ആഹാരപ്രിയർക്കിടയിൽ എന്നും വലിയ ചർച്ചാവിഷയമായ ഒന്നാണ് പിസ്സയിൽ പൈനാപ്പിൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
ഇപ്പോഴിതാ, പിസ്സയിൽ പൈനാപ്പിൾ ചേർക്കാൻ വിസമ്മതിച്ചതിന് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ നഗരത്തിലുള്ള ഒരു റെസ്റ്റോറന്റിൽ നിന്ന് ഇറ്റാലിയൻ ഷെഫിനെ പുറത്താക്കിയ വാർത്തയാണ് പുറത്തുവരുന്നത്. ബ്രിസ്ബെയ്ൻ നഗരത്തിലെ ‘ലാ കോസ്റ്റ’ എന്ന പ്രമുഖ റെസ്റ്റോറന്റിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്.
റെസ്റ്റോറന്റിൽ നടന്ന ഒരു ചടങ്ങിൽ അതിഥികൾക്കായി ‘ഹാം ആൻഡ് പൈനാപ്പിൾ’ പിസ്സ തയ്യാറാക്കാൻ മാനേജ്മെന്റ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പിസ്സയിൽ പൈനാപ്പിൾ ചേർക്കുന്നത് തന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നും അത് പിസ്സയോടുള്ള അനാദരവാണെന്നും വ്യക്തമാക്കി ഷെഫ് ദാവിദ തംബുറെല്ല ഈ ആവശ്യം ശക്തമായി എതിർക്കുകയും നിരസിക്കുകയും ചെയ്യുകയായിരുന്നു.
സ്വന്തം പാരമ്പര്യത്തിനും സംസ്കാരത്തിനും നിരക്കാത്ത ഇത്തരം നിർദ്ദേശങ്ങൾ പാലിക്കാൻ തനിക്ക് ബാധ്യതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ മൂന്ന് തവണയാണ് തംബുറെല്ല പിസ്സയിൽ പൈനാപ്പിൾ ചേർക്കാനുള്ള ആവശ്യം തള്ളിക്കളഞ്ഞത്.
തുടർന്ന് മാനേജ്മെന്റ് അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിട്ടുവെന്ന് കാണിച്ച് ദാവിദ തംബുറെല്ല ഓസ്ട്രേലിയയിലെ ‘ഫെയർ വർക്ക് കമ്മീഷനെ’ സമീപിച്ചെങ്കിലും, നിയമപരമായ ഹർജി നൽകാനുള്ള സമയപരിധി കഴിഞ്ഞിരുന്നതിനാൽ കമ്മീഷൻ അദ്ദേഹത്തിന്റെ അപേക്ഷ തള്ളിക്കളയുകയായിരുന്നു.
എന്നാൽ, പിസ്സ ടോപ്പിംഗുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല ഷെഫിനെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചതെന്ന് റെസ്റ്റോറന്റ് മാനേജ്മെന്റ് വിശദീകരിക്കുന്നു.
സഹപ്രവർത്തകരോടുള്ള മോശം പെരുമാറ്റം, അസഭ്യം പറയൽ, ജോലിസ്ഥലത്ത് ദേഷ്യം നിയന്ത്രിക്കാനാകാതെ മെറ്റൽ ഹാൻഡ്റെയിലിൽ അടിച്ച് കൈയിലെ അസ്ഥിക്ക് പരിക്കേൽപ്പിച്ച സംഭവങ്ങൾ എന്നിവയും മാനേജ്മെന്റ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സംഭവവികാസങ്ങളെ തുടർന്ന്, ദാവിദ തംബുറെല്ലയുടെ ഓസ്ട്രേലിയൻ സ്ഥിരതാമസത്തിനായുള്ള (പി.ആർ) വിസ സ്പോൺസർഷിപ്പ് നടപടികളും റെസ്റ്റോറന്റ് അധികൃതർ അവസാനിപ്പിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ‘ലാ കോസ്റ്റ’യിൽ സേവനം അനുഷ്ഠിച്ചിരുന്ന തംബുറെല്ല, നിലവിൽ ബ്രിസ്ബെയ്ൻ നഗരത്തിലെ തന്നെ മറ്റൊരു റെസ്റ്റോറന്റിൽ ജോലി ചെയ്തുവരികയാണ്. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കപ്പെടുന്ന ക്വീൻസ്ലാന്റ് സംസ്ഥാനത്താണ് ഈ രസകരവും എന്നാൽ വിവാദപരവുമായ സംഭവം നടന്നിട്ടുള്ളത് എന്നത് മറ്റൊരു യാദൃശ്ചികതയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

