കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും തലസ്ഥാന നഗരിയെ വീർപ്പുമുട്ടിച്ച് കനത്ത പുകമഞ്ഞ്. മലിനീകരണത്തിന്റെ തോത് ‘അതീവ ഗുരുതര’ വിഭാഗത്തിലാണെന്ന് റിപ്പോർട്ട്.
വിവിധ ആഘോഷങ്ങൾക്കു തൊട്ടുപിന്നാലെ ഡൽഹിയിലും എൻസിആറിലും കനത്ത പുകമഞ്ഞാണു രൂപപ്പെട്ടിരിക്കുന്നത്. മലിനീകരണ നിയന്ത്രണത്തിനായുള്ള ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ട
നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും വായു ഗുണനിലവാരം കുത്തനെ ഇടിയുകയായിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം രാവിലെ 8.10ഓടെ ഡൽഹിയിലെ ശരാശരി വായു ഗുണനിലവാരം 483 ആയി ഉയർന്നതായാണ് റിപ്പോർട്ട്.
നഗരത്തിലെ പതിനഞ്ചിലധികം നിരീക്ഷണ കേന്ദ്രങ്ങളിൽ വായു ഗുണനിലവാരം 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. കട്ടി കൂടിയ വിഷപ്പുക പ്രധാന പാതകളെയും ജനവാസ മേഖലകളെയും പൂർണമായി വിഴുങ്ങി.
രൂക്ഷമായ പുകമഞ്ഞ് കാരണം കണ്ണിൽ നീറ്റലും കടുത്ത തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുന്നതായി യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. ഏതാനും കിലോമീറ്ററുകൾക്കപ്പുറമുള്ള പ്രശസ്തമായ അക്ഷർധാം ക്ഷേത്രം തൊട്ടടുത്ത മേൽപ്പാലത്തിൽനിന്നു നോക്കിയാൽ കാണാൻ കഴിയാത്ത വിധം കനത്ത പുകമഞ്ഞിൽ മറഞ്ഞുപോയി.
കാലാവസ്ഥാ ഘടകങ്ങൾ പ്രതികൂലമായതിനാൽ വരും മണിക്കൂറുകളിൽ സ്ഥിതി കൂടുതൽ വഷളായേക്കാമെന്നു മുന്നറിയിപ്പുണ്ട്. ഡൽഹി–നോയിഡ അതിർത്തിയിലും നോർത്ത് ഡൽഹിയിലെ ഇന്ദർലോകിലും കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് പകൽ സമയത്തും വാഹനങ്ങൾക്ക് ഹെഡ്ലൈറ്റുകൾ തെളിയിക്കേണ്ട
അവസ്ഥയാണ്. വായുമലിനീകരണം നിരീക്ഷിക്കുന്ന സ്വിസ് ഏജൻസിയായ ഐക്യു എയറിന്റെ കണക്കുകൾ പ്രകാരം സൗത്ത് ഡൽഹിയിലെ ഷഹ്ദരയിൽ വായുഗുണനിലവാരം ആയിരത്തിന് മുകളിലേക്ക് കുതിച്ചുയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

