ഇറാനും യുഎസും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ കൂടുതൽ ഭൂപ്രദേശങ്ങളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള നിർണായകമായ ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് ഇന്നലെയും ശക്തമായ വ്യോമാക്രമണങ്ങൾ നടത്തി.
ഇതിന് മറുപടിയെന്നോണം, ചെങ്കടലിനോട് ചേർന്നുനിൽക്കുന്ന ജോർദാനിയൻ നഗരമായ അഖാബയിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാനും പ്രത്യാക്രമണം തൊടുത്തുവിട്ടു. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുന്നത് ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 95 ഡോളറും യുഎസ് ക്രൂഡ് വില 90 ഡോളറും ഭേദിച്ച് മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ ലോകമെമ്പാടും കടുത്ത പണപ്പെരുപ്പത്തിന് സാധ്യതയുണ്ടെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
ദക്ഷിണ ജോർധാനിൽ ഇസ്രയേൽ, ഈജിപ്ത് അതിർത്തികളോട് ചേർന്നുനിൽക്കുന്ന പ്രധാന നഗരമാണ് അഖാബ. ഇവിടെയുള്ള യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ മിസൈലുകളും ഡ്രോണുകളും എത്തിയത് അമേരിക്കയെയും അമ്പരപ്പിച്ചിട്ടുണ്ട്.
യുഎസിന്റെ സമ്മർദത്തിന് മുന്നിൽ കീഴടങ്ങില്ലെന്നും ശക്തമായി ചെറുത്തുനിൽക്കുമെന്നുമാണ് ഇറാൻ വ്യക്തമാക്കുന്നത്. ആക്രമണങ്ങൾ പൂർണ്ണമായും നിർത്തിവെക്കാൻ അമേരിക്ക തയാറായില്ലെങ്കിൽ ഹോർമുസിലെ ഉപരോധം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് എണ്ണവിലയിൽ വൻ കുതിച്ചുചാട്ടമുണ്ടായത്.
ബ്രെന്റ് ക്രൂഡ് വിലയിൽ ഒറ്റയടിക്ക് 5 ശതമാനത്തിന്റെ വർപ്പാണ് രേഖപ്പെടുത്തിയത്. യുഎഇയുടെ മർബൻ എണ്ണയുടെ വില 7.8 ശതാനം ഉയർന്ന് 106.2 ഡോളറിലെത്തി നിൽക്കുന്നു.
ഇറാന് ആവശ്യത്തിന് സമയം അനുവദിച്ചുവെന്നും ഇനി കരാറുകൾക്കൊന്നും സാധ്യതയില്ലെന്നും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയതും, ഇറാനെതിരെ കനത്ത നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഈ മാസത്തെ പണനയ യോഗത്തിൽ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചേക്കുമെന്ന വിലയിരുത്തലുകൾക്കിടെയാണ് ക്രൂഡോയിൽ വില വീണ്ടും 100 ഡോളറിനടുത്ത് എത്തിയിരിക്കുന്നത്.
ഇത് യുഎസ് ഓഹരി വിപണിക്ക് വലിയ തിരിച്ചടിയായി മാറി. ഡൗ ജോൺസ് 419 പോയിന്റ് (-0.79%) ഇടിവാണ് രേഖപ്പെടുത്തിയത്.
എസ് ആൻഡ് പി500 സൂചിക 0.71 ശതമാനവും, നാസ്ഡാക് 1.03 ശതമാനവും ഇടിഞ്ഞു. യൂറോപ്യൻ വിപണിയിലും സമാനമായ ഇടിവ് ദൃശ്യമായി; ഡാക്സ് 1.10 ശതമാനവും എഫ്ടിഎസ്ഇ 0.32 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
തുടക്കത്തിൽ നേട്ടത്തിലേക്ക് തിരിച്ചുകയറിയ ഇന്ത്യൻ ഓഹരി വിപണികളും വ്യാപാരത്തിന്റെ അവസാനഘട്ടത്തിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെൻസെക്സ് 0.02 ശതമാനവും നിഫ്റ്റി 0.10 ശതമാനവും ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇതിനിടയിൽ രാജ്യത്തിന്റെ ജിഡിപി വളർച്ചയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വീഡിയോ സന്ദേശത്തിൽ ‘സ്വർണ’ത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ആഭരണ, സ്വർണപ്പണയ സ്ഥാപനങ്ങളുടെ ഓഹരികളിൽ കനത്ത ഇടിവിന് കാരണമായി. മണപ്പുറം ഫിനാൻസ്, കല്യാൺ ജ്വല്ലേഴ്സ്, ടൈറ്റൻ, തങ്കമയിൽ ജ്വല്ലറി, പിസി ജ്വല്ലർ, മുത്തൂറ്റ് ഫിനാൻസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികൾ 7 ശതമാനം വരെയാണ് ഇടിഞ്ഞത്.
അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് മോദി തന്റെ പ്രസംഗത്തിൽ ആവർത്തിച്ച് വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോഗവും ഇറക്കുമതിയുമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 24 ശതമാനം വർധിച്ച് റെക്കോർഡ് തുകയായ 71.98 ബില്യൻ ഡോളറിലെത്തിയിരുന്നു (ഏകദേശം 6.91 ലക്ഷം കോടി രൂപ). 2023-24 കാലയളവിൽ 45.54 ബില്യനും 2022-23ൽ 35 ബില്യനുമായിരുന്നു രാജ്യത്തിന്റെ ആകെ ഇറക്കുമതിച്ചെലവ്.
വിദേശ ഇടപാടുകൾ പ്രധാനമായും ഡോളറിലാണ് നടക്കുന്നത് എന്നതിനാൽ, സ്വർണ ഇറക്കുമതി ഉയരുന്നത് ഡോളറിനായുള്ള ഡിമാൻഡ് വർദ്ധിപ്പിക്കുന്നു. ഇത് ഇന്ത്യൻ രൂപയുടെ മൂല്യമിടിയുന്നതിന് കാരണമാകുന്നുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില ബാരലിന് 95-100 ഡോളറിന് സമീപം തുടരുന്നതും ഇന്ത്യയെ സംബന്ധിച്ച് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. ക്രൂഡോയിൽ ഇറക്കുമതി ഇടപാടുകളും ഡോളറിലാണ് തീർപ്പാക്കുന്നത്.
അതിനാൽ സ്വർണത്തിന്റെയും ക്രൂഡോയിലിന്റെയും ഇറക്കുമതി വർദ്ധിക്കുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വലിയ തോതിൽ ഉയരാൻ ഇടയാക്കും. ഇറക്കുമതിച്ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാരക്കമ്മിയായി കണക്കാക്കുന്നത്.
വിദേശനാണയത്തിന്റെ വരവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മിയാകുന്നത്. നടപ്പുവർഷത്തെ (2026-27) ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 3.4 ബില്യൻ ഡോളറിൽ നിന്ന് 4.2 ബില്യൻ ഡോളറായി ഉയർന്നതായി റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
വ്യാപാരക്കമ്മിയാകട്ടെ 68.9 ബില്യനിൽ നിന്ന് കുതിച്ചുയർന്ന് 86.1 ബില്യൻ ഡോളറിലെത്തി നിൽക്കുന്നു. ക്രൂഡോയിൽ ഇറക്കുമതിച്ചെലവ് 26 ശതമാനം ഉയർന്ന് 49 ബില്യൻ ഡോളറിലെത്തിയതാണ് രാജ്യത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടി.
തങ്ങളുടെ മൊത്തം ഉപഭോഗത്തിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡോയിൽ ഉപയോഗം പെട്ടെന്ന് വെട്ടിക്കുറയ്ക്കുക എളുപ്പമല്ല. എന്നാൽ, സ്വർണത്തിന്റെ കാര്യത്തിൽ ഉപഭോഗം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്.
പ്രധാനമന്ത്രി സ്വർണ ഉപഭോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കാൻ ഉണ്ടായ പ്രധാന കാരണവും ഇതാണ്. കഴിഞ്ഞ മേയ് മാസത്തിൽ സ്വർണ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കേന്ദ്രസർക്കാർ കുത്തനെ ഉയർത്തിയിരുന്നു.
ഈ തീരുവ വീണ്ടും 6 ശതമാനമായി കുറച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി വീണ്ടും സ്വർണ ഇറക്കുമതിക്കെതിരെ കർശന നിലപാട് സ്വീകരിച്ചതിനാൽ തീരുവ കുറയ്ക്കാനുള്ള സാധ്യതകൾ മിക്കവാറും ഇല്ലാതായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

