ജൂൺ നാല് മുതൽ ആറ് വരെയുള്ള ദിവസങ്ങളിലാണ് റിസർവ് ബാങ്കിന്റെ അടുത്ത ധനാവലോകന യോഗം. കഴിഞ്ഞ തവണത്തെ പോലെയുള്ള അഭിപ്രായ വ്യത്യാസങ്ങളൊന്നും ഇത്തവണ സാമ്പത്തിക വിചക്ഷണന്മാർക്കിടയിൽ ഇല്ല. എല്ലാവരും കരുതുന്നതും പറയുന്നതും പ്രതീക്ഷിക്കുന്നതും റിപോ നിരക്ക് കുറയ്ക്കുമെന്നാണ്.
അമേരിക്കൻ തീരുവയുടെ അനിശ്ചിതത്വവും രാജ്യാന്തര വ്യാപാര രംഗത്തെ കുറവും ചർച്ചക്ക് വരുന്നുണ്ടെങ്കിലും മറ്റു സാഹചര്യങ്ങളെല്ലാം, വിശേഷിച്ച് ഇന്ത്യയിലെ സാഹചര്യം നിരക്ക് കുറയ്ക്കുവാൻ തീർത്തും അനുകൂലമാണ്. വിലക്കയറ്റനിരക്ക് താഴെ വിലക്കയറ്റ സൂചികയിൽ വന്ന കുറവാണ് ഇതിൽ ഏറ്റവും പ്രധാനമായത്. റിസർവ് ബാങ്കിന് സമ്മതമായ നാല് ശതമാനം വിലക്കയറ്റ നിരക്കിനേക്കാൾ താഴെയാണ് ഏപ്രിൽ മാസത്തിലെ നിരക്ക്, 3.16 ശതമാനം. തൊട്ടു പിന്നിലെ മാസം ഇത് 3.34 ശതമാനമായിരുന്നു.
ഭക്ഷ്യവിലക്കയറ്റ സൂചികയിലടക്കം ഉണ്ടായ കുറവാണ് ഇതിന് കാരണം. വിലക്കയറ്റ സൂചിക ഇത്രയും താഴെ നിൽക്കുമ്പോൾ പിന്നെ,വളർച്ചക്ക് ഊന്നൽ കൊടുക്കാൻ കേന്ദ്ര ബാങ്കിന് എന്താണ് തടസം? വിലക്കയറ്റ സാഹചര്യം ഇത്രയും അനുകൂലമല്ലാതിരുന്ന കഴിഞ്ഞ ജനുവരിയിൽ പോലും റിപോ നിരക്ക് കുറച്ചു കൊണ്ട് വളർച്ചയെ സപ്പോർട്ട് ചെയ്യുന്ന നിലപാടാണ് കമ്മിറ്റി സ്വീകരിച്ചത്. ഏപ്രിൽ മാസം ആയപ്പോഴേക്കും നില കുറേക്കൂടെ മെച്ചപ്പെടുകയും കമ്മിറ്റി ഏകസ്വരത്തിൽ നിരക്ക് കുറക്കുവാൻ തീരുമാനമെടുക്കുകയും ചെയ്തു. പോളിസി സ്റ്റാൻസ് ന്യൂട്രലിൽ നിന്നും അക്കൊമൊഡേഷൻ എന്ന നിലയിലേക്ക് മാറ്റുകയും ചെയ്തു.
തീരുവ അനിശ്ചിതത്വത്തിന്റെ വെല്ലുവിളി ഇന്ത്യയുടെ വളർച്ചയെ ബാധിക്കരുത് എന്ന നിലപാടാണ് മോണിറ്ററി കമ്മിറ്റി നിരക്ക് കുറച്ചുകൊണ്ട് ഏപ്രിലിൽ കൈകൊണ്ടത്. മാത്രമല്ല കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്ന് പാദങ്ങളിലും ആഭ്യന്തര വളർച്ച നിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ കുറവായിരുന്നു എന്ന വസ്തുത നാലാം പാദത്തിൽ കൂടുതൽ വളർച്ച കൈവരിക്കണമെന്ന നിര്ബന്ധത്തിലേക്ക് കേന്ദ്ര സർക്കാരിനെ എത്തിച്ചിരുന്നു. അതിന് വേണ്ട
കൈത്താങ്ങ് റിസർവ് ബാങ്ക് നൽകണമെന്നും കേന്ദ്രം ആഗ്രഹിച്ചിരുന്നു. നിരക്ക് കുറവിനോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലടക്കമുള്ള വർദ്ധിച്ച സർക്കാർ ചിലവുകളും സമ്പദ് വ്യവസ്ഥയിൽ റിസർവ് ബാങ്ക് കൊണ്ടുവന്ന പണലഭ്യതയും മൂലം നാലാം പാദത്തിൽ ആഭ്യന്തര വളർച്ച 7.4 ശതമാനത്തിലേക്ക് ഉയർന്നു. ഇതുമൂലം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആഭ്യന്തര വളർച്ച 6.5 എന്ന നിലയിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. The Reserve Bank of India (RBI) logo is seen at the RBI headquarters in Mumbai on August 10, 2023.
(Photo by INDRANIL MUKHERJEE / AFP)
വളർച്ചനിരക്ക് തുടരുമോ?
എന്നാൽ ഈ വളർച്ച നിരക്ക് നിലനിൽക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. തീരുവ തർക്കങ്ങൾ രാജ്യാന്തര തലത്തിലും വ്യാപാരത്തിലും സമ്മർദ്ദം ചെലുത്തും എന്ന് തീർച്ചയാണ്. ഇന്ത്യൻ സാഹചര്യങ്ങൾ അനുകൂലമായി തുടരാമെങ്കിലും മറ്റ് ചുറ്റുപാടുകൾ ഇന്ത്യയുടെ വളർച്ചയെയും താഴേക്ക് വലിക്കും.
അതുകൊണ്ടും കൂടിയാണ് ഈ സാമ്പത്തിക വർഷത്തെ വളർച്ച 6.2 ശതമാനമെന്ന് നേരത്തെ പറഞ്ഞതും മാറിയ സാഹചര്യത്തിൽ അത് 6.4 ശതമാനമെന്ന് കരുതുന്നതും. നിരക്കുകളിൽ കുറവ് ഉണ്ടാകും എന്ന പ്രതീക്ഷയും കൂട്ടി വെച്ചാണ് കേന്ദ്ര സർക്കാർ ഈ വികസനലക്ഷ്യം മുന്നിൽ കാണുന്നത്. ഈ ലക്ഷ്യത്തിനായി ഒരു കൈ സഹായിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്ര ബാങ്കിന് കഴിയും. അതിനാൽ നിരക്ക് കുറയ്ക്കും എന്ന് ഉറച്ചു വിശ്വസിക്കാം.
അത് കഴിഞ്ഞ തവണകളിലേതുപോലെ 25 ബേസിസ് പോയിന്റ് ആകണമെന്നില്ല. സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ തന്നെ വളർച്ചക്ക് ആക്കം കൂട്ടാൻ ഇത്തവണ റിപോ നിരക്ക് 25 മുതൽ 50 ബേസിസ് പോയിന്റുകൾ വരെ കുറയ്ക്കാം. അങ്ങനെയെങ്കിൽ അത് ഭവന – വാഹന – വ്യക്തിഗത വായ്പകൾ എടുത്തിട്ടുള്ള ഇടപാടുകാർക്ക് ഏറെ സന്തോഷം നൽകും.
തവണ തുക കുറയും. പുതിയ വായ്പകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ബിസിനസ് വായ്പകൾ എളുപ്പം കിട്ടും.
പലിശ നിരക്കിൽ നിലവിലുള്ളവർക്കും പുതിയവർക്കും ഒരുപോലെ കുറവുണ്ടാകും. പുതിയ ബാങ്ക് നിക്ഷേപങ്ങൾക്കും പുതുക്കിയിടുന്ന നിക്ഷേപങ്ങൾക്കും പലിശ നിരക്ക് കുറയും എന്നത് ബാങ്ക് പലിശയെ ആശ്രയിച്ചു കഴിയുന്ന മുതിർന്ന പൗരന്മാർ അടക്കമുള്ള ഇടപാടുകാരുടെ വരുമാനത്തിൽ ഇടിവുണ്ടാക്കും.
ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ് [email protected] English Summary: The Reserve Bank of India’s upcoming monetary policy meeting is expected to result in a repo rate cut of up to 50 basis points, driven by low inflation and a government focus on economic growth. This will impact loan interest rates and bank deposit returns.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]