ഉത്തർപ്രദേശിലെ കാൻപുരിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് നവജാത ശിശുവടക്കം മൂന്ന് കുടുംബാംഗങ്ങൾ മരണപ്പെട്ടു. ഇരുപത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് ദുരന്തത്തിൽ ജീവൻ വെടിഞ്ഞത്.
ഞായറാഴ്ച രാവിലെ എട്ടരയ്ക്കും ഒൻപതിനും ഇടയിലായിരുന്നു ഈ ദാരുണമായ സംഭവം ഉണ്ടായത്. വിനോദിനി ശുക്ല (60), മരുമകൾ അൻഷിക ശുക്ല (28), അൻഷികയുടെ 20 ദിവസം പ്രായമുള്ള മകൻ ആരവ് എന്നിവരാണ് മരണപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അൻഷികയുടെ ഭർത്താവ് ഹർഷ് ശുക്ല (32) അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് നാട്ടുകാർ ഓടിയെത്തിയാണ് പ്രാരംഭ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തപ്പോൾ, തന്റെ കുഞ്ഞിനെ സ്വന്തം ശരീരം കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കാൻ ശ്രമിച്ച നിലയിലായിരുന്നു അമ്മ അൻഷികയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് എല്ലാവരെയും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മൂന്നുപേരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.
രാവിലെ യാതൊരു മുന്നറിയിപ്പുമില്ലാതെ വീടിന്റെ മേൽക്കൂര പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. ഈ സമയം വീടിനുള്ളിൽ ഉണ്ടായിരുന്നവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയി.
അപകടം നടക്കുമ്പോൾ അൻഷിക കുഞ്ഞിന് മുലപ്പാൽ നൽകുകയായിരുന്നുവെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം 35 വർഷത്തോളം പഴക്കമുള്ളതാണ് തകർന്നുവീണ ഈ വീട്.
മഴക്കാലത്ത് മേൽക്കൂരയിലൂടെ ചോർന്നിറങ്ങിയ വെള്ളം കാരണമാണ് വീടിന്റെ ബലക്ഷയത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന് മുകളിൽ വലിയ തോതിൽ മഴവെള്ളം കെട്ടിനിന്നിരുന്നുവെന്നും, ഈ ഭാരം താങ്ങാനാവാതെയാണ് മേൽക്കൂര നിലംപൊത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

