നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 12 വർഷത്തെ കേന്ദ്രത്തിലെ ബി ജെ പി ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും വലിയ ക്ഷതമാണ് ഉണ്ടാക്കിയതെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടായാൽ പോലും കാര്യങ്ങൾ പൂർവസ്ഥിതിയിലേക്ക് എത്തിക്കുക എന്നത് ഏറെ ദുഷ്കരമാകുമെന്ന് അവർ പറഞ്ഞു.
സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളായ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ പുറത്തിറങ്ങുന്നതിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശങ്ങൾ. 2004 ൽ രാജ്യത്തിന്റെ പ്രധാനമന്ത്രി പദം നിരസിക്കാൻ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ലെന്നും, മൻമോഹൻ സിംഗ്മായി മികച്ച ടീമായി പ്രവർത്തിക്കാൻ കഴിഞ്ഞെന്നും അവർ വ്യക്തമാക്കി.
ഇറ്റലിക്കാരിയെന്ന് വിളിച്ച് രാഷ്ട്രീയ എതിരാളികൾ നടത്തിയ പ്രചാരണങ്ങൾ വല്ലാതെ വേദനിപ്പിച്ചുവെന്നും സോണിയ കൂട്ടിച്ചേർത്തു. അതേസമയം സോണിയ ഗാന്ധിയുടെ വിമർശനങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി ബി ജെ പി കേന്ദ്രമന്ത്രിമാർ രംഗത്തെത്തി.
ഇതേ സോണിയയുടെ പാർട്ടിയല്ലേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തിന്റെ വായമൂടിക്കെട്ടിയതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ചോദിച്ചു. 1975 ൽ നടന്ന കാര്യങ്ങൾ സോണിയ ഗാന്ധി മറന്നുപോയോ എന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളും പരിഹസിച്ചു.
നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ലോക രാജ്യങ്ങൾ ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയതെന്നും ബി ജെ പി നേതാക്കൾ അവകാശപ്പെട്ടു. അതേസമയം സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഇന്ത്യയിൽ ഹാർപ്പർ കോളിൻസാണ് പുറത്തിറക്കുക.
നവംബർ 10 ന് ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകം പുറത്തിറങ്ങുമെന്ന് ഹാർപ്പർ കോളിൻസ് അറിയിച്ചു. ഇന്ത്യയുടെ യാത്രയെ കുറിച്ചുള്ള അപൂർവ്വമായൊരു അകക്കാഴ്ചയും പുസ്തകം നൽകുമെന്നാണ് പ്രസാധകരുടെ പക്ഷം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

