സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കാർഷിക അവബോധം സജീവമാക്കുന്നതിനായി കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച കതിർ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം മോഹൻലാലിനെ നിയമിച്ചു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ കേരളത്തിലെ 500 വിദ്യാലയങ്ങളിൽ കാർഷിക ക്ലബ്ബുകൾ സ്ഥാപിക്കാനാണ് തീരുമാനം.
താൻ സ്വന്തം വീടിനോട് ചേർന്ന് കൃഷി ചെയ്യുന്ന വ്യക്തിയാണെന്നും കാർഷിക മേഖലയോട് വലിയ ആഭിമുഖ്യമുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. “കതിർ പദ്ധതി വലിയൊരു വിപ്ലവമായി മാറട്ടെയെന്ന്” അദ്ദേഹം ആശംസിച്ചു.
കുട്ടികളുടെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ താരം, “വെർച്വൽ ലോകത്തെ സ്ക്രീനുകളിൽനിന്ന് മാറി മണ്ണിലേക്കിറങ്ങാൻ കുട്ടികളും തയ്യാറാകണം” എന്ന് ആഹ്വാനം ചെയ്തു. കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനുള്ള സർക്കാർ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു.
“ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങാൻ കഴിയട്ടെ” എന്ന് ആശംസിച്ച അദ്ദേഹം, തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ പൂർണ്ണ പിന്തുണയും പദ്ധതിക്ക് വാഗ്ദാനം ചെയ്തു. ചടങ്ങിൽ സംസാരിച്ച കൃഷിവകുപ്പ് മന്ത്രി അഡ്വ.
ടി. സിദ്ദിഖ്, ഈ തീരുമാനത്തോടെ കാർഷിക മേഖലയിൽ വലിയൊരു മുന്നേറ്റത്തിന് തുടക്കമായെന്ന് അഭിപ്രായപ്പെട്ടു.
വരും അധ്യയന വർഷത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ക്ലബ്ബുകൾ വ്യാപിപ്പിക്കാനാണ് കൃഷി വകുപ്പിന്റെ ലക്ഷ്യം. പദ്ധതിയുടെ ഏകോപനത്തിനായി പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിക്കും.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഉദ്യോഗസ്ഥർക്കായി രണ്ടു ദിവസത്തെ പരിശീലന പരിപാടി നേരത്തെ പൂർത്തിയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

