മുണ്ടക്കയം ചോറ്റി കവലയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ചു ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണത്തിന് കീഴടങ്ങി. പനക്കച്ചിറ ഇല്ലിക്കുളത്ത് രാജൻ (63) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.
മാർച്ച് 1-ലെ രാവിലെ 8.15-ഓടെയാണ് ദേശീയപാതയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൂട്ടിക്കൽ സ്വദേശിയായ പുത്തൂർ ശാലോം (27) ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡിലുണ്ടായിരുന്ന 7 വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു.
ആത്മഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാൾ വാഹനം ഓടിച്ചതെന്ന് പിന്നീട് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശാലോം നിലവിൽ റിമാൻഡിലാണ്.
അപകടത്തിൽ രാജന്റെ കൊച്ചുമക്കളടക്കം ആകെ 14 പേർക്കാണ് പരുക്കേറ്റത്. പരേതന്റെ ഭാര്യ രമണിയും മക്കൾ രജിത, രഞ്ജു എന്നിവരും മരുമക്കൾ ബിജു, രാജേഷുമാണ്.

