കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടർന്ന മുന്നേറ്റത്തിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ കുറവ് രേഖപ്പെടുത്തി. അമേരിക്കയിൽ തൊഴിലവസരങ്ങൾ ഗണ്യമായി ഉയർന്നതിനെ തുടർന്ന് പലിശ നിരക്ക് വർധിക്കാനുള്ള സാധ്യത ശക്തമായതാണ് ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും തിരിച്ചടിയായത്.
അതേസമയം, പലിശ നിരക്ക് ഉയർത്തരുതെന്നും ലോകത്ത് ഏറ്റവും കുറഞ്ഞ പലിശ നിരപ്പുള്ള രാജ്യമായി അമേരിക്ക തുടരണമെന്നും യുഎസ് പ്രസിഡന്റ് ട്രംപ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രംപിന്റെ ഈ പ്രതികരണം അദ്ദേഹവും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവും തമ്മിലുള്ള തർക്കങ്ങൾ വീണ്ടും പരസ്യമായ ഏറ്റുമുട്ടലിലേക്ക് വഴിമാറുമോ എന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ട്രംപിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഫെഡറൽ റിസർവ് പലിശ വർധന നീട്ടിവെക്കുകയാണെങ്കിൽ, അത് സ്വർണവില വീണ്ടും തിരിച്ചു കയറുന്നതിന് അനുകൂല സാഹചര്യമൊരുക്കും. കേരളത്തിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 170 രൂപ കുറഞ്ഞ് 14,190 രൂപയായും, പവന് 1,360 രൂപ കുറഞ്ഞ് 1,13,520 രൂപയായും താഴ്ന്നു.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 63 ഡോളർ കുറഞ്ഞ് 4430 ഡോളറിൽ എത്തിയതാണ് കേരളത്തിലെ വിപണിയിലും ഇടിവിന് കാരണമായത്. യുഎസിലെ തൊഴിൽ വിപണി ശക്തമായത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്നതിന്റെ സൂചനയാണ് നൽകുന്നത്.
ഈ സാഹചര്യത്തിൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന പലിശനിരക്ക് ഉയർത്താൻ ഫെഡ് റിസർവ് തയ്യാറെടുത്തേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സമ്പദ്വ്യവസ്ഥ കരുത്താർജിച്ച സ്ഥിതിക്ക് പലിശ കൂട്ടിയാലും അത് താങ്ങാനുള്ള ശേഷി അമേരിക്കയ്ക്കുണ്ടെന്നാണ് ഫെഡറൽ റിസർവിന്റെ കണക്കുകൂട്ടൽ.
പലിശ നിരക്ക് വർധിക്കുകയാണെങ്കിൽ ഡോളറും ബോണ്ട് യീൽഡും കൂടുതൽ കരുത്താർജിക്കും. ഇത് ബാങ്ക് നിക്ഷേപങ്ങളെയും ബോണ്ട് നിക്ഷേപങ്ങളെയും കൂടുതൽ ആകർഷകമാക്കുകയും, സ്വർണ നിക്ഷേപങ്ങളിലേക്കുള്ള താൽപ്പര്യം കുറയ്ക്കുകയും ചെയ്യും.
ഡോളർ ശക്തി പ്രാപിക്കുന്നത് മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കി മാറ്റും, ഇത് വിപണിയിലെ ആവശ്യകതയെയും പ്രതികൂലമായി ബാധിക്കും. നിലവിൽ ഈ ഘടകങ്ങളാണ് വിലയിടിവിന് പ്രധാന കാരണം.
എന്നിരുന്നാലും, പലിശനിരക്ക് ഉയർത്താനുള്ള സാധ്യതകൾ മങ്ങുകയാണെങ്കിൽ ഡോളറും ബോണ്ട് യീൽഡും ഇടിയുകയും സ്വർണവില വീണ്ടും കുതിച്ചുയരുകയും ചെയ്യും. അതിനാൽ, ട്രംപിന്റെ മുന്നറിയിപ്പിനോട് യുഎസ് ഫെഡറൽ റിസർവ് എങ്ങനെ പ്രതികരിക്കും എന്ന ആകാംക്ഷയിലാണ് സ്വർണവ്യാപാര ലോകം.
സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 145 രൂപ കുറഞ്ഞ് 11,655 രൂപയായി. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 250 രൂപ എന്ന നിരക്കിൽ തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

