കൊച്ചി കാക്കനാടിൽ സ്വകാര്യ ബസ് ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഐടി ജീവനക്കാരി അക്ഷരയുടെ വിയോഗത്തിൽ പ്രതികരിച്ച് കുടുംബം രംഗത്ത്. ക്രിമിനലുകളെ ജോലിക്കെടുക്കുന്നതിനെതിരെ ബസ്സുടമകൾ ഗൗരവമായി ചിന്തിക്കണമെന്ന് അക്ഷരയുടെ പിതാവ് ഓമനക്കുട്ടൻ വ്യക്തമാക്കി.
പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നും തങ്ങൾക്കുണ്ടായ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡിന്റെ പരമാവധി ഓരം ചേർന്നാണ് അക്ഷര നടന്നതെന്നും എന്നാൽ അലക്ഷ്യമായിയെത്തിയ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിതത്തിന്റെ പുതിയ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചുതുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂവെന്നും ഇനി ആർക്കും ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടാകരുതെന്നും ഭർത്താവ് വരുൺ കണ്ണീരോടെ ഓർത്തു. ജിമ്മിൽ പോയ അക്ഷര പതിവായി തിരിച്ചെത്തുന്ന സമയമായിട്ടും എത്താതിരുന്നതിനെത്തുടർന്നുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു.
ജിമ്മിൽ നിന്നും തിരിച്ചെത്തിയ ശേഷം ഒരുമിച്ച് ഓഫീസിലേക്ക് പോകാൻ തീരുമാനിച്ചിരുന്നതാണ്. തുടർന്ന് ചെറിയൊരു അപകടം പറ്റിയിട്ടുണ്ടെന്നും ആശുപത്രിയിലാണെന്നും കാണിച്ച് ജിം ട്രെയിനറുടെ ഫോൺ കോൾ വരികയായിരുന്നു.
എന്നാൽ ഇത്രയും വലിയ ദുരന്തമാണ് സംഭവിച്ചതെന്ന് അപ്പോൾ കരുതിയിരുന്നില്ലെന്നും ആശുപത്രിയിൽ എത്തുമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്നും വരുൺ പറഞ്ഞു. ബസ്സുകളുടെ മത്സരയോട്ടങ്ങളെക്കുറിച്ച് നിരവധി വാർത്തകൾ കണ്ടും കേട്ടും അറിവുണ്ടെങ്കിലും, ഇപ്പോൾ ആ ദുരന്തം തന്റെ കുടുംബത്തെയാണ് തേടിയെത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡിലൂടെ സഞ്ചരിക്കുന്ന സാധാരണക്കാരുടെ ജീവന് എന്ത് സുരക്ഷയാണുള്ളതെന്ന നിർണായക ചോദ്യം കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ഉന്നയിച്ചിരുന്നു. നിരപരാധിയായ 28 കാരിയുടെ ജീവനെടുത്ത സംഭവത്തിൽ സിസ്റ്റം കുടുംബത്തോട് മാപ്പ് പറഞ്ഞോയെന്നും ക്രിമിനലുകളെ ഡ്രൈവർമാരാക്കുന്ന ബസുടമകൾക്കെതിരെ എന്തുകൊണ്ട് ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും കോടതി വിമർശിച്ചിരുന്നു.
കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങളും മരണപ്പാച്ചിലും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊലീസ് പ്രത്യേക പരിശോധനകൾ (സ്പെഷ്യൽ ഡ്രൈവ്) ആരംഭിച്ചിരുന്നെങ്കിലും അതൊന്നും കാര്യമായ ഫലം കണ്ടിരുന്നില്ല. കൊച്ചി സിറ്റി പൊലീസ് നടത്തിയ വിപുലമായ പരിശോധനകളിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് സ്വകാര്യ ബസുകൾക്കെതിരെ വെറും ഒരു മാസത്തിനിടെ 2000 കേസുകൾ ആണ് രജിസ്റ്റർ ചെയ്തത്.
എന്നാൽ ഇതിൽ ഭൂരിഭാഗം കേസുകളും നാമമാത്രമായ പിഴയടയ്ക്കലിൽ മാത്രം ഒതുങ്ങുകയാണ് ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

