കോട്ടയത്തുനിന്നു കൊല്ലത്തേക്ക് പതിവായി യാത്ര ചെയ്തിരുന്നവരുടെ ജീവിതതാളം തെറ്റിച്ചുകൊണ്ട് കോട്ടയം–കൊല്ലം മെമു ട്രെയിനിന്റെ സമയത്തിൽ വരുത്തിയ മാറ്റം യാത്രക്കാരെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. എറണാകുളത്തേക്കു സർവീസ് നീട്ടിയതാണ് കൊല്ലം ഭാഗത്തേക്കുള്ള പതിവ് യാത്രികരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
ഈ ട്രെയിനിന്റെ സമയക്രമത്തിനനുസരിച്ച് തങ്ങളുടെ ദൈനംദിന ജീവിതം ക്രമീകരിച്ചിരുന്നവരാണ് ഇപ്പോൾ ആശങ്കയിലായിരിക്കുന്നത്. എറണാകുളം ഭാഗത്തേക്ക് ട്രെയിൻ സർവീസ് നീട്ടുന്നതിനോട് യാത്രക്കാർക്ക് എതിർപ്പില്ലെങ്കിലും, കോട്ടയത്തുനിന്നുള്ള സമയം ഒരു മണിക്കൂറോളം വൈകുന്നതാണ് പ്രധാന പ്രശ്നം.
വിവിധ കോണുകളിൽ നിന്നുള്ള പ്രതിഷേധങ്ങൾ റെയിൽവേ അധികൃതർ അനുകൂലമായി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ യാത്രികർ. യാത്രക്കാരുടെ പ്രതികരണങ്ങൾ: വൈകിട്ട് 5.40നാണ് കോട്ടയത്തുനിന്നു ശാസ്താംകോട്ടയിലേക്കു പുറപ്പെട്ടിരുന്നത്.
ശാസ്താംകോട്ടയിൽ 7.10ന് എത്തും. പുതിയ സമയത്തിലേക്ക് മാറിയാൽ വീട്ടിലെത്തുമ്പോൾ രാത്രി എട്ട് കഴിയുമെന്ന് കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരനായ ജാക്സൺ ജോസഫ് പറയുന്നു.
14 വർഷമായി തുടരുന്ന ഈ യാത്രയുടെ സമയത്തിൽ വ്യത്യാസം വരുന്നതു ജീവിതത്തിന്റെ ചിട്ടയെത്തന്നെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്താംകോട്ടയിൽ വീടുള്ള ഞാൻ 17 വർഷമായി ഈ ട്രെയിനിൽ യാത്ര ചെയ്യുന്നുവെന്ന് എംജി സർവകലാശാല സെക്ഷൻ ഓഫിസറായ വി.ദിലീപ് വ്യക്തമാക്കുന്നു.
പുതിയ സമയക്രമീകരണം കടുത്ത ദുരിതം സൃഷ്ടിക്കും. പ്രായമായ മാതാപിതാക്കളും കുട്ടികളും വീട്ടിലുള്ളവരാണ് യാത്രക്കാരിലേറെയും.
ഇവരുടെ കാര്യങ്ങൾ നോക്കുന്നതും ട്രെയിനിറങ്ങി ബസിൽ യാത്ര ചെയ്യേണ്ടവരുടേയും സ്ഥിതി കൂടുതൽ പ്രശ്നത്തിലാകും. ഓച്ചിറ, മൺറോതുരുത്ത്, പെരിനാട് തുടങ്ങിയ ചെറിയ സ്റ്റേഷനുകളിൽ വേണാട് പോലുള്ള എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് ഇല്ലെന്നും മെമു ആണ് ഏക ആശ്രയമെന്നും എംജി സർവകലാശാല ഓഫിസ് സൂപ്രണ്ട് ബി.അനു പറയുന്നു.
10 വർഷമായി ഈ സമയത്താണ് യാത്ര. പുതിയ നടപടി കാരണം ഇപ്പോൾ വീടുകളിൽ എത്തിച്ചേരുന്ന സമയത്തിൽ രണ്ടര മണിക്കൂർ വ്യത്യാസം വരും.
വീടുകളിലേക്ക് എത്താനുള്ള ബസുകൾ കിട്ടാതെ വരുന്ന സാഹചര്യമുണ്ടാകും. പുതിയ സമയക്രമം വന്നാൽ കോട്ടയത്ത് ആദ്യം എത്തുക വേണാട് എക്സ്പ്രസ് ആയിരിക്കുമെന്ന് എംജി സർവകലാശാല സെക്ഷൻ ഓഫിസർ വി.വിജയലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.
3.30നു പരശുറാം എക്സ്പ്രസ് കൊല്ലം ഭാഗത്തേക്ക് പോയിക്കഴിഞ്ഞാൽ പിന്നീട് എത്തുന്ന വേണാടിലായിരിക്കും വലിയ തിരക്ക് അനുഭവപ്പെടുക. ഇത് ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കും.
കഴിഞ്ഞ രണ്ടര വർഷമായി ഈ സമയത്താണ് യാത്രയെന്ന് ഡിഎംഒ ഓഫിസ് ജീവനക്കാരൻ എം.ശ്രീകാന്ത് വ്യക്തമാക്കുന്നു. 5.15ന് ഓഫിസ് സമയം കഴിഞ്ഞാൽ 5.40ന്റെ ട്രെയിനിൽ കയറും.
മെമു സമയമാറ്റം നിലവിൽവന്നാൽ ഒരു മണിക്കൂറിലധികം ട്രെയിനിനു കാത്തിരിക്കേണ്ടി വരും. 7.10ന് കൊല്ലത്തെ വീട്ടിലെത്തുന്നതു രാത്രി 8.30 ആകും.
കരുനാഗപ്പള്ളിയിൽ 6.55ന് എത്തും. രാത്രി 7.15ന് വീട്ടിലെത്തും.
പുതുക്കിയ സമയക്രമീകരണം നിലവിൽ വന്നാൽ ഇതു മാറി രാത്രി എട്ടരയ്ക്കേ വീട്ടിലെത്താൻ കഴിയുകയുള്ളൂവെന്ന് അസിസ്റ്റന്റ് ലേബർ ഓഫിസർ സുജീഷ് പറയുന്നു. 3 മാസം മുൻപാണ് കോട്ടയത്തേക്ക് മാറ്റം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലത്ത് അവസാന സ്റ്റോപിലാണ് ഇറങ്ങുന്നത്. സമയം മാറ്റുന്നതോടെ രാത്രി എട്ടിന് വീട്ടിൽ എത്തിയിരുന്നത് രാത്രി 9.30 ആകും എന്ന് എംജി സർവകലാശാല കംപ്യൂട്ടർ അസിസ്റ്റന്റ് വി.പി.പ്രിയ ആശങ്കപ്പെടുന്നു.
കൊല്ലത്ത് എത്തിയശേഷം ഒരു മണിക്കൂറിലധികം യാത്ര ചെയ്യേണ്ട സ്ത്രീകളുണ്ട്.
വീട്ടിൽ അച്ഛനും അമ്മയ്ക്കും ഗുരുതര രോഗങ്ങളുള്ളവരും ചെറിയ കുട്ടികളുമുള്ളവരുമുണ്ട്. സ്വകാര്യ ബസുകളില്ലാത്ത റൂട്ടുകളിലാണ് പലരുടെയും യാത്രയെന്നും അവർ വ്യക്തമാക്കി.
12 കാർ മെമു ഇപ്പോൾ 8 മാത്രമായി ചുരുങ്ങി 12 കാർ മെമുവാണു കോട്ടയം–കൊല്ലം പാസഞ്ചറിനായി ഉപയോഗിച്ചിരുന്നത്. ഇടക്കാലത്ത് റേക്ക് മെയ്ന്റനൻസിന്റെ ഭാഗമായി സ്ഥിരമായി 8 റേക്ക് മെമു ഓടിച്ചപ്പോൾ ട്രെയിനിൽ കാലുകുത്താൻ ഇടമില്ലാത്ത വിധം വലിയ തിരക്കുണ്ടായിരുന്നു.
പ്രതിഷേധങ്ങൾക്കു ശേഷം റെയിൽവേ 12 കാർ മെമു സ്ഥിരമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ 3 ദിവസമായി വീണ്ടും 8 കാർ മെമുവാണ് എത്തുന്നതെന്നും ഇത് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഇരട്ടിയാക്കിയിട്ടുണ്ടെന്നും യാത്രികർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

