കണ്ണൂർ താവക്കരയിലെ സെൽവ പാലസ് ക്വാർട്ടേഴ്സിൽ കടുത്ത പ്രതിസന്ധിയിലായി ഒരു വയോധിക ദമ്പതികളുടെ ജീവിതം. കിടപ്പിലായ ഭർത്താവിനെ പരിചരിക്കാനും നിത്യച്ചെലവുകൾ കണ്ടെത്താനും ബുദ്ധിമുട്ടുകയാണ് വിജയലക്ഷ്മി.
ചുമട്ടുതൊഴിലാളിയായിരുന്ന വി.കെ.മോഹനൻ (75) കഴിഞ്ഞ മൂന്ന് വർഷമായി പൂർണ്ണമായും കിടപ്പിലാണ്. ഇരുപത് വർഷം മുൻപ് ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണാണ് മോഹനന് ആരോഗ്യപ്രശ്നങ്ങൾ ആരംഭിക്കുന്നത്.
തലച്ചോറിൽ രക്തം കട്ടപിടിച്ചതായിരുന്നു കാരണം. ആദ്യകാലങ്ങളിൽ ഊന്നുവടിയുടെ സഹായത്തോടെ നടക്കാൻ കഴിഞ്ഞിരുന്നെങ്കിലും, വിജയലക്ഷ്മി വീട്ടുജോലിക്ക പോയാണ് കുടുംബം പുലർത്തിയിരുന്നത്.
ഇതിനിടെ തെന്നിവീണ് മോഹനന്റെ ഇടതുകൈമുട്ടിനും തുടയെല്ലിനും സാരമായി പരുക്കേൽക്കുകയുണ്ടായി. ഭീമമായ തുക ചെലവഴിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ഇപ്പോൾ എഴുന്നേറ്റു നിൽക്കാൻപോലും പരസഹായം ആവശ്യമാണ്.
ഭർത്താവിനെ പരിചരിക്കേണ്ടി വന്നതോടെ വിജയലക്ഷ്മിക്ക് വീട്ടുജോലിക്ക് പോകാൻ കഴിയാതെ വന്നു. ഇരുവരുടെയും ക്ഷേമപെൻഷൻ മാത്രമാണ് നിലവിലുള്ള ഏക ആശ്രയം.
ക്വാർട്ടേഴ്സ് വാടകയായ 9,000 രൂപയ്ക്കുപുറമേ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകളും അടയ്ക്കേണ്ടതുണ്ട്. ചികിത്സയ്ക്കും മരുന്നിനുമായി വലിയ തുക ആവശ്യമാണ്.
നേരത്തേ ഒരു സുഹൃത്ത് സഹായിച്ചിരുന്നുവെങ്കിലും ആ സഹായം പിന്നീട് നിലച്ചു. ആശ്വാസത്തിനായി 2016ൽ തളിപ്പറമ്പിലെ കൂനത്ത് സർക്കാർ മൂന്നു സെന്റ് ഭൂമി അനുവദിച്ചിരുന്നെങ്കിലും, സമീപത്ത് ആശുപത്രി ഇല്ലാത്തത് അവിടെ താമസിക്കുന്നതിന് തടസ്സമായി.
നിലവിൽ തണൽ സംഘടനയുടെ ഡോക്ടർ മാസത്തിലൊരിക്കൽ ക്വാർട്ടേഴ്സിലെത്തിയാണ് മോഹനനെ പരിശോധിക്കുന്നത്. അറുപത് കഴിഞ്ഞ വിജയലക്ഷ്മിയുടെ കണ്ണുകൾക്ക് തിമിരം ബാധിച്ചിരിക്കുകയാണ്.
ഇതുവരെ ശസ്ത്രക്രിയ നടത്താൻ സാധിച്ചിട്ടില്ല. പകൽ സമയത്ത് ഭർത്താവിനെ പരിചരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ വീട്ടുജോലിക്ക് പോയി വരുമാനം കണ്ടെത്താനാകുമായിരുന്നു എന്ന് വിജയലക്ഷ്മി പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

