ന്യൂഡൽഹി: ഡൽഹിയിലെ മഹൂർ വിഹാർ ഫെയ്സ് രണ്ട് ഭാഗത്തുള്ള ലവ്ലി ഹെറിറ്റേജ് സ്കൂളിൽ ഒമ്പതുവയസ്സുകാരി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച നടന്ന സംഭവത്തിൽ, മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ദാരുണമായി മരണപ്പെട്ടത്.
ഗെയിംസ് പിരീഡിന് ശേഷം ക്ലാസിലേക്ക് തിരിച്ചെത്തിയ ഉടനെയാണ് കുട്ടി തളർന്നുവീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അവശയായ നിലയിൽ ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടി, അരയിൽ കൈകൾ വെച്ച് നിൽക്കുന്നതും തൊട്ടുപിന്നാലെ തറയിലേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർഥിനി വീണ ഉടൻ തന്നെ അധ്യാപികയും സഹപാഠികളും ചേർന്ന് കുട്ടിയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും കസേരയിൽ ഇരുത്തി മുഖത്ത് വെള്ളം തളിക്കുന്നതും വിഡിയോയിലുണ്ട്.
ആരോഗ്യനില വഷളായതോടെ സ്കൂൾ അധികൃതർ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചു. തുടർന്ന് നിർമൻ വിഹാറിലെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പ്രാഥമിക നിഗമനം ഹൃദയാഘാതമാണ് മരണകാരണമെന്നാണ്. അതേസമയം, വിദ്യാർഥിനി കുഴഞ്ഞുവീണിട്ടും അധ്യാപകരോ സ്കൂൾ ജീവനക്കാരോ അടിയന്തരമായി സി.പി.ആർ (CPR) നൽകാൻ തയ്യാറായില്ല എന്ന പരാതി ശക്തമായി ഉയരുകയാണ്.
അടിയന്തര സാഹചര്യത്തിൽ പ്രഥമശുശ്രൂഷ നൽകുന്നതിൽ സ്കൂൾ അധികൃതർ വരുത്തിയ വീഴ്ചയ്ക്കെതിരെ കുട്ടിയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.
കുട്ടി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ശരിയായ രീതിയിലുള്ള പ്രഥമശുശ്രൂഷ നൽകാതെ കുട്ടിയെ എടുത്തു മാറ്റാൻ ശ്രമിച്ചത് ദോഷകരമായെന്നും, അടിയന്തര സാഹചര്യത്തിൽ സി.പി.ആർ നൽകാൻ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

