ഉദ്യോഗാർത്ഥികളുടെ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സിജെപി കേരള ഘടകം രംഗത്ത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടനയുടെ നേതൃത്വത്തിൽ 12 മണിക്കൂർ നിരാഹാര സത്യഗ്രഹം ആരംഭിച്ചു.
രാവിലെ എട്ടു മണി മുതലാണ് സമരപ്പന്തലിൽ നിരാഹാരം ആരംഭിച്ചത്. സിജെപി സൗത്ത് സോൺ കോർഡിനേറ്റർമാർ സമരപ്പന്തലിൽ നേരിട്ടെത്തി പിന്തുണ അറിയിച്ചു.
കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഇടംനേടിയ ഉദ്യോഗാർത്ഥികൾക്ക് അർഹമായ നിയമനം നേടിയെടുക്കാൻ തെരുവിൽ സമരം ചെയ്യേണ്ടി വരുന്ന സാഹചര്യം ദൗർഭാഗ്യകരമാണെന്ന് സിജെപി നേതാക്കൾ വ്യക്തമാക്കി. എൽപിഎസ്ടി പ്രതിഷേധക്കാർക്ക് നീതി ലഭിക്കുന്നത് വരെ തങ്ങൾ സമരമുഖത്തുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.
സമരം 123–ാം ദിവസത്തിലേക്ക് കടന്നിട്ടും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെത്തുടർന്നാണ് സിജെപി രംഗത്തുവന്നത്. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തികഞ്ഞ ധാർഷ്ട്യമാണെന്ന് സമരസമിതി കൺവീനർ വളർമതി പ്രതികരിച്ചു.
പ്രശ്നം പരിഹരിക്കാൻ സർക്കാരിന് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ നിലപാടെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുക എന്നത് മാത്രമാണ് ഈ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം.
അതു നടപ്പിലാക്കുന്നത് വരെ എന്തു വിലകൊടുത്തും ശക്തമായ സമരവുമായി മുന്നോട്ട് പോകും. ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്നത് ന്യായമായ ആവശ്യമാണോ എന്നുപോലും സർക്കാർ പരിശോധിച്ചിട്ടില്ല.
പ്രതിപക്ഷത്തിരുന്നപ്പോൾ ഇത് ന്യായമായ ആവശ്യമാണെന്ന് കരുതിയവർ ഇപ്പോൾ നിലപാട് മാറ്റുന്നത് എന്തിനാണെന്ന് വളർമതി ചോദിച്ചു. വോട്ടു ലക്ഷ്യമിട്ടുമാത്രം പറയുന്ന വാഗ്ദാനങ്ങൾ ജനം കൃത്യമായി വിലയിരുത്തും.
അനുപാതം കുറച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

