രാജ്യത്തെ സാധാരണക്കാർക്കും ബിസിനസ് സംരംഭങ്ങൾക്കും വൻ ആശ്വാസം സമ്മാനിച്ച് ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) സ്ലാബുകൾ വെട്ടിക്കുറച്ചും നിരക്കുകൾ താഴ്ത്തിയും ജിഎസ്ടി കൗൺസിലിന്റെ തലോടൽ. പാലിനും പനീറിനും ഉൾപ്പെടെ നിരവധി ഉൽപന്നങ്ങളുടെ ജിഎസ്ടി പൂർണമായും ഒഴിവാക്കി; വെണ്ണ, നെയ്യ്, കശുവണ്ടി, ബദാം, ചോക്ലേറ്റ്, ബിസ്കറ്റ്, കോൺഫ്ലേക്സ്, സൂപ്പ്, ബിസ്കറ്റ്, ജാം, കണ്ടൻസ്ഡ് മിൽക്, ഐസ്ക്രീം തുടങ്ങി നിരവധി ഉൽപന്നങ്ങളുടെ നികുതി നിലവിലെ 12-18% എന്നതിൽ നിന്ന് 5 ശതമാനത്തിലേക്കും താഴ്ത്തി.
12%, 28% സ്ലാബുകൾ പൂർണമായി ഒഴിവാക്കിക്കൊണ്ടാണ് ജിഎസ്ടി കൗൺസിലിന്റെ നടപടി.
നേരത്തേ 12% സ്ലാബിലുള്ളവയെ 5% സ്ലാബിലേക്ക് താഴ്ത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, 18% സ്ലാബിലുള്ള നിരവധി ഉൽപന്നങ്ങളും 5 ശതമാനത്തിലേക്ക് മാറിയെന്നതും ജനങ്ങൾക്ക് വൻ നേട്ടമാകും.
28% സ്ലാബിൽ നിലവിലുള്ള ആഡംബര ഉൽപന്നങ്ങൾ/സേവനങ്ങൾ, ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട സിഗരറ്റ്, പാൻ മസാല പോലുള്ള ഉൽപന്നങ്ങൾ (സിൻ പ്രോഡക്ട്സ്) എന്നിവയെ 40% എന്ന പ്രത്യേക ജിഎസ്ടി സ്ലാബ് രൂപീകരിച്ച് അതിലേക്കുമാറ്റും.
പുതുക്കിയ ജിഎസ്ടി നിരക്കുകൾ നവരാത്രി ആഘോഷദിനാരംഭമായ സെപ്റ്റംബർ 22ന് പ്രാബല്യത്തിൽ വരും.
എന്നാൽ പാൻ മസാല, സിഗരറ്റ് തുടങ്ങി ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട ഉൽപന്നങ്ങൾക്ക് പുതുതായി ഏർപ്പെടുത്തിയ 40% നികുതി അന്നു പ്രാബല്യത്തിൽ വരില്ല.
അവയുടെ ജിഎസ്ടി തൽക്കാലം 28 ശതമാനത്തിൽതന്നെ തുടരുമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിനുശേഷം കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
കുടുംബങ്ങൾക്ക് വലിയ ആശ്വാസം
ജനങ്ങൾ നിത്യേന വാങ്ങുന്ന ഉൽപന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുമെന്നായിരുന്നു സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അതു ഏറക്കുറെ ശരിവയ്ക്കുന്ന നടപടിയുമാണ് ജിഎസ്ടി കൗൺസിലിൽ നിന്നുണ്ടായത്.
ഇക്കുറി നവരാത്രി-ദീപാവലി ആഘോഷക്കാലംതൊട്ട് വീട്ടിലേക്കുള്ള പാൽ മുതൽ കാർവരെ കുറഞ്ഞവിലയ്ക്ക് വാങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇത് ജീവിതച്ചെലവ് കുറയ്ക്കാൻ സഹായിക്കും.
ഉപഭോഗം വർധിക്കുമെന്നത് ഈ രംഗത്തെ സംരംഭങ്ങൾക്കും നേട്ടമാകും.
∙ ടിവി, എസി, റഫ്രിജറേറ്റർ, ഹെയർ ഓയിൽ, ഷാംപൂ, ഫെയ്സ് പൗഡർ തുടങ്ങിയവയ്ക്കും വില കുറയും. ∙ തെർമോമീറ്റർ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ, 2500 രൂപവരെയുള്ള പാദരക്ഷകൾ എന്നിവയ്ക്കും ഇനി കുറഞ്ഞവില.
∙ സിമന്റിന് നികുതി 5 ശതമാനമാക്കിയത് നിർമാണമേഖലയ്ക്ക് കരുത്താകും. ഭവന നിർമാണരംഗം ഉഷാറാകും.
∙ ബുക്ക്, പെൻസിൽ, ക്രയോൺസ് തുടങ്ങി പഠനോപകരണങ്ങൾക്ക് വില കുറയുന്നത് കുട്ടികളുടെ പഠനച്ചെലവും കുറയ്ക്കും. ∙ കാർഷികോപകരണങ്ങളുടെ ജിഎസ്ടി 12-18ൽ നിന്ന് ശതമാനത്തിലേക്ക് കുറച്ചു.
പുതിയ കാറും ടൂവീലറും
ഇന്ത്യക്കാർക്ക് ഇപ്പോൾ കൂടുതൽ പ്രിയം സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളോടാണ് (എസ്യുവി).
കേവലം വിലക്കുറവും ഉയർന്ന മൈലേജും എന്നതിനപ്പുറം സുരക്ഷ, സൗകര്യം എന്നിവയ്ക്കും ജനം ഊന്നൽ നൽകുന്നുവെന്ന് അത് സൂചിപ്പിക്കുന്നു. ഇന്ത്യയിൽ നിലവിൽ വിറ്റഴിയുന്ന പുതിയ കാറുകളിൽ ഏതാണ്ട് 60 ശതമാനവും ഇപ്പോൾ എസ്യുവികളാണ്.
എന്നാൽ, ഇന്ത്യക്കാരെ വീണ്ടും ചെറുകാറുകളിലേക്ക് (ഹാച്ച്ബാക്ക്സ്) ആകർഷിക്കാനുള്ള നടപടിയാണ് ജിഎസ്ടി കൗൺസിൽ എടുത്തിരിക്കുന്നത്.
ചെറുകാറുകളുടെയും 350 സിസി വരെ എൻജിൻ ശേഷിയുള്ള ടൂവീലറുകളുടെയും ജിഎസ്ടി 28ൽ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചു. മറ്റ് വാഹനങ്ങളുടെ നികുതി 28ൽ നിന്ന് 40 ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്തു.
എസ്യുവികൾക്ക് നിലവിൽ 28 ശതമാനമാണ് ജിഎസ്ടിയെങ്കിലും 22% വരെ സെസുമുണ്ട്.
ഫലത്തിൽ ഇവയുടെ ആകെ നികുതി നിലവിൽ 45-50 ശതമാനമാണ്. ഇത് 40 ശതമാനത്തിലേക്ക് കുറയും.
അതായത്, ഇവയുടെ നികുതിഭാരവും കുറയുകയാണ് ചെയ്യുക. ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) നികുതി നിലവിലെ 5 ശതമാനത്തിൽ തുടരും.
ഇൻഷ്വറൻസ് പ്രീമിയത്തിലും ആശ്വാസം, പക്ഷേ…
ദീർഘമായ ചർച്ചകൾക്കൊടുവിൽ ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി നിലവിലെ 18 ശതമാനത്തിൽനിന്ന് പൂജ്യമാക്കാനുള്ള തീരുമാനവും ജനങ്ങൾക്ക് വലിയ ആശ്വാസമാകും.
ഇനിയും ആരോഗ്യ ഇൻഷുറൻസ് എടുക്കാത്തവർക്ക് കുറഞ്ഞ സാമ്പത്തികച്ചെലവിൽ പരിരക്ഷ സ്വന്തമാക്കാനും രാജ്യത്ത് പരിരക്ഷ നേടുന്നവരുടെ എണ്ണം വർധിപ്പിക്കാനും ഈ നീക്കം സഹായിക്കും.
∙ നിലവിൽ നിങ്ങൾ 100 രൂപയാണ് ഇൻഷുറൻസ് പ്രീമിയം നൽകുന്നതെങ്കിൽ ഇതിനോടൊപ്പം 18 രൂപ കൂടി (18% ജിഎസ്ടി) ഇൻഷുറൻസ് കമ്പനികൾ ഈടാക്കുന്നുണ്ട് (ആകെ 118 രൂപ).
∙ ജിഎസ്ടി പൂജ്യമാക്കിയെങ്കിലും ആകെത്തുക 100 രൂപയായി കുറയില്ല. കാരണം, ഇൻഷുറൻസ് കമ്പനികൾ കമ്മിഷൻ ഉൾപ്പെടെ വിവിധി ചെലവുകളിന്മേലുള്ള ജിഎസ്ടിയായി 12.5 രൂപയോളം അടയ്ക്കുന്നുണ്ട്.
ഇത് ഒരുപക്ഷേ, ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയേക്കാം. അങ്ങനെയെങ്കിൽ പ്രീമിയം കുറയുക 118ൽ നിന്ന് 112.5 രൂപയായിട്ടാകും.
കുതിച്ചുകയറാൻ ഓഹരി വിപണി
ജിഎസ്ടി നിരക്കുകൾ കുറച്ചത് ഓഹരി വിപണിക്ക് പുത്തനാവേശമാകും.
എഫ്എംസിജി, വാഹനം, കൺസ്യൂമർ ഗുഡ്സ്, റിയൽറ്റി, ഇൻഷുറൻസ് കമ്പനികളുടെ ഓഹരികളിൽ പ്രതിഫലനം പ്രതീക്ഷിക്കാം. ഇന്നലെ നിഫ്റ്റി 135.45 പോയിന്റും (+0.55%), സെൻസെക്സ് 409.83 പോയിന്റും (+0.51%) ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 24,715ലും സെൻസെക്സ് 80,567ലും നിൽക്കുന്നു. ഇന്നും ഉണർവ് പ്രതീക്ഷിക്കാം.
∙ യുഎസ് ഓഹരികൾ നേട്ടത്തിലാണെങ്കിലും ആശങ്ക പ്രകടമാണ്.
∙ ഗൂഗിളിന്മേലുള്ള ‘കുത്തകവൽക്കരണ’ ആരോപണം കോടതി തള്ളിയത്, മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഓഹരിവിലയിലും വിപണിമൂല്യത്തിലും വൻ വർധനയ്ക്ക് വഴിവച്ചു.
∙ സെർച്ച് എൻജിനായ ക്രോം വിറ്റഴിക്കേണ്ടെന്നും ആപ്പിളുമായുള്ള സഹകരണം തുടരാമെന്നും കോടതി പറഞ്ഞതും പിഴ ഒഴിവാക്കിയതുമാണ് ആൽഫബെറ്റ് ഓഹരികളെ ആവേശത്തിലാക്കിയത്.
∙ നാസ്ഡാക് 1.03%, എസ് ആൻഡ് പി500 സൂചിക 0.51% എന്നിങ്ങനെ ഉയരുകയും ഡൗ ജോൺസ് 0.05% താഴുകയും ചെയ്തു.
∙ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ 0.4% താഴ്ന്നു. എസ് ആൻഡ് പി 500, നാസ്ഡാക് 100 എന്നിവ 0.02% വരെ മാത്രം ഉയർന്നു.
∙ യുഎസിൽ പുതിയ തൊഴിൽക്കണക്ക് പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞത് ഓഹരികളുടെ നേട്ടം നിജപ്പെടുത്തി.
സ്വർണവില റെക്കോർഡ് തേരോട്ടത്തിൽ
സ്വർണവില ഓരോ ദിവസവും റെക്കോർഡ് പുതുക്കി മുന്നേറുകയാണ്. അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത ശക്തമായതും യുഎസ് ഡോളർ ഇൻഡക്സിന്റെ വീഴ്ചയുമാണ് പ്രധാന ആവേശം.
സുരക്ഷിത നിക്ഷേപമെന്നോണം ഗോൾഡ് ഇടിഎഫുകൾക്ക് പ്രിയമേറുന്നതും നേട്ടമാകുന്നു.
∙ രാജ്യാന്തര സ്വർണവില ഔൺസിന് 3,555 ഡോളറിൽ നിന്ന് സർവകാല ഉയരമായ 3,578.32 ഡോളർ വരെയെത്തി. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,557 ഡോളറിൽ.
∙ കേരളത്തിൽ ഇന്നും വില വർധന പ്രതീക്ഷിക്കാം. പവൻവില 79,000 രൂപയ്ക്ക് തൊട്ടരികിലാണ് ഇപ്പോഴുള്ളത്.
∙ താരിഫ് വിഷയത്തിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലും ട്രംപിനെ കാത്തിരിക്കുന്നത് തോൽവിയാണെങ്കിൽ, ഇതിനകം പിരിച്ചെടുത്ത തീരുവയെല്ലാം മടക്കിക്കൊടുക്കേണ്ടിവരും. ഇതാണ് ഡോളറിന് തിരിച്ചടിയാകുന്നത്.
∙ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയ്ക്കെതിരായ ഡോളർ ഇൻഡക്സ് താഴ്ന്നതോടെ, സ്വർണവില കൂടുകയായിരുന്നു.
പുട്ടിനെതിരെ കടുപ്പിച്ച് ട്രംപ്
യുക്രെയ്ൻ-റഷ്യ സമാധാനനീക്കം അകലുന്നതിൽ യുഎസ് പ്രസിഡന്റ് ട്രംപ് കടുത്ത അതൃപ്തിയിലാണ്.
യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായി ഉടൻ ചർച്ച നടത്തുമെന്ന് പറഞ്ഞ ട്രംപ്, റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധം പ്രഖ്യാപിക്കുമെന്ന സൂചനയും നൽകി. അതേസമയം, യുക്രെയ്നു കൂടുതൽ സുരക്ഷ ഉറപ്പാക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കളുടെ യോഗമാണ് പുട്ടിനെ ചൊടിപ്പിക്കുന്നതെന്നാണ് സൂചനകൾ.
യുക്രെയ്നുമേലുള്ള ഡ്രോൺ ആക്രമണം റഷ്യ കടുപ്പിച്ചിട്ടുണ്ട്. റഷ്യൻ സേന ഏറെ മുന്നേറിയെന്ന് പുട്ടിൻ വ്യക്തമാക്കിയതും സംഘർഷം സമീപഭാവിയിൽ ശമിക്കില്ലെന്നതിന്റെ സൂചന നൽകുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]