ബെംഗളൂരുവിൽ പ്രണയബന്ധത്തിന്റെ പേരിൽ മലയാളി യുവാവിനെ ഫാക്ടറി ഉടമ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. പാലക്കാട് തിരുവേഗപ്പുറ സ്വദേശിയായ കിരൺ (22) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവായ തമിഴ്നാട് സ്വദേശി ആനന്ദ് രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
യലഹങ്കയിൽ ആനന്ദ് രാജിന്റെ ഉടമസ്ഥതയിലുള്ള സ്വീറ്റ് കോൺ യന്ത്രങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു കിരൺ. ആനന്ദിന്റെ 19 വയസ്സുള്ള മകളുമായി കിരൺ പ്രണയത്തിലായിരുന്നു.
ഈ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആനന്ദ് നേരത്തെ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇരുവരെയും ഒരുമിച്ചു കണ്ടതിനെത്തുടർന്ന് പ്രകോപിതനായ ആനന്ദ്, കിരണിനെ ഫാക്ടറി ഗോഡൗണിലേക്ക് വിളിച്ചുവരുത്തുകയും ക്രിക്കറ്റ് ബാറ്റും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് മാരകമായി മർദിക്കുകയുമായിരുന്നു.
സംഭവവിവരം കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് കിരണിന്റെ ചെമ്പ്രയിലെ വീട്ടിൽ സഹോദരി കൃപ അറിയുന്നത്. തുടർന്ന് ബന്ധുക്കൾ കൊപ്പം പൊലീസിൽ വിവരം അറിയിച്ചെങ്കിലും ബെംഗളൂരുവിൽ നേരിട്ടെത്തി നടപടികൾ സ്വീകരിക്കാനാണ് നിർദേശം ലഭിച്ചത്.
കിരണിന്റെ പിതാവ് സിദ്ധാർഥനും മാതാവ് ശബരിയും അബുദാബിയിലാണ് താമസം. കിരൺ ഒരു വർഷത്തോളം അബുദാബിയിൽ ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തിയതായിരുന്നു.
പിന്നീട് സഹോദരൻ ഋതിക്കിനൊപ്പം ബെംഗളൂരുവിൽ ജോലി ചെയ്തു വരികയായിരുന്നു. കൊലപാതകം നടക്കുമ്പോൾ ഋതിക്ക് ജോലി സംബന്ധമായി ഉത്തർപ്രദേശിലായിരുന്നു.
കിരൺ രണ്ട് മാസം മുൻപാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

