പുതുവർഷത്തെ വരവേറ്റ നാം 2026ൽ പുതിയ സർക്കാരിനെ സ്വീകരിക്കാൻ തയാറെടുക്കുകയാണ്. അടിസ്ഥാനപരമായ ഒരു ചോദ്യം കൂടി ചോദിക്കേണ്ട
സമയമാണിത്– അടുത്ത കാൽനൂറ്റാണ്ടിൽ കേരളം ഏത് പാതയിലൂടെ സഞ്ചരിക്കണം? സഹസ്രാബ്ദത്തിന്റെ തുടക്കം മുതൽ ഇന്ത്യയ്ക്കു സംഭവിച്ചതു വലിയമാറ്റമാണ്.
2000നു ശേഷം രാജ്യത്തിന്റെ ജിഡിപി 8 മടങ്ങിലധികം വർധിച്ചു. ജനസംഖ്യ വർധന 38%.
ഇന്ന് പിപിപി (പർച്ചേസിങ് പവർ പാരിറ്റി) അടിസ്ഥാനത്തിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ഈ യാത്രയുടെ വ്യാപ്തിയും വേഗവും പ്രചോദനാത്മകമാണ്.
കേരളവും പുരോഗതി കൈവരിച്ചിട്ടുണ്ട്.
പക്ഷേ, വേണ്ടത്ര അളവിലോ വേഗത്തിലോ ആയിട്ടില്ലെന്നു മാത്രം. സാക്ഷരതയിലും ആരോഗ്യരംഗത്തും നേരത്തേ കൈവരിച്ച നേട്ടങ്ങളെ സുസ്ഥിരമായ സാമ്പത്തിക നേട്ടമാക്കി മാറ്റാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ല.
സംസ്ഥാനത്തിന്റെ സ്ഥിതി ഇപ്പോൾ ആശങ്കാജനകമാണ്. വിദേശത്തേക്കുള്ള പ്രതിഭകളുടെ ഒഴുക്ക്, കുറഞ്ഞ മൂലധനനിക്ഷേപം, ഇറക്കുമതി ഉൽപന്നങ്ങളെ അമിതമായി ആശ്രയിക്കൽ എന്നിവ നാം നേരിടുന്നു.
പ്രവാസിപ്പണത്തിൽ അധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥയായി നാം മാറി.
പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ ഒരുങ്ങുമ്പോൾ, നാം ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ കേരളത്തെ രൂപപ്പെടുത്തുന്നവയായി മാറും. താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച ഇടമായി കേരളം മാറണമെന്ന വലിയ ലക്ഷ്യമാണ് നമുക്കുണ്ടാകേണ്ടത്.
ഇതു സാധ്യമാക്കാൻ സംസ്ഥാനം അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമാകേണ്ടതുണ്ട്. സർക്കാർ ഒരു ‘ബിസിനസ് ഓപ്പറേറ്റർ’ എന്ന നിലയിൽ പ്രവർത്തിക്കുന്ന കാലം അവസാനിക്കണം.
പകരം, സൗകര്യങ്ങൾ ഒരുക്കി നൽകുന്ന ‘എനേബ്ലർ’ (Enabler) ആയി മാറണം.
താഴെ പറയുന്ന 4 തന്ത്രപ്രധാനമായ കാര്യങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചാൽ, സംരംഭകത്വമുള്ള മലയാളികൾ ബാക്കി കാര്യങ്ങൾ ചെയ്തുകൊള്ളും. 1.
അടിസ്ഥാന സൗകര്യങ്ങൾ:
ശുചിത്വവും സുരക്ഷിതത്വവും–അടിസ്ഥാന സൗകര്യങ്ങളെ രണ്ടു പ്രത്യേക കാഴ്ചപ്പാടുകളിലൂടെ കാണണം. ശുചിത്വമുള്ള കേരളമാണ് ആദ്യത്തേത്.
ശാസ്ത്രീയമായ മാലിന്യ സംസ്കരണം, വൃത്തിയുള്ള ചുറ്റുപാടുകൾ, ശുദ്ധമായ ജലാശയങ്ങൾ, ആരോഗ്യകരമായ ജീവിതത്തിനായി ആസൂത്രണം ചെയ്ത നഗരങ്ങൾ എന്നിവയാണ് വേണ്ടത്. സുരക്ഷിത കേരളം: സുരക്ഷിതവും കാര്യക്ഷമവുമായ റോഡുകൾ, വേഗമേറിയ നഗര ഗതാഗത സംവിധാനം, ശുദ്ധജലം, വിഷമില്ലാത്ത ഭക്ഷണം, മികച്ച ദുരന്തനിവാരണ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
2. പ്രതിഭകളെ സൃഷ്ടിക്കൽ, നിലനിർത്തൽ, വിനിയോഗം
പ്രതിഭകളാണ് കേരളത്തിന്റെ ഏറ്റവും വലിയ ശക്തി.
എന്നാൽ, നിലവിൽ അത് നമ്മുടെ വലിയ ബലഹീനതകൂടിയാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാനപരമായ മാറ്റം വേണം.
രാഷ്ട്രീയ നിയന്ത്രണങ്ങളിൽ നിന്നു മുക്തമായി ഇവ അക്കാദമിക്, ഗവേഷണ മികവിനു മാത്രം മുൻഗണന നൽകണം. ഇന്ത്യയുടെ ഭാവി പരമാധികാരം സാങ്കേതിക സ്വയംപര്യാപ്തതയെ (Technology autonomy) ആശ്രയിച്ചിരിക്കും. കേരളം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ ലോകോത്തര ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിച്ച് ഈ മുന്നേറ്റം പ്രയോജനപ്പെടുത്തണം.
3.
നയപരമായ പരിഷ്കാരങ്ങൾ: വേഗത്തിലുള്ള മാറ്റം
സർക്കാരിന് നടപ്പാക്കാൻ കഴിയുന്ന ഏറ്റവും ചെലവുകുറഞ്ഞ ഇടപെടലാണ് നയപരമായ പരിഷ്കാരം. നമ്മുടെ പല നിയമങ്ങളും കാലഹരണപ്പെട്ടതും വികസനത്തിനു തടസ്സം നിൽക്കുന്നതുമാണ്.
സംരംഭങ്ങളെ വളരാൻ അനുവദിക്കണം. യുവാക്കളെ ഇവിടെത്തന്നെ നിലനിർത്തുന്ന തരത്തിലുള്ള, ഉയർന്ന നിലവാരമുള്ള ജോലികൾ സൃഷ്ടിക്കണം.
4.
ക്ഷേമം: നമ്മുടെ അടിത്തറ ശക്തിപ്പെടുത്തൽ
ക്ഷേമപ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിനു മാതൃകയാണെങ്കിലും ദുർബല വിഭാഗങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് പരിഷ്കൃത സമൂഹം വിലയിരുത്തപ്പെടുന്നത്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പിന്തുണാസംവിധാനങ്ങൾ ശക്തവും സുസ്ഥിരവുമാകണം.
5.നേടണം, സാമ്പത്തിക കരുത്ത്
ഈ കാഴ്ചപ്പാട് നടപ്പാക്കാൻ സാമ്പത്തിക കരുത്ത് ആവശ്യമാണ്.
അതാണ് നിലവിൽ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കർശനമായ ധനനിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനം, വരുമാനം വർധിപ്പിക്കാനുള്ള കൂടുതൽ വഴികൾ കണ്ടെത്തണം.
ധൂർത്ത് അവസാനിപ്പിക്കുകയും വേണം. നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയും കോർപറേഷനുകളുടെയും പരിഷ്കരണവും അനിവാര്യമാണ്.
രാഷ്ട്രീയ താൽപര്യങ്ങൾ സാമ്പത്തിക ഭദ്രത തകർക്കാൻ അനുവദിക്കരുത്. പലപ്പോഴും കേരളം സ്വന്തം രാഷ്ട്രീയ പ്രക്രിയകളുടെ ഇരയായി മാറിയിട്ടുണ്ട്.
പൊതുചർച്ചകൾ ദീർഘകാല പുരോഗതിക്ക് പകരം തിരഞ്ഞെടുപ്പ് തന്ത്രങ്ങളായി മാറുകയാണ്. നിലവിലുള്ള സ്ഥിതിഗതികളെ വെല്ലുവിളിക്കാൻ തയാറുള്ള ധീരമായ നേതൃത്വമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.
അത്തരം നേതൃത്വത്തിന് പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും പിന്തുണ ലഭിക്കും.
(ലേഖകൻ – വി.കെ.മാത്യൂസ്, സ്ഥാപകൻ, എക്സിക്യൂട്ടീവ് ചെയർമാൻ, ഐബിഎസ് സോഫ്റ്റ്വെയർ) ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

