സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ തുടരുന്നതിനിടയിൽ, മൂവാറ്റുപുഴയിൽ 29.020 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ പൊലീസിന്റെ വലയിലായത്.
വളയൻചിറങ്ങര പുത്തൂരൻ കവല ഭാഗം കളത്തി പറമ്പിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻ കുന്നു വീട്ടിൽ ആദർശ് അനൂപ് (19) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എംഎസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മൂവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജിന്റെ മേൽനോട്ടത്തിൽ പ്രതികൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഇതിനിടയിലാണ് തൃക്കളത്തൂർ സൊസൈറ്റിപടി ഭാഗത്തുനിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. ഗോവയിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ കേരളത്തിലെത്തിച്ച്, ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വിൽപ്പന നടത്തിവരികയായിരുന്നു ഇവരെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പ്രതികളെ പിടികൂടിയ സംഘത്തിൽ മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജു, എസ്ഐ ബി റോഷ്നി, എഎസ്ഐമാരായ പി എസ് സലിം, എം അനീഷ്, കെ. എ അനസ്, സീനിയർ സിപിഒമാരായ വർഗീസ് റ്റി വേണാട്ട്, ഗീരിഷ്, സിപിഒമാരായ ഇർഫാൻ ഹബീബ്, സിജാസ്, ശ്രീജു, എം.കെ ഷിയാസ്, ദയേഷ്, ബഷീറ എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

