ഉറങ്ങിക്കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി മുംബൈ സ്വദേശിനിയായ ജിനിയ ചാറ്റർജി. രണ്ടുമാസം നീണ്ടുനിന്ന വ്യത്യസ്തമായൊരു മത്സരത്തിൽ വിജയിച്ചാണ് ജിനിയ 9.6 ലക്ഷം രൂപയും സ്പോൺസേഡ് അവധിക്കാല യാത്രയും സ്വന്തമാക്കിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി രണ്ട് ലക്ഷത്തിലധികം പേർ അപേക്ഷിച്ച സ്ലീപ്പ് ഇന്റേൺഷിപ്പിൽ ഇന്ത്യയുടെ സ്ലീപ്പ് ചാമ്പ്യനായാണ് ജിനിയ തിരഞ്ഞെടുക്കപ്പെട്ടത്. വേേക്ക്ഫിറ്റ് സംഘടിപ്പിച്ച ഈ വ്യത്യസ്തമായ ഇന്റേൺഷിപ്പിൽ ഉറക്കത്തിന് മുൻഗണന നൽകുക, കൃത്യമായ ഉറക്കസമയക്രമം പാലിക്കുക, ഓരോ ആഴ്ചയും സംഘടിപ്പിക്കുന്ന രസകരമായ ചലഞ്ചിൽ പങ്കെടുക്കുക എന്നിവയായിരുന്നു പ്രധാന നിബന്ധനകൾ.
രണ്ട് ലക്ഷത്തിലധികം അപേക്ഷകരിൽനിന്ന് വിവിധ ഘട്ടങ്ങളിലായുള്ള പരിശോധനകൾക്കും അഭിമുഖങ്ങൾക്കും ശേഷമാണ് പത്ത് പേരെ മത്സരത്തിനായി തിരഞ്ഞെടുത്തത്. ഏകദേശം 60 ദിവസം നീണ്ടുനിന്ന മത്സരത്തിൽ ഓരോരുത്തരുടെയും ഉറക്കത്തിന്റെ നിലവാരവും പ്രകടനവും നിരീക്ഷിച്ചു.
ദിവസേന ലഭിക്കുന്ന സ്കോറുകളുടെ അടിസ്ഥാനത്തിലാണ് ലീഡർബോർഡിൽ മത്സരാർത്ഥികളുടെ സ്ഥാനം നിശ്ചയിച്ചത്. ആവശ്യത്തിന് ഉറങ്ങുക എന്നതുമാത്രമായിരുന്നില്ല മത്സരത്തിന്റെ ലക്ഷ്യം.
വ്യത്യസ്തവും രസകരവുമായ ടാസ്ക്കുകളിലൂടെ സർഗാത്മകത തെളിയിക്കാനും മത്സരാർത്ഥികൾക്ക് അവസരമുണ്ടായിരുന്നു. ഓരോ ആഴ്ചയും വ്യത്യസ്തമായ ടാസ്ക്കുകളാണ് മത്സരാർത്ഥികൾക്കായി ഒരുക്കിയിരുന്നത്.
ഇതിൽ ഒന്നായിരുന്നു ‘സ്ലീപ്പ് സിനിമ’. ഉറക്കവുമായി ബന്ധപ്പെട്ട
രസകരമായ കാര്യങ്ങൾ ഉൾപ്പെടുത്തിയ പ്രശസ്ത സിനിമകളിലെ രംഗങ്ങൾ പുനരാവിഷ്കരിക്കുകയായിരുന്നു ഈ ടാസ്കിലൂടെ ചെയ്യേണ്ടിയിരുന്നത്. ‘സ്ലീപ്പ് ബിങ്കോ’ എന്ന മറ്റൊരു ചലഞ്ചിൽ ഒരാഴ്ചത്തെ സ്വന്തം ഉറക്കശീലങ്ങൾ വിലയിരുത്തണമായിരുന്നു.
ഇതിൽ ഏറെ കൗതുകകരമായ ഒന്നായിരുന്നു ‘അണ്ടർകവർ സ്ലീപ്പ് മിഷൻ’. ഒരു സംഭാഷണത്തിനിടെ ‘ബ്ലാങ്കറ്റ്’ അല്ലെങ്കിൽ ‘പില്ലോ’ എന്നീ വാക്കുകൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ പത്ത് തവണ ഉപയോഗിക്കുകയായിരുന്നു മത്സരാർത്ഥികൾക്ക് നൽകിയ ദൗത്യം.
ഓരോ ആഴ്ചയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നയാൾക്ക് ‘പ്രോ സ്ലീപ്പർ ഓഫ് ദ വീക്ക്’ എന്ന അംഗീകാരവും ലഭിച്ചു. രണ്ട് മാസത്തെ മത്സരത്തിനൊടുവിൽ ജിനിയ ചാറ്റർജി, രത്നഗിരി മണികണ്ഠൻ, മെഹക് ഖോട്ട് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി.
‘ബിഗ് ബെഡ്’ എന്ന പേരിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഫിനാലെയിൽ രണ്ട് പ്രധാന ചലഞ്ചുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തേത് ‘മെമ്മറി ഫോം ചലഞ്ച്’ ആയിരുന്നു.
നൽകുന്ന ചിത്രങ്ങൾ പരിശോധിച്ച് അതിന് സമാനമായി ഒരു കിടപ്പുമുറി ക്രമീകരിക്കുകയായിരുന്നു ദൗത്യം. മത്സരാർത്ഥികളുടെ നിരീക്ഷണശേഷി, ഓർമശക്തി, കൂട്ടായ പ്രവർത്തനം എന്നിവയായിരുന്നു ഇതിലൂടെ വിലയിരുത്തിയത്.
രണ്ടാമത്തെ വെല്ലുവിളി ‘സ്ലീപ്പ് ഓക്ഷൻ’ ആയിരുന്നു. മികച്ച ഉറക്കത്തിന് ആവശ്യമായ തലയണകൾ, പുതപ്പുകൾ, എയർ കണ്ടീഷനിംഗ് കണ്ട്രോള്സ്, ലൈറ്റിംഗ്, സൗണ്ട് സെറ്റിംഗ്സ് തുടങ്ങിയവ ലേലത്തിലൂടെ സ്വന്തമാക്കണമായിരുന്നു.
ഇതിനുശേഷം ഓരോ മത്സരാർത്ഥിയും തങ്ങൾക്കായി ഒരുക്കിയ ഇടത്ത് അവസാന രാത്രിയും ചെലവഴിച്ചു. ആ രാത്രിയിലെ ഉറക്കത്തിന്റെ സ്കോറുകൾ വിലയിരുത്തിയാണ് വിജയിയെ തീരുമാനിച്ചത്.
ഒടുവിൽ ജിനിയ ചാറ്റർജി ഒന്നാം സ്ഥാനം നേടി. ഇതോടെ 9.6 ലക്ഷം രൂപയ്ക്കൊപ്പം വേേക്ക്ഫിറ്റ് സ്പോൺസർ ചെയ്യുന്ന അവധിക്കാല യാത്രയും ജിനിയയ്ക്ക് ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

