രാജ്യത്ത് ജനപ്രീതി നേടിയ പിഎം സൂര്യ ഘർ പുരപ്പുറ സോളർ സബ്സിഡി പദ്ധതിയുടെ കാലാവധി നീട്ടിനൽകാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. നിലവിൽ 2027 മാർച്ച് 31 വരെയാണ് ഈ പദ്ധതിയുടെ കാലാവധി നിശ്ചയിച്ചിട്ടുള്ളത്.
പരമാവധി 78,000 രൂപ വരെയാണ് പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുന്നത്. ഇതുവരെ 80.79 ലക്ഷം കുടുംബങ്ങളാണ് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചത്.
ഇതിൽ 55.43 ലക്ഷം വീടുകളിൽ ഇതിനകം പുരപ്പുറ സോളർ സംവിധാനങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു. മാർച്ചിനകം ഒരു കോടി വീടുകളിൽ സോളർ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, കുറഞ്ഞത് 90 ലക്ഷം വീടുകളിലെങ്കിലും ഈ സംവിധാനം എത്തിക്കാൻ സാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.
ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി പദ്ധതിയുടെ കാലാവധി മൂന്നോ നാലോ മാസത്തേക്ക് കൂടി ദീർഘിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞ ഒക്ടോബറിലെ കണക്കുപ്രകാരം രാജ്യത്ത് പ്രതിദിനം ശരാശരി 5000 വീടുകളിലാണ് സോളർ പാനലുകൾ സ്ഥാപിച്ചിരുന്നതെങ്കിൽ, ഈ വർഷം ജൂലൈ ആയപ്പോഴേക്കും ഇത് പ്രതിദിനം 16,300 കവിഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതിക്ക് പുറമെ തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളും സോളർ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വന്തം നിലയിൽ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം പരമാവധി 78,000 രൂപ സബ്സിഡി നൽകുമ്പോൾ തമിഴ്നാട് അത് ഒരുലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.
പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് സോളർ പാനലുകൾ സൗജന്യമായി നൽകുമെന്നാണ് ഡൽഹി സർക്കാരിന്റെ പ്രഖ്യാപനം. നിലവിൽ ഒരു കിലോവാട്ട് സോളർ സിസ്റ്റത്തിന് 30,000 രൂപ വരെയും, രണ്ട് കിലോവാട്ടിന് 60,000 രൂപ വരെയും, മൂന്ന് കിലോവാട്ടിന് പരമാവധി 78,000 രൂപ വരെയുമാണ് കേന്ദ്രം സബ്സിഡി അനുവദിക്കുന്നത്.
കൂടാതെ, പിഎം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജനയുടെ രണ്ടാംഘട്ടം (2.0) അടുത്ത സാമ്പത്തിക വർഷത്തോടെ ആരംഭിക്കാനും സാധ്യതയുണ്ട്. ഉപയോക്താക്കൾക്ക് കൂടുതൽ വായ്പാ സൗകര്യങ്ങൾ, ദീർഘകാല സർവീസ്, റൂഫ്ടോപ് ഷെയറിങ്, മികച്ച ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവ രണ്ടാംഘട്ടത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.
സ്വന്തമായി അനുയോജ്യമായ മേൽക്കൂര ഇല്ലാത്ത വീടുകൾക്ക് സമീപത്തുള്ള മറ്റൊരു വീടിന്റെ മേൽക്കൂരയിൽ സോളർ സ്ഥാപിച്ച് വൈദ്യുതി ഉപയോഗിക്കാൻ സാധിക്കുന്ന സൗകര്യവും ഇതിന്റെ പ്രത്യേകതയായിരിക്കും. രാജ്യത്ത് പിഎം സൂര്യ ഘർ പദ്ധതി നടപ്പിലാക്കുന്നതിൽ ഗുജറാത്തും മഹാരാഷ്ട്രയുമാണ് മുന്നിൽ നിൽക്കുന്നത്.
ഗുജറാത്തിൽ 12.10 ലക്ഷം അപേക്ഷകരുള്ളതിൽ 11.72 ലക്ഷം വീടുകളിൽ പദ്ധതി എത്തിയിട്ടുണ്ട്. ഇവർ ആകെ 6030.3 കോടി രൂപ സബ്സിഡിയും നേടി.
മഹാരാഷ്ട്രയിൽ 15.12 ലക്ഷം അപേക്ഷകരിൽ 11.97 ലക്ഷം വീടുകളിൽ സോളർ സ്ഥാപിക്കുകയും 5492.85 കോടി രൂപ സബ്സിഡി നേടുകയും ചെയ്തു. ഉത്തർപ്രദേശിൽ 12.26 ലക്ഷം അപേക്ഷകരിൽ 8.11 ലക്ഷം വീടുകളിൽ പദ്ധതി നടപ്പിലായപ്പോൾ 5276.88 കോടി രൂപയാണ് സബ്സിഡിയായി ലഭിച്ചത്.
നാലാം സ്ഥാനത്തുള്ള കേരളം ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. കേരളത്തിൽ 4.43 ലക്ഷം അപേക്ഷകരാണുള്ളത്.
ഇതിൽ 3.45 ലക്ഷം വീടുകളിൽ പദ്ധതി സ്ഥാപിച്ചതിലൂടെ 1313.03 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കാൻ സാധിച്ചു. ആകെ 2248.54 കോടി രൂപയാണ് സംസ്ഥാനം സബ്സിഡിയായി നേടിയത്.
ആന്ധ്രപ്രദേശിൽ 3.69 ലക്ഷം വീടുകളിൽ പദ്ധതിയുണ്ടെങ്കിലും സ്ഥാപിതശേഷി 1046.81 മെഗാവാട്ടും സബ്സിഡി നേട്ടം 1897.09 കോടി രൂപയുമാണ്. കർണാടകയിൽ സ്ഥാപിതശേഷി 102 മെഗാവാട്ടും, പദ്ധതിയിലെത്തിയ വീടുകൾ 37,959ഉം, സബ്സിഡി 177.23 കോടി രൂപയുമാണ്.
തമിഴ്നാട്ടിൽ 1.10 ലക്ഷം വീടുകളിലായി 347 മെഗാവാട്ട് ശേഷിയും 628.22 കോടി രൂപ സബ്സിഡിയും ലഭിച്ചു. തെലങ്കാനയിൽ സ്ഥാപിതശേഷി 228 മെഗാവാട്ടും സബ്സിഡി 361 കോടി രൂപയുമാണ്.
ലക്ഷദ്വീപിൽ 1267 വീടുകളിലും പുതുച്ചേരിയിൽ 5668 വീടുകളിലും പുരപ്പുറ സോളർ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിതശേഷി 20 മെഗാവാട്ടിൽ താഴെയാണെന്നും ലക്ഷദ്വീപുകാർ 10 കോടിയും പുതുച്ചേരിക്കാർ 36 കോടിയും സബ്സിഡിയായി നേടിയെന്നും കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

