ബോംബാക്രമണത്തിന് പകരം കടലിൽ ‘കെണിയൊരുക്കിയ’ അമേരിക്കൻ തന്ത്രം ഇറാന് കനത്ത സാമ്പത്തിക ആഘാതമാകുന്നു. ഇറാനിയൻ തുറമുഖത്തേക്കും ഇറാനിൽ നിന്ന് തിരികെയും പോകുന്ന കപ്പലുകളെ തടയുന്ന യുഎസ് സൈന്യത്തിന്റെ നടപടിയെ തുടർന്ന് 500 കോടി ഡോളറിന്റെ നഷ്ടം ഇറാനുണ്ടായെന്നാണ് വിലയിരുത്തൽ.
ഏകദേശം 45,000 കോടി രൂപ. അമേരിക്കൻ പ്രതിരോധ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്.
എണ്ണ വിൽപന തടസ്സപ്പെട്ടത് വഴി മാത്രമുള്ള നഷ്ടമാണിത്.
5.3 കോടി ബാരൽ ക്രൂഡ് ഓയിൽ കയറ്റിയ 31 എണ്ണക്കപ്പലുകളാണ് യുഎസിന്റെ കടൽ ഉപരോധംമൂലം ഒമാൻ കടലിടുക്ക് കടക്കാനാവാതെ കുടുങ്ങിയത്. ഈ എണ്ണയുടെ മൂല്യമാണ് മേൽപ്പറഞ്ഞ 45,000 കോടി. ഉപരോധം തുടങ്ങിയശേഷം ഇറാനുമായി ബന്ധപ്പെട്ട
40 കപ്പലുകളാണ് യുഎസ് സൈന്യം തടഞ്ഞ് തിരിച്ചയച്ചത്. രണ്ട് കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തു.
നിലവിൽ ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ ഇറാന് കപ്പലുകളിൽ കയറ്റാൻ കഴിയുന്നില്ല.
രാജ്യത്തെ എണ്ണ സംഭരണികളുടെ ശേഷിയും ഏതാണ്ട് കവിയാറായി. ഇതോടെ പഴയ എണ്ണക്കപ്പലുകളെ അറ്റകുറ്റപ്പണി നടത്തി ‘താൽക്കാലിക’ ടാങ്കുകളാക്കി മാറ്റുകയാണ് ഇറാൻ.
യുഎസ് നാവിക ഉപരോധം ഇറാനെ വലച്ചതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ.
അതേസമയം, ഇറാന്റെ ഷാഡോ ഫ്ലീറ്റുകളെ (ഉപരോധം ലംഘിച്ച് ചരക്കുനീക്കം നടത്തുന്ന കപ്പലുകൾ) മുഴുവനായും തടയാൻ യുഎസിന് കഴിഞ്ഞിട്ടില്ലെന്ന് മറൈൻ ഇന്റലിജൻസ് ഏജൻസികൾ പറയുന്നു. ഇപ്പോൾ കടലിലുള്ള, എണ്ണക്കപ്പലുകൾ ബദൽ സമുദ്ര പാതകളിലൂടെ ചൈനയിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇറാൻ നടത്തുന്നുണ്ട്.
യുഎസിന്റെ കണ്ണുവെട്ടിച്ച് പാക്ക്, ഇന്ത്യൻ തീരത്തിനടുത്തു കൂടി ‘ഹ്യൂജ്’ എന്ന എണ്ണകപ്പൽ ഇറാൻ ചൈനയിലെത്തിച്ചിരുന്നു. ഇനിയും കപ്പലുകളെ ‘ഒളിച്ചു കടത്താൻ’ ഇറാൻ ശ്രമിച്ചേക്കുമെന്നും ഏജൻസികൾ പറയുന്നു.
ഉൽപാദനം നിർത്തേണ്ടി വരും
യുഎസ് ഉപരോധം കൂടുതൽ കാലം നീണ്ടുനിന്നാൽ ഇറാന് എണ്ണയുൽപാദനം നിർത്തിവെക്കേണ്ടി വരുമെന്നും വിദഗ്ധർ മുന്നറിപ്പ് നൽകുന്നുണ്ട്.
എണ്ണശേഖരിച്ചു വെക്കാനുള്ള ശേഷി കഴിയുന്നതോടെ ഉൽപാദനം നിർത്തുകയല്ലാതെ ഇറാന്് മുന്നിൽ മറ്റുവഴികളില്ലാതെയാകും. ഇത് ഇറാന് കൂടുതൽ സാമ്പത്തിക തിരിച്ചടിയാകും.
ഇതോടെ യുഎസ് നിർദേശങ്ങൾ അനുസരിക്കാൻ ഇറാൻ നിർബന്ധിതരാകുമെന്ന് മുന്നറിയിപ്പ് നൽകുന്നവരുമുണ്ട്.
എന്നാൽ നാവിക ഉപരോധത്തിലെ തിരിച്ചടി ഉടനൊന്നും ഇറാനെ ബാധിച്ചേക്കില്ലെന്ന് വാദിക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. ഇത്തരമൊരു പ്രതിസന്ധിയുണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കിയ ഇറാൻ അതിനെ നേരിടാനുള്ള തയാറെടുപ്പുകൾ നേരത്തെ തന്നെ നടത്തിയിട്ടുണ്ടാകും.
രാജ്യത്തെ വിഭവങ്ങൾ ഉപയോഗിച്ചും കര അതിർത്തി വഴിയുള്ള വ്യാപാരത്തിലൂടെയും ഇറാൻ നിലവിലെ പ്രതിസന്ധിയെ മറികടക്കാനുള്ള സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

