യുവേഫ ചാമ്പ്യൻസ് ലീഗിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ നോർവീജിയൻ ക്ലബ്ബായ വൈക്കിങ് 3-3 എന്ന സ്കോറിൽ സമനിലയിൽ തളച്ച മത്സരത്തിൽ കളം നിറഞ്ഞത് നാടകീയ മുഹൂർത്തങ്ങൾ. മത്സരത്തിൽ ജർമൻ നിരയ്ക്കായി തിളങ്ങിയ മൈക്കൽ ഒലിസെ, ഹാരി കെയ്ൻ എന്നിവരുടെ പ്രകടനങ്ങളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് പ്രധാന ചർച്ചാവിഷയമായിരിക്കുന്നത്.
മത്സരത്തിൽ 3-2 എന്ന നിലയിൽ ബയേൺ മ്യൂണിക്ക് മുന്നിൽ നിൽക്കെ, മൈക്കൽ ഒലിസെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു. മത്സരശേഷം പ്രതികരിച്ച ബയേൺ കോച്ച് വിൻസെന്റ് കൊംബാനി, താരം മണ്ടത്തരം കാണിച്ച് കാർഡ് വാങ്ങി കൂട്ടുകയായിരുന്നുവെന്ന് തുറന്നടിച്ചു.
പത്ത് പേരായി ചുരുങ്ങിയ ജർമൻ സംഘത്തിനെതിരെ തൊണ്ണൂറാം മിനിറ്റിൽ ഗോൾ നേടിയാണ് വൈക്കിങ് ആവേശകരമായ സമനില പിടിച്ചെടുത്തത്. ഈ വിലക്ക് കാരണം അടുത്ത ആഴ്ച ആഴ്സണലിനെതിരെ നടക്കുന്ന നിർണായക മത്സരം മൈക്കൽ ഒലിസെയ്ക്ക് നഷ്ടമാകും.
എതിർ ടീമിന്റെ പ്രത്യാക്രമണം തടയുന്നതിനിടെ ജഴ്സിയിൽ പിടിച്ചുവലിച്ചതിന് ഒലിസെയ്ക്ക് റഫറി ആദ്യ മഞ്ഞക്കാർഡ് നൽകിയിരുന്നു. എന്നാൽ റഫറി കാർഡ് ഉയർത്തുന്നതിനിടെ, വൈക്കിങ് ക്യാപ്റ്റൻ ട്രിപിക്സിന്റെ മുഖത്തേക്ക് താരം പന്ത് വലിച്ചെറിയുകയായിരുന്നു.
ഇതോടെ രണ്ടാം മഞ്ഞക്കാർഡും പിറന്നതോടെ താരം സ്വയം പുറത്തേക്ക് വഴിയൊരുക്കുകയായിരുന്നു. അതേസമയം, ഇംഗ്ലീഷ് മുന്നേറ്റനിര താരമായ ഹാരി കെയ്ൻ മത്സരത്തിൽ ഇരട്ട
ഗോൾ നേടി തന്റെ ഉജ്ജ്വല ഫോം ചാമ്പ്യൻസ് ലീഗിൽ ആവർത്തിച്ചു. തുടർച്ചയായ ഒമ്പതാം മത്സരത്തിലാണ് താരം ഗോൾ കണ്ടെത്തുന്നത്.
ഈ പ്രകടനത്തിലൂടെ പോളണ്ട് സ്ട്രൈക്കർ റോബർട് ലെവൻഡോസ്കി, ഡച്ച് താരം റുഡ് വാൻ നിസ്റ്റൽ റൂയ് എന്നിവരുടെ റെക്കോർഡിനൊപ്പമെത്താൻ കെയ്ന് സാധിച്ചു. നിലവിൽ തുടരെ പതിനൊന്ന് മത്സരങ്ങളിൽ ഗോളടിച്ച പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് കെയ്ന് മുന്നിലുള്ളത്.
ഇനി വരുന്ന രണ്ട് മത്സരങ്ങളിലും കൂടി ഗോളടിക്കാൻ സാധിച്ചാൽ ക്രിസ്റ്റ്യാനോയുടെ റെക്കോർഡിനൊപ്പം എത്തുവാൻ ഈ ഇംഗ്ലീഷ് താരത്തിന് കഴിയും. റയൽ മാഡ്രിഡ് താരമായിരുന്ന കാലത്ത് 2016-17, 2017-18 സീസണുകളിലായിട്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഈ സുവർണ്ണ റെക്കോർഡ് കുറിച്ചത്.
ആ പതിനൊന്ന് മത്സരങ്ങളിൽ നിന്നായി പോർച്ചുഗീസ് സൂപ്പർ താരം അടിച്ചുകൂട്ടിയത് 17 ഗോളുകളായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

