കേരളത്തിന്റെ കായിക മേഖലയിൽ വലിയൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ് ഐടി ഭീമൻ ഐബിഎസ് സോഫ്റ്റ്വെയറിന്റെ എക്സിക്യൂട്ടീവ് ചെയർമാനും സൂപ്പർ ലീഗ് കേരളയിലെ കാലിക്കറ്റ് എഫ്സി ഫ്രാഞ്ചൈസിയുടെ ഉടമയുമായ വി.കെ.മാത്യൂസ്. സംസ്ഥാനത്ത് ഫുട്ബോളിന്റെ വളർച്ച ലക്ഷ്യമിട്ട് ഏകദേശം 100 കോടി രൂപയുടെ ബൃഹത്തായ പദ്ധതിയാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യാന്തര നിലവാരത്തിലുള്ള ഫുൾ സൈസ് ഫുട്ബോൾ ഗ്രൗണ്ട്, കാണികൾക്കായി അത്യാധുനിക ഗാലറി, പരിശീലന സൗകര്യങ്ങൾ, പാർപ്പിട സംവിധാനം, ജിംനേഷ്യം, സ്വിമ്മിങ് പൂൾ എന്നിവ ഉൾപ്പെടുന്ന സമുച്ചയമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
കാലിക്കറ്റ് എഫ്സിയുടെ ഫസ്റ്റ് ടീമിനും അണ്ടർ-23 ടീമിനും ഈ സൗകര്യം പ്രയോജനപ്പെടും. കോഴിക്കോട് നഗരത്തിൽ തന്നെ ഈ സ്റ്റേഡിയം യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനായുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് വി.കെ.മാത്യൂസ് വ്യക്തമാക്കി. രണ്ടു മുതൽ മൂന്നു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് നീക്കം.
ഭാവിയിൽ ഫുട്ബോൾ അക്കാദമിയും സമുച്ചയത്തിന്റെ ഭാഗമായി പ്രവർത്തിക്കും. എട്ടു വയസ്സ് മുതൽ പ്രായമുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്ന റസിഡൻഷ്യൽ അക്കാദമി ഇതിൽ ഉൾപ്പെടുന്നു.
പദ്ധതിയെക്കുറിച്ച് വി.കെ.മാത്യൂസ് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ: ‘‘ലോകകപ്പ് കളിക്കുന്ന നെതർലൻഡ്സ്, ബൽജിയം, പോർച്ചുഗൽ തുടങ്ങിയ ഫുട്ബോൾ ഭീമൻമാരെക്കാൾ ജനസംഖ്യയുണ്ട് കേരളത്തിൽ. നമുക്കു പ്രതിഭയുമുണ്ട്.
ശരിയായ സൗകര്യവും പരിശീലനങ്ങളും നൽകിയാൽ കേരളത്തിനു തന്നെ ഇന്ത്യൻ ടീമിനെ സംഭാവന ചെയ്യാൻ കഴിയും. 2030ൽ കേരളമെന്നു പറഞ്ഞാൽ, ടൂറിസം മാത്രമാകരുത്, ഫുട്ബോൾ കൂടിയാകണം.
കേരളമാണ് ഇന്ത്യയുടെ ഫുട്ബോൾ തലസ്ഥാനമെന്നു ലോകം പറയണം; അതിനാണു ഞങ്ങളുടെ ശ്രമം’’ സാമ്പത്തിക ലാഭത്തിനപ്പുറം കായിക മേഖലയോടുള്ള തന്റെ അഭിനിവേശമാണ് ഇത്തരം വലിയൊരു നിക്ഷേപത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

