കൊച്ചിയിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മറൈൻ ഡ്രൈവിൽ ഒരുക്കിയിരിക്കുന്ന പൊതുസമ്മേളനത്തിൻ്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ ഉത്തരവിട്ടു. കൊച്ചി ബോൾഗാട്ടി ഗോശ്രീ ജംഗ്ഷൻ മുതൽ മറൈൻ ഡ്രൈവിലേക്ക് ആരംഭിക്കുന്ന റാലിയിൽ വൻ ജനപങ്കാളിത്തം ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് ഈ നിയന്ത്രണങ്ങൾ ബാധകമാക്കിയിരിക്കുന്നത്. എറണാകുളം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, ചാത്യാത്ത് ജംഗ്ഷൻ, ഗോശ്രീ ഒന്നാം പാലം, ബോൾഗാട്ടി ജംഗ്ഷൻ എന്നിവയുമായി ബന്ധപ്പെട്ട
റോഡുകളിലേക്കാണ് പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ പാതകളിലൂടെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
കൂടാതെ, പ്രസ്തുത റോഡുകളിലും പരിസര പ്രദേശങ്ങളിലും യാതൊരുവിധത്തിലുള്ള വാഹന പാർക്കിംഗും അനുവദിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ബദൽ മാർഗങ്ങൾ: * വൈപ്പിൻ ഭാഗത്തുനിന്നും എറണാകുളത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ബോൾഗാട്ടി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കണ്ടെയ്നർ റോഡ്, ചേരാനെല്ലൂർ, ഇടപ്പള്ളി വഴി നഗരത്തിലേക്ക് പ്രവേശിക്കേണ്ടതാണ്.
അല്ലെങ്കിൽ വൈപ്പിൻ – ഫോർട്ട് കൊച്ചി ജങ്കാർ സർവീസ് പ്രയോജനപ്പെടുത്താം.
* ആലുവ, കാക്കനാട് ഭാഗങ്ങളിൽ നിന്നും ഹൈക്കോടതി വഴി വൈപ്പിനിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ പാലാരിവട്ടം, ഇടപ്പള്ളി, ചേരാനെല്ലൂർ വഴി കണ്ടെയ്നർ റോഡ് ആശ്രയിച്ച് യാത്ര ചെയ്യേണ്ടതാണ്.
* ഹൈക്കോടതി – മേനക റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ബാനർജി റോഡ്, ഷൺമുഖം റോഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കി എം.ജി. റോഡ് വഴി സർവീസ് ക്രമീകരിക്കണം.
* പറവൂർ, കളമശ്ശേരി, ചേരനല്ലൂർ ഭാഗങ്ങളിൽ നിന്നും കണ്ടെയ്നർ റോഡ് വഴി എറണാകുളം ഹൈക്കോടതി ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങൾ ചേരാനെല്ലൂർ, ചിറ്റൂർ, ആസ്റ്റർ മെഡിസിറ്റി റോഡ് വഴി പച്ചാളം റോഡിലെത്തി, തുടർന്ന് മത്തായി മാഞ്ഞൂരാൻ റോഡ് വഴി ഹൈക്കോടതി ഭാഗത്തേക്ക് പോകേണ്ടതാണ്.
പൊതുജനങ്ങളും വാഹനയാത്രക്കാരും യാതൊരുവിധ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ മേൽപ്പറഞ്ഞ ഗതാഗത നിയന്ത്രണങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുള്ള ബദൽ മാർഗങ്ങൾ ഉപയോഗപ്പെടുത്തണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. നിരോധിക്കപ്പെട്ട
മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി ഒഴിവാക്കണമെന്നും ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

