കൊച്ചി ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നിയമപോരാട്ടം ശക്തമാക്കുന്നു. കേസിലെ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം.
നേരത്തെ, ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപടികൾ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന കോടതി റദ്ദാക്കിയിരുന്നുവെങ്കിലും, 17കാരന് ലഭിച്ച സ്റ്റേഷൻ ജാമ്യം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.
17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ജയബാലകൃഷ്ണന്റെ കുടുംബവും നൽകിയ ആവശ്യം എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുമ്പ് തള്ളിയിരുന്നു. അപകടമുണ്ടാക്കിയ 17കാരനെതിരെ നരഹത്യാക്കുറ്റം ചുമത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു.
അതിക്രൂര കുറ്റകൃത്യം അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത ആൾക്കെതിരെ എഫ്ഐആർ ഇടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, എഫ്ഐആറിലെ തിരുത്തിലും അപ്പീലിലെ പിഴവിലും വിമർശനം ഉയർത്തി. അധികാര പരിധിയിൽ ഇല്ലാത്ത ജാമ്യാപേക്ഷ പരിഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് 17കാരന് ജാമ്യം നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ് കോടതി റദ്ദാക്കിയത്.
അതേസമയം, കുട്ടിയുടെ അച്ഛനും കേസിലെ രണ്ടാം പ്രതിയുമായ അഡീഷണൽ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണത്തോട് സഹകരിക്കുന്നതും ജുഡീഷ്യൽ ഓഫീസറാണെന്നതും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്.
അച്ഛന് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 25ന് പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ടത്.
അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനാണ് രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നാണ് പൊലീസിന്റെ നിഗമനം.
അപകടത്തിന് തൊട്ടുമുമ്പ് 17കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

