ഫറോക്ക് ചെറുവണ്ണൂർ മേൽപ്പാലം നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ ദേശീയപാതയിൽ സമ്പൂർണ്ണ ഗതാഗത നിയന്ത്രണം നടപ്പിലാക്കാൻ ആലോചന. ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിക്കുന്നതിനായി ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങളിലേക്ക് അധികൃതർ എത്തിച്ചേർന്നിരിക്കുന്നത്. ട്രാഫിക് പൊലീസ്, മോട്ടർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്.
ഈ മാസം 9-ന് രാത്രി 10 മണി മുതൽ ആരംഭിക്കുന്ന ഗതാഗത നിയന്ത്രണം 12-ന് രാത്രി 10 മണിവരെ നീണ്ടുനിൽക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പാലത്തിന്റെ മധ്യഭാഗത്തായി ഇനി ആകെ 29 ഗർഡറുകളാണ് സ്ഥാപിക്കാനുള്ളത്.
ഇതിൽ നിലവിൽ നിർമ്മിച്ചു വെച്ചിരിക്കുന്ന 18 ഗർഡറുകൾ ഘടിപ്പിക്കുന്നതിനായാണ് വീണ്ടും കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ വിഷയത്തിൽ ജില്ലാ കലക്ടറുടെ ഭാഗത്തുനിന്നും അന്തിമ ഉത്തരവ് ഉടൻ ഉണ്ടാകും.
റോഡ് പൂർണ്ണമായി അടച്ചിടുന്ന സാഹചര്യത്തിൽ ചെറുവണ്ണൂർ വഴിയുള്ള സാധാരണ ഗതാഗതത്തിന് തടസ്സമുണ്ടാകും. അതിനാൽ ദീർഘദൂര വാഹനങ്ങൾ ദേശീയപാത വഴി തിരിച്ചുവിടാനാണ് അധികൃതർ ആലോചിക്കുന്നത്.
എന്നാൽ ചെറുവണ്ണൂർ ജംക്ഷൻ പൂർണ്ണമായി അടച്ചിടില്ലെന്നും തുറന്നു നൽകുമെന്നും അധികൃതർ അറിയിച്ചു. ഇതിലൂടെ ബിസി റോഡിലും കൊളത്തറ റോഡിലും വാഹനങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ സാധിക്കും.
നേരത്തെ ഈ മാസം 4-ാം തീയതി രാത്രി 10 മണി മുതൽ 6-ാം തീയതി രാത്രി 10 മണിവരെ ഗതാഗത നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും, കടലുണ്ടി വാവുത്സവം, തുലാം മാസ വാവുബലി തർപ്പണം എന്നിവ കണക്കിലെടുത്താണ് പൊതുജനങ്ങളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാൻ തീരുമാനം മാറ്റിവെച്ചത്. കഴിഞ്ഞ സെപ്റ്റംബർ 21 മുതൽ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
അന്ന് നാല് ദിവസങ്ങൾകൊണ്ട് 13 ഗർഡറുകൾ സ്ഥാപിക്കാൻ സാധിച്ചെങ്കിലും, പിന്നീട് ഗാൻട്രി ക്രെയിൻ തകരാറിലായതിനെത്തുടർന്ന് പണികൾ തടസ്സപ്പെടുകയായിരുന്നു. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി 89 കോടി രൂപ ചെലവഴിച്ചാണ് ചെറുവണ്ണൂരിൽ ഈ മേൽപ്പാലം നിർമ്മിക്കുന്നത്.
700 മീറ്റർ നീളത്തിലും 16 മീറ്റർ വീതിയുമുള്ള ഈ നാലുവരി മേൽപ്പാലത്തിന് 25 മീറ്റർ വീതമുള്ള 14 സ്പാനുകളാണുള്ളത്. ഒരു സ്പാനിൽ 6 ഗർഡറുകൾ വീതം ആകെ 84 എണ്ണമാണ് വേണ്ടത്.
ഇതിൽ മേൽപ്പാലത്തിന്റെ ഉയരം കൂടിയ ഭാഗമായ ചെറുവണ്ണൂർ ജംക്ഷനിൽ ഉൾപ്പെടെ 55 ഗർഡറുകൾ ഇതിനോടകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധനയിൽ തഹസിൽദാർ സി.ശ്രീകുമാർ, ട്രാഫിക് അസി.കമ്മിഷണർ പി.സി.ചാക്കോ, സിഐ എൽ.നിയാസ്, കേരള റോഡ് ഫണ്ട് ബോർഡ് അസി.എക്സിക്യൂട്ടീവ് എൻജിനീയർ പി.ഇന്ദു, അസി.എൻജിനീയർ ടി.എസ്.ഹൃദ്യ, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ജിനേഷ്, എഎംവിഐ എൻ.പ്രേംകുമാർ, കോർപ്പറേഷൻ സ്ഥിരസമിതി അധ്യക്ഷൻ സി.സന്ദേശ്, കൗൺസിലർ എം.പി.മുനീർ, വിവിധ കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അതേസമയം, മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ചെറുവണ്ണൂരിൽ വീണ്ടും റോഡ് അടച്ചിടാനുള്ള ജനദ്രോഹ നടപടികൾ തിരുത്തണമെന്ന് വെൽഫെയർ പാർട്ടി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. 18 ഗർഡറുകൾ മാത്രം സ്ഥാപിക്കാൻ മൂന്ന് ദിവസം റോഡ് പൂർണ്ണമായി അടച്ചിടുന്ന രീതി ഉപേക്ഷിക്കണമെന്നും, ബാക്കിയുള്ള മുഴുവൻ ഗർഡറുകളുടെയും നിർമ്മാണം പൂർത്തിയാക്കിയ ശേഷം 29 ഗർഡറുകളും ഒന്നിച്ച് സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡന്റ് മുഹമ്മദ് സമീർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. താസിം താരിഖ്, എ.സിയാസ്, ബേബി ഗിരിജ, ലത്തീഫ് കരിമ്പാടം, അനൂപ് കരിമ്പാടം, എസ്.പി.ഗഫൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

