രാജ്യത്തുടനീളം അരങ്ങേറുന്ന ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ച് നൽകി വന്ന അന്തർജില്ലാ മാഫിയയുടെ പ്രധാന കണ്ണികൾ കൊച്ചിയിൽ പിടിയിലായി. കൊച്ചി സിറ്റി സൈബർ പോലീസും സൈബർ ഡോമും സംയുക്തമായി നടത്തിയ നീക്കത്തിലാണ് നിർണായക അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിപിൻ വിൻസെന്റ് (32, പള്ളുരുത്തി), അജിത് വർഗീസ് (27, കുമ്പളങ്ങി), മുഹമ്മദ് റോഷൻ (26, പാലക്കാട്) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ലളിതമായി പണം സമ്പാദിക്കാമെന്ന വ്യാജേന ജനങ്ങളെ സമീപിക്കുകയും, അവരുടെ ബാങ്ക് അക്കൗണ്ടുകൾ, പാസ്ബുക്കുകൾ, എടിഎം കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവ കൈക്കലാക്കി കുറ്റകൃത്യ സംഘങ്ങൾക്ക് എത്തിച്ചു നൽകുന്ന ഇടനിലക്കാരാണ് ഇവർ.
സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചായിരുന്നു സംഘം പരസ്പരം ബന്ധപ്പെട്ടിരുന്നത്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് രേഖകൾ കൈമാറാൻ ശ്രമിക്കുന്നതിനിടയിൽ എ.സി.പി അനന്തലാൽ നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘം പ്രതികളെ വളഞ്ഞു പിടിക്കുകയായിരുന്നു.
പിടിയിലായ വിപിൻ വിൻസെന്റിനെതിരെ കൂത്താട്ടുകുളം, അരൂർ പോലീസ് സ്റ്റേഷനുകളിലും, അജിത് വർഗീസിനെതിരെ വീയപുരം സ്റ്റേഷനിലും സമാനമായ കേസുകൾ നിലവിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഇവർക്കെതിരെ കേസുകളുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റ ആർ. നിശാന്തിനി ഐ.പി.എസിന്റെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, ഷിബിൻ, സബ് ഇൻസ്പെക്ടർ ബേബി എന്നിവരടങ്ങിയ സൈബർ വിദഗ്ധരും ഡാൻസാഫ് സംഘവുമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. സാമ്പത്തിക പ്രലോഭനങ്ങളിൽപ്പെട്ട് സ്വന്തം ബാങ്കിംഗ് രേഖകൾ മറ്റ് വ്യക്തികൾക്ക് കൈമാറുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

