഗം കടുത്ത അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുന്നതും ഓഹരി വിപണി ഇടിയുന്നതും മൂലം സ്വർണ നിക്ഷേപത്തിന് വൻ സ്വീകാര്യത (safe-haven demand) കിട്ടുന്നതാണ് വില വീണ്ടും കുതിക്കാൻ വഴിവച്ചത്.
കേരളത്തിൽ (Kerala Gold Price) ഇന്നു ഗ്രാമിന് ഒറ്റയടിക്ക് 65 രൂപ തിരിച്ചുകയറി വില 8,290 രൂപയായി. പവന് 520 രൂപ ഉയർന്ന് 66,320 രൂപയിലും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവനു 2,680 രൂപയും ഗ്രാമിന് 335 രൂപയും കുറഞ്ഞശേഷമാണ് ഇന്നു വില വീണ്ടും മുന്നേറ്റത്തിന്റെ ട്രാക്കുപിടിച്ചത്. 18 കാരറ്റ് സ്വർണവിലയും കുത്തനെ കൂടി. ഒരുവിഭാഗം അസോസിയേഷന്റെ ജ്വല്ലറികളിൽ വില ഗ്രാമിന് 55 രൂപ ഉയർന്ന് 6,835 രൂപയിലെത്തിയപ്പോൾ മറ്റൊരു വിഭാഗം അസോസിയേഷൻ നൽകിയ വില 50 രൂപ കൂട്ടി 6,795 രൂപയാണ്. വെള്ളിവില ഗ്രാമിന് 102 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
എന്തുകൊണ്ട് സ്വർണവില തിരിച്ചുകയറി?
ചൈനയും യുഎസും തമ്മിലെ വ്യാപാരയുദ്ധം കൂടുതൽ വഷളാവുകയും ഡോളറിന്റെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തതോടെ ‘സുരക്ഷിത നിക്ഷേപപ്പെരുമ’ കിട്ടിയ സ്വർണവില രാജ്യാന്തരതലത്തിൽ വീണ്ടും മുന്നേറ്റം തുടങ്ങി. കഴിഞ്ഞവാരം കുറിച്ച ഔൺസിന് 3,169.99 ഡോളർ എന്ന സർവകാല റെക്കോർഡിൽ നിന്ന് ഇന്നലെ 2,960 ഡോളറിലേക്ക് കൂപ്പുകുത്തിയ സ്വർണവില, ഇന്ന് വീണ്ടും 3,009 ഡോളറിലേക്ക് കയറി. ഇന്ന് ഒറ്റദിവസത്തെ മുന്നേറ്റം മാത്രം 40 ഡോളറിലധികം.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 102 നിലവാരത്തിലേക്ക് ഇടിഞ്ഞെങ്കിലും ഇന്ത്യൻ റുപ്പിക്ക് ആ അവസരം മുതലെടുത്ത് കുതിക്കാനായില്ല. രൂപ ഇന്നും ഡോളറിനെതിരെ ഇടിയുകയാണുണ്ടായത്.
ഇന്നും രാവിലെ വ്യാപാരം ആരംഭിച്ചത് 31 പൈസ ഇടിഞ്ഞ് 86.57ൽ. ചൈനീസ് യുവാൻ അടക്കം മറ്റ് ഏഷ്യൻ കറൻസികൾ നേരിടുന്ന സമ്മർദവും റിസർവ് ബാങ്കിന്റെ പലിശനയവുമാണ് രൂപയെ വലയ്ക്കുന്നത്. രൂപ ഇടിഞ്ഞതോടെ, ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിച്ചെലവ് വർധിക്കും. ഇതും ഇന്ത്യയിൽ ഇന്ന് സ്വർണവില വർധനയുടെ ആക്കംകൂട്ടി.
പണിക്കൂലി ഉൾപ്പെടെ വില
3 ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. സ്വർണാഭരണം വാങ്ങുമ്പോൾ ജിഎസ്ടിക്ക് പുറമെ 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയുമുണ്ട്. പണിക്കൂലി 3 മുതൽ 30 ശതമാനം വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ 71,780 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,972 രൂപയും.