കോഴിക്കോട് വിമാനത്താവളത്തിൽ അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ സജീവമാണെങ്കിലും, കള്ളക്കടത്തുകൾ സുഗമമായി പുറത്തുപോകുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. യാത്രക്കാരുടെ ശരീരത്തിലും ലഗേജുകളിലും ഒളിപ്പിക്കുന്ന സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പലപ്പോഴും യന്ത്രങ്ങളുടെ കണ്ണിൽപ്പെടാതെ പോകുന്നുണ്ട്.
എന്നാൽ വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പ്രതികളെ പിടികൂടുന്ന സംഭവങ്ങൾ വലിയ തോതിലുള്ള ദുരൂഹതകളാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ കരിപ്പൂരിൽ നടന്ന പ്രധാനപ്പെട്ട
മൂന്ന് സംഭവങ്ങൾ പരിശോധനാ സംവിധാനങ്ങളുടെ പോരായ്മ വ്യക്തമാക്കുന്നതാണ്. ദുബായിൽ നിന്ന് എത്തിയ ഒരു യുവതി നിബന്ധനകളിൽ ഇളവുള്ള അളവിലും അധികമായി 18 പവൻ അതായത് 143.93 ഗ്രാം സ്വർണാഭരണങ്ങളുമായി യാതൊരുവിധ നികുതിയുമടയ്ക്കാതെയാണ് പുറത്തുകടന്നത്.
തുടർന്ന് പുളിക്കലിൽ വെച്ച് പൊലീസ് സംഘത്തെ പിടികൂടിയപ്പോഴാണ് ഈ വിവരം പുറത്തുവന്നത്. മറ്റൊരു സംഭവത്തിൽ, ബഹ്റൈനിൽ നിന്ന് എത്തിയ യുവതി എമർജൻസി ലാംപിനുള്ളിൽ 14 സ്വർണപ്പാളികളിലായി ഒളിപ്പിച്ചു കടത്തിയത് 102 പവൻ സ്വർണമാണ്.
സംശയമുള്ള ലഗേജുകൾ ഉദ്യോഗസ്ഥർ അടയാളപ്പെടുത്താറുണ്ടെങ്കിലും, ഈ ബാഗേജിൽ യാതൊരുവിധ പരിശോധനാ അടയാളങ്ങളും രേഖപ്പെടുത്തിയിരുന്നില്ല. അതുപോലെതന്നെ, വിലകൂടിയ 15 മൊബൈൽ ഫോണുകൾ മൂന്ന് പൊതികളിലായി ലഗേജിൽ ഒളിപ്പിച്ച മറ്റൊരു സംഘവും യാതൊരു തടസ്സവുമില്ലാതെ വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു.
ഇത്തരം നിയമവിരുദ്ധ വസ്തുക്കൾ സുരക്ഷാ പരിശോധനകളിൽ കുടുങ്ങാതിരിക്കാൻ ചില ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന ആക്ഷേപം ശക്തമാണ്. സ്വർണക്കടത്തുകാരുമായി ചിലർക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളും മുൻപ് അന്വേഷണങ്ങൾക്ക് കാരണമായിട്ടുണ്ട്.
വിമാനത്താവള പരിസരത്ത് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനായി ക്വട്ടേഷൻ സംഘങ്ങൾ സജീവമാണെന്നതിന്റെ ഉദാഹരണമാണ് അടുത്തിടെയുണ്ടായ സംഭവങ്ങൾ. യാത്രക്കാരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ചോർത്തിയും, പലപ്പോഴും യാത്രക്കാർ തന്നെ ക്വട്ടേഷൻ സംഘങ്ങളുമായി ചേർന്ന് ലാഭം പങ്കിടാൻ നടത്തുന്ന നാടകങ്ങളും പൊലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള കരിപ്പൂർ സ്ക്വാഡ് രൂപീകരിച്ചതിനുശേഷം ഇതുവരെ 21 ഓളം കവർച്ചാ ശ്രമങ്ങളാണ് ഇവിടെ തടയാൻ കഴിഞ്ഞിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

