സംസ്ഥാനത്ത് മത്സ്യവിലയിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ഇങ്ങനെ പോയാൽ ഊണിനൊപ്പം മീൻ എന്ന മലയാളിയുടെ രീതി മാറ്റിവയ്ക്കേണ്ടി വരുമെന്ന സൂചനയാണ് നിലവിൽ മത്സ്യവിപണി നൽകുന്നത്.
ജൂൺ മുതൽ സെപ്റ്റംബർ വരെ ട്രോളിങ് നിരോധന സമയത്തുണ്ടാകുന്ന അതേവിലയാണ് നിലവിൽ മത്സ്യങ്ങൾക്കെന്ന് ജില്ലയിലെ വ്യാപാരികൾ പറയുന്നു. സാധാരണക്കാരുടെ ഇഷ്ടമീനായ ചെറിയമത്തിക്കു നിലവിൽ കിലോഗ്രാമിന് 140 മുതൽ 160 രൂപ വരെയാണ് വില.
കഴിഞ്ഞ നവംബറിൽ 100 രൂപയായിരുന്നു ചെറിയ മത്തിയുടെ വില. മറ്റു ജനപ്രിയ മത്സ്യങ്ങളുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്.
വലിയമത്തിക്ക് കിലോഗ്രാമിന് നിലവിൽ 300 രൂപ വരെയെത്തി. കഴിഞ്ഞവർഷം ഇതേസമയം 160 രൂപയായിരുന്നു വില.
കിളിമീനിന് 260 രൂപയാണ് നിലവിലെ വില. കഴിഞ്ഞവർഷം ഇത് 160 രൂപയായിരുന്നു.
അയലയ്ക്ക് നിലവിൽ 180 രൂപയുള്ളപ്പോൾ കഴിഞ്ഞവർഷം ഇതേസമയം 100 രൂപയായിരുന്നു വില. മറ്റു മത്സ്യങ്ങളുടെ വിലയിലും സമാനമായ വർധനയുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
ട്രോളിങ് നിരോധനത്തിനു ശേഷമുള്ള മാസങ്ങളിൽ ഇത്തരത്തിൽ വില വർധിക്കുന്നത് മത്സ്യവ്യാപാരികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. മാർച്ചിനു ശേഷമുള്ള ഏപ്രിൽ, മേയ് മാസങ്ങളിൽ കടലിൽ മത്സ്യലഭ്യത കുറയാറുണ്ട്.
ഇതിനുശേഷം ജൂൺ മുതൽ സെപ്റ്റംബർ വരെ കാലവർഷത്തിൽ ട്രോളിങ് നിരോധനവുമായിരിക്കും. മാർച്ച് വരെ ഇതേ അവസ്ഥ തുടർന്നാൽ കച്ചവടത്തെ സാരമായി ബാധിക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.
വില വർധിച്ചതോടെ, മത്സ്യം വാങ്ങുന്നവർ അളവ് കുറച്ചാണ് വാങ്ങുന്നത്. ഇതുമൂലം തങ്ങളുടെ വരുമാനം കുറയുകയാണെന്നും വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. അറബിക്കടലിൽ കാലവർഷമെത്തുമ്പോഴാണ് മത്സ്യങ്ങൾ കേരളത്തിന്റെ തീരത്തേക്ക് അടുക്കുന്നത്.
എന്നാൽ എൽനിനോ വർഷമായതിനാൽ കേരളത്തിൽ മഴലഭ്യത കുറഞ്ഞു. ഇതുമൂലം പ്രതീക്ഷിച്ച പോലെ കടലിൽ നിന്നു മത്സ്യങ്ങൾ ലഭിക്കാതെയായി.
സാധാരണ സീസണായ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ വിലവർധന ഉണ്ടാകാൻ കാരണവും ഇതാണ്. കോഴിക്കോട്ട് നിന്നു മത്സ്യങ്ങൾ വയനാട്ടിലേക്ക് എത്തിക്കുന്നതിന്റെ ചെലവ് കൂടി കണക്കാക്കുമ്പോൾ വ്യാപാരികൾക്ക് കടുത്ത പ്രതിസന്ധിയാണുണ്ടാകുന്നത്.
മത്സ്യ സീസൺ അവസാനിക്കുന്ന മാർച്ച് വരെ നിലവിലെ അവസ്ഥ തുടർന്നാൽ ലാഭം പ്രതീക്ഷിക്കുന്ന വ്യാപാരികളും കുറഞ്ഞ വിലയിൽ മീൻ വാങ്ങാൻ ആഗ്രഹിക്കുന്ന ജനങ്ങളും ഒരുപോലെ പ്രതിസന്ധിയിലാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

