സംസ്ഥാനത്ത് സിഎൻജി ഇന്ധനവിലയിൽ അസ്വാഭാവികമായ വർധനവും ജില്ലകൾ തമ്മിലുള്ള വലിയ വിലവ്യത്യാസവും ഉപഭോക്താക്കൾക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുന്നു. സമീപ ജില്ലകളിൽ പോലും ഇന്ധനവിലയിൽ പ്രകടമായ അന്തരമുണ്ടെന്നത് സാധാരണക്കാരെയും വാഹന ഉടമകളെയും ഒരുപോലെ വലയ്ക്കുകയാണ്.
ആലപ്പുഴ ജില്ലയിൽ സിഎൻജിക്ക് നിലവിൽ 96.50 രൂപയാണ് ഈടാക്കുന്നതെങ്കിൽ, തൊട്ടടുത്തുള്ള കോട്ടയം ജില്ലയിൽ ഇത് 105 രൂപയായാണ് ഉയർന്നിരിക്കുന്നത്. അയൽ ജില്ലകൾ തമ്മിൽ 8.50 രൂപയുടെ അന്തരമാണ് അനുഭവപ്പെടുന്നത്.
കൂടാതെ, ഒരാഴ്ച മുൻപ് 89.50 രൂപയായിരുന്ന കോട്ടയം ജില്ലയിലെ സിഎൻജി വില ഒറ്റയടിക്ക് 15.50 രൂപ വർധിപ്പിച്ചാണ് 105 രൂപയിലെത്തിച്ചത്. കേരള ചരിത്രത്തിൽ ഇതാദ്യമായാണ് സിഎൻജി വില 100 രൂപ കടക്കുന്നത്.
പെട്രോൾ, ഡീസൽ വിലകളിൽ ജില്ലകൾ തോറും ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സിഎൻജി വിപണിയിൽ സ്ഥിതി വ്യത്യസ്തമാണ്. വിതരണക്കാർക്ക് അനുസരിച്ച് വിലയിൽ വൻ ഏറ്റക്കുറച്ചിലുകൾ കാണപ്പെടുന്നു.
വിവിധ ജില്ലകളിലെ വിതരണക്കാരുടെ നിരക്കുകൾ താഴെ പറയുന്നവയാണ്: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡ് (ഐഒഎജിപിഎൽ) ആണ് സിഎൻജി ലഭ്യമാക്കുന്നത്. ഇവിടെ കിലോഗ്രാമിന് 98.25 രൂപയാണ് വില.
ഒരാഴ്ചയ്ക്കുള്ളിൽ ഈ നിരക്കിൽ 1.75 രൂപയുടെ വർധനവാണുണ്ടായത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അറ്റ്ലാന്റിക്, ഗൾഫ് ആൻഡ് പസിഫിക് പ്രഥം (എജി ആൻഡ് പി പ്രഥം) വിതരണം ചെയ്യുന്ന സിഎൻജിക്ക് 96.50 രൂപയാണ് വില.
എന്നാൽ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഷോല ഗ്യാസ് വഴി 105 രൂപയ്ക്കാണ് ഇന്ധനം വിതരണം ചെയ്യുന്നത്. ഹരിത ഇന്ധനം എന്ന ലക്ഷ്യത്തോടെയും ചെലവ് ചുരുക്കുന്നതിനുമായി വൻ തുക മുടക്കി ഡീസൽ വാഹനങ്ങളിൽ നിന്ന് സിഎൻജിയിലേക്ക് മാറിയ ടാക്സി, സ്വകാര്യ ബസ് ഉടമകൾക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്.
ബസുകളിൽ സിഎൻജി കിറ്റ് ഘടിപ്പിക്കുന്നതിനായി പലരും അഞ്ച് ലക്ഷം രൂപ വരെ ചെലവഴിച്ചിരുന്നു. 2021-ൽ 50 രൂപ മാത്രമായിരുന്ന സിഎൻജി നിരക്കാണ് നിലവിൽ ഇത്രയധികം ഉയർന്നിരിക്കുന്നത്.
ഇന്ധനം ലഭിക്കാനായി ദീർഘനേരം കാത്തുനിൽക്കേണ്ടി വരുന്നതായും പരാതികൾ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

