സാമ്പത്തികവർഷത്തെ ആദ്യ പാദത്തിൽ 80 കോടി രൂപ ലാഭം രേഖപ്പെടുത്തി തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. മുൻവർഷത്തെ സമാനപാദത്തിൽ 81 കോടി രൂപയുടെ നഷ്ടമായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 24 കോടി രൂപ ലാഭം നേടിയിരുന്നു. ചെറുകിട
സംരംഭങ്ങൾ, കൃഷി, റീട്ടെയ്ൽ, സ്വർണ വായ്പ തുടങ്ങിയ മേഖലകളിൽ വായ്പ വിതരണം ശക്തിപ്പെടുത്തിയതാണ് ബാങ്കിനെ ലാഭത്തിലേക്കെത്തിച്ചത്. സുരക്ഷിത വായ്പകൾ, സ്വർണ വായ്പകൾ, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളിൽ വളർച്ച രേഖപ്പെടുത്തി. കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 50,000 കോടി പിന്നിട്ടു.
മൊത്തം വായ്പ 27% വാർഷിക വളർച്ചയോടെ 23,216 കോടി രൂപയും നിക്ഷേപം 19% വാർഷിക വളർച്ചയോടെ 26,924 കോടി രൂപയുമായി. ബാങ്കിന്റെ വായ്പാ- നിക്ഷേപ അനുപാതം 82.3 ശതമാനമാണ്. മൊത്ത നിഷ്ക്രിയ ആസ്തി 5.4 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.8 ശതമാനമായും മെച്ചപ്പെട്ടു.കാസ (കറന്റ് അക്കൗണ്ട്: സേവിങ്സ് അക്കൗണ്ട്) അനുപാതം 12 ശതമാനം വളർച്ചയോടെ 6,297 കോടി രൂപയിലെത്തി.നീക്കിയിരുപ്പ് അനുപാതം ഉയർന്ന് 85.5 ശതമാനത്തിലെത്തി.
അറ്റ പലിശ മാർജിൻ 7.9 ശതമാനമായി വർധിച്ചപ്പോൾ പലിശ വരുമാനം 33 ശതമാനം വാർഷിക വളർച്ചയോടെ 1098 കോടി രൂപയായി ഉയർന്നു. ബാങ്കിന്റെ വരുമാനവും ചെലവും തമ്മിലുള്ള അനുപാതം മുൻവർഷത്തെ 78.2 ശതമാനത്തിൽനിന്ന് 58.1 ശതമാനമായി മെച്ചപ്പെട്ടു.
പ്രവർത്തന ലാഭം 179 ശതമാനം വാർഷിക വളർച്ചനേടി 349 കോടി രൂപയിലെത്തി.
ഓഹരിക്കും കുതിപ്പ്
സാമ്പത്തിക ഫലം പുറത്തുവന്നത് ഇന്നലെ ഇസാഫ് ബാങ്ക് ഓഹരികൾക്കും നേട്ടമായി. 17.05% കുതിച്ച ഓഹരി വില 42.70 രൂപ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
ഇക്കൊല്ലം ഇതുവരെ 57% കുതിപ്പു രേഖപ്പെടുത്തിയ ഓഹരിയാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

