ബിസിനസ് രംഗത്തെ ഉയർച്ച താഴ്ചകളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയാണ് കല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമൻ.
സ്വർണവില പോലെ തന്നെ ബിസിനസിലും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. “ബിസിനസ് ഒരിക്കലും ഒരുപോലെ പോവില്ല.
നല്ല സമയവും പ്രയാസമുള്ള സമയവുമുണ്ട്. പ്രയാസകാലം നമ്മെ ഓരോന്ന് പഠിപ്പിക്കുന്നു,” എന്ന് അദ്ദേഹം വ്യക്തമാക്കി.
ജീവിതവും ബിസിനസും എപ്പോഴും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ചും പുതിയ ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിക്കാറുണ്ട്. ഭാവിയിലേക്ക് ഒരു മുഴം മുൻപേ എറിയേണ്ടതുണ്ടെന്നും, പത്ത് വർഷത്തിന് ശേഷം സ്ഥാപനം എവിടെയായിരിക്കുമെന്ന് മുൻകൂട്ടി കാണേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ദൈവവിശ്വാശിയായ തനിക്ക് ശ്രീരാമസ്വാമിയാണ് കുലദൈവമെന്നും, തന്നെ കാത്തുസൂക്ഷിക്കുന്ന ഒരു ഉയർന്ന ശക്തിയുണ്ടെന്ന ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തലമുറയെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കിക്കൊണ്ട്, ഇന്നത്തെ യുവതലമുറ ഉഴപ്പരല്ലെന്നും മക്കൾ വളരെ മിടുക്കരാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ഡ്യൂട്ടി ഭംഗിയായി ചെയ്യുക എന്നത് മാത്രമാണ് ഭാവിയിലേക്ക് അറിയേണ്ട പ്രധാന കാര്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മത്സരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ആരോഗ്യകരമായ മത്സരവും പരസ്പര ബഹുമാനവുമാണ് വേണ്ടതെന്നും അത് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അനാരോഗ്യകരമായ മത്സരങ്ങളിൽ ഏർപ്പെടുന്നവരെ താൻ ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവഴിക്കുമ്പോൾ മനസിന് സന്തോഷവും ഊർജവും ലഭിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ദിവസവും യോഗ ചെയ്യുന്ന ശീലമുള്ള അദ്ദേഹം, വർഷത്തിൽ രണ്ടുതവണ കുടുംബത്തോടൊപ്പം യാത്രകൾ നടത്താറുണ്ട്.
മകന്റെ വീട്ടിൽ വെച്ച് ബന്ധുക്കൾക്കൊപ്പം സിനിമ കാണുന്നതും അദ്ദേഹത്തിന്റെ വിനോദങ്ങളിൽ പെടുന്നു. ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് തന്റെ അച്ചടക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കഴിവും അവസരവുമാണ് എല്ലാത്തിന്റെയും അടിത്തറയെന്നും, തനിക്ക് ലഭിച്ച അവസരങ്ങൾ ഒന്നും തന്നെ പാഴാക്കാതെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലും ബിസിനസിലും തെറ്റായ തീരുമാനങ്ങൾ എടുക്കാത്തതിനാൽ യാതൊരുവിധ പശ്ചാത്താപവുമില്ല.
ജീവിതം ഒന്നിൽ നിന്ന് തുടങ്ങുകയാണെങ്കിൽ ഇപ്പോൾ ഉള്ളതൊന്നും മാറ്റേണ്ടി വരില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തൃശൂരിലെ കല്യാൺ ടെക്സ്റ്റൈൽസിൽ നിന്ന് ബിസിനസ് ആരംഭിച്ച കാലത്ത് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനാകുമെന്ന് അദ്ദേഹം തെളിയിച്ചു.
മുത്തച്ഛന്റെ കാലം തൊട്ടേ കേട്ടു വളർന്ന “ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം” എന്ന പഴமொழിയാണ് ജീവിതത്തിൽ എപ്പോഴും താൻ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

