കൊല്ലം ജില്ലയിലെ പാരിപ്പള്ളി ഐഒസി ബോട്ലിങ് പ്ലാന്റിലെ അതീവ സുരക്ഷാ മേഖലയിലേക്ക് നിയന്ത്രണം വിട്ടോടിച്ച കാർ പാഞ്ഞുകയറി. പാചകവാതകം നിറച്ചു നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ടാങ്കറുകളിലേക്ക് കാർ ഇടിച്ചുകയറിയെങ്കിലും വാതകച്ചോർച്ച സംഭവിക്കാത്തത് വൻ ദുരന്തം ഒഴിവാക്കി.
ഇന്നലെ രാത്രി എട്ടരയോടെയാണ് പ്ലാന്റിനുള്ളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്ലാന്റിലേക്ക് പാചകവാതകവുമായി എത്തിയ 20 ബുള്ളറ്റ് ടാങ്കറുകൾ യാഡിൽ നിർത്തിട്ടിരിക്കുന്നതിനിടയിലേക്കാണ് കാർ അതിവേഗത്തിൽ എത്തിയത്.
അതീവ സുരക്ഷാ മേഖലയിലേക്ക് കാർ അതിക്രമിച്ചുകയറിയത് ജീവനക്കാരിലും അധികൃതiരിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഗേറ്റിലും മറ്റ് തടസ്സങ്ങളിലും ഇടിച്ചശേഷം കാർ ടാങ്കറുകൾക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.
എന്നാൽ ടാങ്കറുകളുടെ വാൽവുകളിൽ തട്ടാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി. സുരക്ഷാ ജീവനക്കാർ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും കാറിന്റെ വേഗത കാരണം തടയാനായില്ല.
ഒടുവിൽ കാർ തനിയെ നിന്നതോടെ ഉള്ളിലുണ്ടായിരുന്നവരെ ജീവനക്കാർ പിടികൂടി പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ കൈമാറി. പരവൂർ കലയ്ക്കോട് സ്വദേശികളാണു കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
15 മുതൽ 18 ടൺ വരെ പാചകവാതകം സംഭരിച്ച ബുള്ളറ്റ് ടാങ്കറുകളാണു യാഡിൽ ഉണ്ടായിരുന്നത്. ഓരോ ടാങ്കറിലും 342 സിലിണ്ടർ വീതം 5 ലോറികളിൽ വിതരണം ചെയ്യാൻ ആവശ്യമായ പാചകവാതകം ഉണ്ടായിരുന്നു.
പ്ലാന്റിലെ സംഭരണിയിലേക്ക് മാറ്റുന്നതിനായി ഊഴം കാത്തുകിടന്നിരുന്ന ടാങ്കറുകളിലേക്കാണ് കാർ ഇടിച്ചുകയറിയത്. വാതകച്ചോർച്ചയോ അല്ലെങ്കിൽ ടാങ്കറിനു സമീപം ഉണ്ടാകാൻ സാധ്യതയുള്ള ചെറിയൊരു തീപ്പൊരിയോ പോലും പ്രദേശത്ത് വൻ ദുരന്തത്തിന് വഴിവയ്ക്കുമായിരുന്നു.
അപകടത്തിൽ ടാങ്കറുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചപ്പോൾ കാർ പൂർണ്ണമായും തകർന്നു. നൂറുകണക്കിന് ആളുകളുടെ ജീവൻ അപായപ്പെടുത്താമായിരുന്ന ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൽപിജി എംപ്ലോയീസ് യൂണിയൻ– ഐഎൻടിയുസി പ്രസിഡന്റ് മൈലക്കാട് സുനിൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

