തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി വീടുകൾ കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയും നൂറിലധികം പവൻ സ്വർണവും കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. നാട്ടുകാരുടെ ഇടയിൽ മാന്യനായ വ്യക്തിയായി നടന്നിരുന്ന മാറനല്ലൂർ സ്വദേശിയായ നിഷാന്ത് (27) ആണ് നരുവാമൂട് പൊലീസിന്റെ പിടിയിലായത്.
റസ്സൽപുരം ബെവ്കോ ഔറ്റ്ലെറ്റിലെ കയറ്റിറക്ക് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. ഇതിനുപുറമേ സ്വന്തമായി പശുഫാമും നടത്തിയിരുന്നു.
ആര്യങ്കോട്, കാട്ടാക്കട, മാലിയിൻകീഴ്, ബാലരാമപുരം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളിൽ പ്രതിയാണെങ്കിലും ഇയാൾ ആദ്യമായാണ് നിയമത്തിന് മുന്നിൽ അകപ്പെടുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വലിയറത്തല ഗോവിന്ദമംഗലം പ്ലാവറത്തലയിലെ ഒരു വീട് കുത്തിത്തുറന്ന് നടത്തിയ മോഷണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റ് നിരവധി മോഷണങ്ങളും താൻ നടത്തിയിട്ടുണ്ടെന്ന് ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ആഡംബര കാറുകളും ബൈക്കുകളും വാങ്ങി കൂട്ടുന്നതായിരുന്നു ഇയാളുടെ രീതി.
കൂടാതെ ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറി ടിക്കറ്റുകളും ഇയാൾ വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. ആഡംബര ബൈക്കുകളിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നിരീക്ഷിച്ച ശേഷം, പിൻവാതിലുകൾ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് ഇയാൾ അകത്തു കയറിയിരുന്നത്.
രാപ്പകൽ വ്യത്യാസമില്ലാതെയായിരുന്നു ഈ കവർച്ചകളെല്ലാം നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

