ശ്രീലങ്കയിൽ നിന്നുള്ള ഇറക്കുമതി ഭീഷണിയും നിലവാരംകുറഞ്ഞ ഇനമുയർത്തുന്ന വെല്ലുവിളിയും താങ്ങാനാവാതെ വിലയിടിവിന്റെ ട്രാക്കിലായി കേരളത്തിന്റെ കുരുമുളക്. കൊച്ചി വിപണിയിൽ കഴി‍ഞ്ഞവാരത്തെ അപേക്ഷിച്ച് 600 രൂപയുടെ ഇടിവുണ്ടായി. പച്ചത്തേങ്ങാ ഉൽപാദനം മെച്ചപ്പെടുന്നെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തിൽ വെളിച്ചെണ്ണ താഴ്ന്നു. കൊച്ചിയിൽ ക്വിന്റലിന് 300 രൂപയാണ് കുറഞ്ഞത്.

രാജ്യാന്തര റബർ വില ആർഎസ്എസ്-4ന് കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിൽ തുടരുന്നു. എന്നാൽ, കേരളത്തിൽ 200ലേക്ക് എത്താൻ മടിച്ചുനിൽക്കുകയാണ്. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു വില കഴി‍ഞ്ഞയാഴ്ചയെ അപേക്ഷിച്ച് 1,000 രൂപയിടിഞ്ഞു. ഇഞ്ചിക്ക് മാറ്റമില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകളും കുറഞ്ഞ വിലനിലവാരത്തിൽ നിൽക്കുന്നു. 

ഏലയ്ക്കയ്ക്ക് ഡിമാൻഡുണ്ടെങ്കിലും വിലയെ അതു സ്വാധീനിക്കുന്നില്ല. ലേല കേന്ദ്രങ്ങളിലെത്തുന്ന ചരക്ക് ഏതാണ്ട് മുഴുവനായും വിറ്റഴിയുന്നുണ്ട്. അതേസമയം, പ്രതീക്ഷിച്ച മഴ ഇനിയും കിട്ടാത്തത് ഉൽപാദനത്തെ ബാധിക്കുമോയെന്ന ടെൻഷനിലാണ് കർഷകർ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

English Summary:

Kerala Commodity Price: Black pepper, coconut oil prices fell, rubber remains steady