
കോഴിക്കോട് : രുചിയുടെ പരീക്ഷണങ്ങളുമായി വനിതാ സംരംഭകർ; മില്ലറ്റ് ഹൽവയടക്കം മൂന്നിനങ്ങൾ രണ്ടു മണിക്കൂറിനുള്ളിൽ ഒരുക്കി വിസ്മയം തീർത്തു. കുടുംബശ്രീ ജില്ലാ മിഷന്റെ ‘കോഴിക്കോടൻ രുചിക്കൂട്ട്’ പാചക മത്സരത്തിലാണ് കൊതിയൂറും വിഭവങ്ങളുമായി വനിതാ സംരംഭകർ തിളങ്ങിയത്. കേരളീയം 2023ന്റെ ഭാഗമായാണ് കുടുംബശ്രീ കേറ്ററിങ് യൂണിറ്റുകളെയും ഹോട്ടൽ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് മത്സരം നടത്തിയത്. 9 യൂണിറ്റുകളിൽനിന്നു 18 പേരാണ് മാറ്റുരച്ചത്.
സി.എം. ഷൈജ, എം.എം. രജനി, കെ.കെ. മഞ്ജു എന്നിവർ നേതൃത്വം നൽകിയ മണിയൂർ പഞ്ചായത്തിലെ രുചിക്കൂട്ട് കേറ്ററിങ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി. കോഴിക്കോട് സെൻട്രൽ സിഡിഎസ്സിനു കീഴിലുള്ള തനിമ കേറ്ററിങ് യൂണിറ്റിലെ വി.പി.മൈമൂന, ടി.എം.ഷാഹിദ എന്നിവർക്കാണ് രണ്ടാംസ്ഥാനം. വനിതകൾ ഒരുക്കിയ വിഭവങ്ങൾ രുചിച്ചു നോക്കാൻ മുൻമന്ത്രി തോമസ് ഐസക്കും എത്തിയിരുന്നു. മേയർ ബീന ഫിലിപ്പ് സമ്മാനങ്ങൾ നൽകി. ജില്ലാ മിഷൻ കോഓർഡിനേറ്റർ ആർ.സിന്ധു അധ്യക്ഷയായിരുന്നു. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജർ എൻ.സി സിന്ധു, ജില്ലാ പ്രോഗ്രാം മാനേജർ എ. നീതു, ജില്ലാ പ്രോഗ്രാം മാനേജർമാരായ എൻ.കെ. ശ്രീഹരി, ടി.ടി ബിജേഷ് എന്നിവർ പ്രസംഗിച്ചു.