പ്രസിദ്ധീകരണത്തിന് തൊട്ടുമുമ്പ് ഓർമ്മക്കുറിപ്പിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറിയ സംഭവത്തിൽ ആദ്യമായി പ്രതികരണവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രംഗത്ത്. കേന്ദ്ര സർക്കാരിനെതിരായ പരാമർശങ്ങളിൽ മാറ്റം വരുത്താൻ പ്രസാധകർ നിരന്തരം സമ്മർദ്ദം ചെലുത്തിയെന്ന് ദി ഗാര്ഡിയന് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി.
ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ‘ബിലോങ്ങിങ്- എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ് ഈ തുറന്നുപറച്ചിൽ. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്.എസ്.എസിനെയും വിമർശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന പ്രസാധകരുടെ ആവശ്യം തന്നെ അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തതായി സോണിയ ഗാന്ധി വ്യക്തമാക്കി.
എന്നാൽ ഈ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് അവർ പിന്മാറിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പുസ്തക പ്രസിദ്ധീകരണത്തിൽ നിന്ന് പിന്മാറിയത്.
തുടർന്ന് ഹാര്‍പ്പര്‍ കോളിന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതേസമയം, കോൺഗ്രസിലെ കുടുംബരാഷ്ട്രീയത്തെക്കുറിച്ചുള്ള ദി ഗാർഡിയൻ്റെ ചോദ്യത്തിൽ നിന്ന് അവർ ഒഴിഞ്ഞുമാറി.
ഇക്കാര്യം പാർട്ടിയോട് ചോദിക്കണമെന്നായിരുന്നു പ്രതികരണം. പുസ്തകത്തിലെ മറ്റ് ചില പരാമർശങ്ങളും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്നത് ടെലിവിഷനിൽ കണ്ടപ്പോൾ താൻ കരഞ്ഞുപോയെന്ന സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തലിനെതിരെ ബിജെപി കനത്ത വിമർശനവുമായി രംഗത്തെത്തി. 33 വർഷത്തിന് ശേഷമുള്ള ഈ പ്രതികരണം ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുള്ള മുതലക്കണ്ണീരാണെന്ന് ദില്ലി മന്ത്രി പര്‍വേഷ് വര്‍മ്മ ആരോപിച്ചു.
അയോധ്യയിൽ ദീപോത്സവം പുതിയ റെക്കോർഡുകൾ തീർക്കുമ്പോഴും കോൺഗ്രസിന്റെ മനസ്സിൽ ഇപ്പോഴും ബാബർ തന്നെയാണെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

