ബംഗാളിൽ മമതാ ബാനർജി വീഴുമോ? കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമോ? നീണ്ട ഇടവേളയ്ക്കുശേഷം ഓഹരി വിപണികൾ ഇന്ന് വീണ്ടും തുറക്കാനിരിക്കേ, നിക്ഷേപകരുടെ നെഞ്ചിൽ ടെൻഷൻ ‘തീ’ ആളിക്കത്തുന്നു.
എന്താണ് ‘ബിജെപിക്ക് ഓഹരി വിപണിയിൽ കാര്യം?’
കാര്യമുണ്ട്. കേന്ദ്രം ഭരിക്കുന്ന പാർട്ടി.
നരേന്ദ്ര മോദി നയിക്കുന്ന എൻഡിഎ. ബംഗാളിലും ബിജെപി ഭരണം പിടിച്ചാൽ കേന്ദ്രത്തിലും അധികാരത്തിലുള്ള ബിജെപിക്ക് അത് കൂടുതൽ കരുത്താകും.
കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരം കിട്ടുന്നത് ഭാവിയിൽ ലോക്സഭയിലും രാജ്യസഭയിലും ശക്തി കൂട്ടാനുള്ള സാഹചര്യം ബിജെപിക്ക് മുന്നിൽ തുറക്കും. തമിഴ്നാട്ടിലും കേരളത്തിലും സീറ്റെണ്ണം കൂടിയാലും ബിജെപിക്ക് അത് കൂടുതൽ മധുരമാകും.
കേന്ദ്രം ഭരിക്കുന്ന പാർട്ടി കൂടുതൽ കരുത്താർജ്ജിക്കുന്നത് ഓഹരി നിക്ഷേപകർക്കും ഇഷ്ടമാണ്.
അതാണ് അവർ ആഗ്രഹിക്കുന്നതും. ഇന്ന് ബിജെപിക്കൊടി കൂടുതൽ ഉയരത്തിൽ പാറിയാൽ, ഓഹരി വിപണിയും കസറും.
മറിച്ച്, ബിജെപിക്ക് അടിപതറിയാൽ ഓഹരി വിപണിക്കതു നിരാശയുമാകും.
ഇറാനും ട്രംപും തമ്മിൽ വീണ്ടും ‘അടി, വാഗ്വാദം, പ്രകോപനം’
ഹോർമുസിൽ ഇറാന്റെ ‘നിയന്ത്രണവും ഭരണവും’ ഒരുകാരണവശാലും സമ്മതിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ ഇരുവശത്തുമായി കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ യുഎസ് ‘മോചിപ്പിക്കുമെന്ന്’ ട്രംപ് പറഞ്ഞു.
ഈ ദൗത്യത്തിന് ട്രംപ് ‘പ്രോജക്ട് ഫ്രീഡം’ എന്ന പേരുമിട്ടു.
എന്നാൽ, എങ്ങനെയാണ് കപ്പലുകളെ മോചിപ്പിക്കുക? അത് ട്രംപ് പറഞ്ഞില്ല. സൈന്യത്തെ ഉപയോഗിച്ചാണോ? ‘എസ്കോർട്ട്’ പോയിട്ടാണോ? വിശദാംശങ്ങൾ വൈകാതെ അറിയാം.
അതേസമയം, നിയമംവഴി ഹോർമുസിന്റെ നിയന്ത്രണം കൂടുതൽ അരക്കിട്ടുറപ്പിക്കാനാണ് ഇറാന്റെ നീക്കം.
∙
മറുപടി കിട്ടിയെന്ന് ഇറാൻ:
മധ്യസ്ഥരായ പാക്കിസ്ഥാൻ വഴി ഇറാൻ 14-ഇന നിർദേശങ്ങൾ യുഎസിന് മുന്നിൽ വച്ചിരുന്നു. ഇതിന് യുഎസിൽ നിന്ന് കിട്ടിയ മറുപടി പരിശോധിച്ച് വരികയാണെന്ന് ഇറാൻ പറഞ്ഞു.
എന്നാൽ, മറുപടി കൊടുത്തതിനെ കുറിച്ച് പാക്കിസ്ഥാനോ യുഎസോ മിണ്ടിയിട്ടില്ല.
∙
ഇറാന്റെ ആവശ്യം:
ഹോർമുസിൽ ഇറാനിയൻ കപ്പലുകളെ ‘ബ്ലോക്ക്’ ചെയ്യുന്ന നടപടി യുഎസ് അവസാനിപ്പിക്കണം. ഹോർമുസിൽ ഇറാന്റെ നിയന്ത്രണം അംഗീകരിക്കണം.
ഇറാനുമേലുള്ള സകല ഉപരോധങ്ങളും പിൻവലിക്കണം.
∙
ട്രംപിന്റെ ആവശ്യം:
ഹോർമുസ് ഇറാന്റെ സ്വത്തല്ല. അത് അതുപയോഗിക്കുന്ന രാജ്യങ്ങൾക്കെല്ലാം അവകാശപ്പെട്ടതാണ്.
ആണവ പദ്ധതികൾ ഇറാൻ പൂർണമായി ഉപേക്ഷിക്കണം.
∙
ഡീൽ അംഗീകരിക്കൂ ഇല്ലെങ്കിൽ അനുഭവിക്കൂ:
‘‘ഞങ്ങൾ മുന്നോട്ടുവച്ച ‘ബാഡ് ഡീൽ’ അംഗീകരിക്കൂ. അല്ലെങ്കിൽ യുദ്ധം തുടരാം’’ – ഇറാൻ യുഎസിന് നൽകിയ മറുപടി ഇങ്ങനെ.
എണ്ണയും സ്വർണവും
ഹോർമുസ് വിഷയത്തിൽ ചർച്ചാസന്നദ്ധത വ്യക്തമാക്കി ഇറാൻ മുന്നോട്ടുവന്നതോടെ കഴിഞ്ഞ സെഷനിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു.
ബാരലിന് 126 ഡോളർ എന്ന 4-വർഷത്തെ ഉയരത്തിലെത്തിയ ബ്രെന്റ് വില 108ലേക്കും യുഎസ് ക്രൂഡ് വില 102ലേക്കും താഴ്ന്നിട്ടുണ്ട്. എന്നാൽ, ഇറാനും ട്രംപും നിലപാടുകൾ കടുപ്പിച്ച പശ്ചാത്തലത്തിൽ ഇന്ന് വില എങ്ങോട്ട് നീങ്ങുമെന്ന ആശങ്ക ശക്തമായി.
∙
സ്വർണവില താഴേക്കോ? :
ഇടിവിന്റെ സൂചനകളാണ് രാജ്യാന്തര സ്വർണവിപണിയിൽ നിന്ന് കിട്ടുന്നത്.
വ്യാപാരം ആരംഭിച്ചയുടൻ വില ഔൺസിന് 10 ഡോളർ താഴ്ന്ന് 4621 ഡോളറിലെത്തി. ഇടിവ് തുടർന്നാൽ ഇന്ന് കേരളത്തിലെ വിലയും താഴും.
ഓഹരി വിപണി എങ്ങോട്ട്?
തിരഞ്ഞെടുപ്പ് ഫലത്തിന് പുറമേ വൈദേശിക ഘടകങ്ങളും ഇന്ത്യൻ ഓഹരി വിപണിയെ ഇന്ന് സ്വാധീനിക്കും.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപം പിൻവലിക്കുന്ന മനോഭാവം തുടരുന്നത് കനത്ത അടിയാണ്.
∙ കഴിഞ്ഞയാഴ്ച അവർ 13,771 കോടി രൂപ പിൻവലിച്ചു. മാർച്ചിൽ 1.22 ലക്ഷം കോടിയും ഏപ്രിലിൽ 70,000 കോടിയും പിൻവലിച്ചിരുന്നു.
∙
രൂപയുടെ വീഴ്ച:
ക്രൂഡ് ഓയിൽ വിലക്കയറ്റം, ഡോളറിന്റെ മുന്നേറ്റം, എഫ്ഐഐ പിന്മാറ്റം എന്നിവ രൂപയെ കൂടുതൽ തളർത്തുന്നു.
കഴിഞ്ഞ സെഷനിൽ ഡോളറിനെതിരെ രൂപ എക്കാലത്തെയും താഴ്ചയായ 95.33ൽ എത്തിയിരുന്നു.
∙
കോർപ്പറേറ്റുകളുടെ ഫലം:
ലിസ്റ്റഡ് കമ്പനികളുടെ മാർച്ചുപാദ പ്രവർത്തനഫലങ്ങൾ പുറത്തുവരുന്നത് തുടരുകയാണ്. 200ലേറെ കമ്പനികളാണ് ഈയാഴ്ച ഫലം പ്രസിദ്ധീകരിക്കുക.
∙ ഹീറോ മോട്ടോകോർപ്പ്, പേയ്ടിഎം, എൽ ആൻഡ് ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടൈറ്റൻ, പിപി ഫിൻടെക്, ശ്രീ സിമന്റ്, സ്വിഗ്ഗി, സിഎസ്ബി ബാങ്ക്, അംബുജ സിമന്റ്സ്, മണപ്പുറം ഫിനാൻസ്, ഗോദ്റെജ് പ്രോപ്പർട്ടീസ്, പെട്രോനെറ്റ് എൽഎൻജി, ടാറ്റാ ടെക്, പഞ്ചാബ് നാഷനൽ ബാങ്ക്, ല്യൂപിൻ, കല്യാൺ ജ്വല്ലേഴ്സ്, പൂനാവാല ഫിൻകോർപ്പ് തുടങ്ങിയവ അതിലുൾപ്പെടുന്നു.
UPDATING…. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

