ന്യൂഡൽഹി∙ മലയാളി ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91’ വിമാനക്കമ്പനിക്ക് 2 പുതിയ വിമാനങ്ങൾ കൂടി വരുന്നു. ഇതോടെ ആകെ വിമാനങ്ങളുടെ എണ്ണം ആറാകും.
ദുബായ് എയറോസ്പേസ് എന്റർപ്രൈസിൽ നിന്ന് 2 എടിആർ 72–600 ടർബോപ്രോപ്പ് വിമാനങ്ങളാണ് ലീസിനെടുത്ത്. ഈ മാസം അവസാനത്തോടെ ഫ്രാൻസിലെ ടുളൂസിൽ നിന്ന് വിമാനങ്ങളെത്തും.
ഹുബ്ബള്ളി (കർണാടക), രാജ്മുണ്ഡ്രി, വിജയവാഡ (ആന്ധ്രപ്രദേശ്), നാന്ദേഡ് (മഹാരാഷ്ട്ര), ദബോലിം (ഗോവ) എന്നിവിടങ്ങൾ ബന്ധിപ്പിച്ചായിരിക്കും സർവീസുകൾ.
തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽകുന്ന ‘ഫ്ലൈ 91 എയർലൈൻസ്’ ഗോവ കേന്ദ്രമായി 2023ലാണ് ആരംഭിച്ചത്. നിലവിൽ ഗോവ, പുണെ, ഹൈബാരാബാദ്, ബെംഗളൂരു, ലക്ഷദ്വീപ് അടക്കം 8 ഇടങ്ങളിലേക്ക് ഫ്ലൈ91 സർവീസ് നടത്തുന്നുണ്ട്.
അടുത്ത 5 വർഷത്തിനുള്ളിൽ 50 നഗരങ്ങളെ ബന്ധിപ്പിക്കാനാണ് പദ്ധതി. ഇതിൽ കേരളത്തിലെ നഗരങ്ങളുമുണ്ടാകുമെന്നാണ് സൂചന.
സർവീസിനായി ആകെ 30 വിമാനങ്ങളുമെത്തും. 72 പേരെ വഹിക്കാവുന്ന എടിആർ 72–600 മോഡൽ വിമാനങ്ങളാണ് ‘ഫ്ലൈ91’ ഉപയോഗിക്കുന്നത്.
പ്രാദേശിക എയർലൈൻ ആയതിനാൽ ഇന്ത്യയിലെ ടിയർ–2, ടിയർ–3 നഗരങ്ങളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ മലയാളി ഉടമസ്ഥതയിലുള്ള ഏക വിമാനക്കമ്പനിയാണ് ‘ഫ്ലൈ91’.
ഇന്ത്യയുടെ ടെലിഫോൺ കോഡ് ആയ 91 സൂചിപ്പിച്ചാണു കമ്പനിക്കു പേരിട്ടിരിക്കുന്നത്. കിങ്ഫിഷർ എയർലൈൻസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന് വ്യോമയാന മേഖലയിൽ വർഷങ്ങളുടെ അനുഭവ പരിചയമുണ്ട്.
2.59 ലക്ഷം യാത്രക്കാർ
2025ൽ ജനുവരി മുതൽ നവംബർ വരെ മാത്രം 2.59 ലക്ഷം യാത്രക്കാരാണ് ‘ഫ്ലൈ91’ സർവീസുകൾ ഉപയോഗിച്ചതെന്നാണ് ഡിജിസിഎയുടെ കണക്ക്.
മുൻവർഷമിത് 62,000 പേരായിരുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ പ്രതിമാസം 33,000 യാത്രക്കാർ സർവീസ് ഉപയോഗിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

