
ഇന്ത്യ ഉൾപ്പെടെ 180ലേറെ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കത്തിന്മേൽ ചർച്ചകൾക്ക് തയാറാണെന്ന് യുഎസ് സൂചിപ്പിച്ചതിനെ തുടർന്ന് ഓഹരി വിപണികൾക്ക് കരകയറ്റം. യുഎസ് ഓഹരി സൂചികകളായ ഡൗ ജോൺസ് 1,400 പോയിന്റും (+3.30%) എസ് ആൻഡ് പി500 സൂചിക 172 പോയിന്റും (+3.40%) നാസ്ഡാക് 604 പോയിന്റും (+3.94%) ഉയർന്നാണ് ഇപ്പോൾ വ്യാപാരം ചെയ്യുന്നത്.
ഏകദേശം 70 രാജ്യങ്ങൾ നിലവിൽ യുഎസുമായി ചർച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചതായി വൈറ്റ്ഹൗസ് വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളിൽ ഓഹരി വിപണിയുടെ കനത്ത വീഴ്ചയെ തുടർന്ന് തരിപ്പണമായ ആപ്പിൾ ഓഹരികൾ ഇപ്പോൾ 4% ഉയർന്ന് വ്യാപാരം ചെയ്യുന്നു.
എൻവിഡിയ, മെറ്റ, ടെസ്ല, ആമസോൺ, നെറ്റ്ഫ്ലിക്സ് എന്നിവയും 4-6% ഉയർന്നിട്ടുണ്ട്. ഡോണൾഡ് ട്രംപ് (Photo by Mandel NGAN / AFP)
ജാപ്പനീസ് ഓഹരി വിപണിയായ നിക്കേയ് 6.03 ശതമാനവും ഓസ്ട്രേലിയൻ സൂചിക എഎസ്എക്സ്200 2.27 ശതമാനവും യൂറോപ്പിൽ സ്റ്റോക്സ്600 (Stoxx 600) 3.5 ശതമാനവും ജർമനിയുടെ ഡാക്സ് (DAX) 3.35 ശതമാനവും ലണ്ടനിൽ എഫ്ടിഎസ്ഇ 3.44 ശതമാനവും ഉയർന്നു.
Image : iStock/sunxsand
ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഭീമമായ തകർച്ചകളിലൊന്ന് നേരിട്ട ഇന്ത്യൻ ഓഹരി സൂചികകളും ഇന്ന് മികച്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
തിങ്കളാഴ്ച 3,914 പോയിന്റ് കൂപ്പുകുത്തിയ സെൻസെക്സ് ഇന്ന് 1,089 പോയിന്റും ഇന്നലെ 1,146 പോയിന്റ് ഇടിഞ്ഞ നിഫ്റ്റി 374 പോയിന്റും കരകയറി. ഇന്നലെ ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് 14.09 ലക്ഷം കോടി രൂപ കൊഴിഞ്ഞുപോയിരുന്നു. ഇന്ന് 7.32 ലക്ഷം കോടി രൂപ തിരികെപ്പിടിക്കാനും കഴിഞ്ഞു.
പകരച്ചുങ്കത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് സാരമായ പരുക്കേൽക്കില്ലെന്ന വിലയിരുത്തൽ, റിസർവ് ബാങ്ക് വീണ്ടും പലിശഭാരം കുറയ്ക്കുമെന്ന പ്രതീക്ഷ, കഴിഞ്ഞദിവസങ്ങളിലെ ഇടിവുമൂലം കുത്തനെ വിലകുറഞ്ഞ ഓഹരികളിൽ ദൃശ്യമായ വാങ്ങൽ ട്രെൻഡ് (ബൈ ദ ഡിപ്പ്), ക്രൂഡ് ഓയിൽ വിലയിടിവ് തുടങ്ങിയ അനുകൂല ഘടകങ്ങളുടെ കരുത്തിലുമാണ് ഇന്ത്യൻ ഓഹരികൾ കരകയറിയത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]