യുണൈറ്റഡ് സ്റ്റേറ്റ്സ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടി. ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം തിരിച്ചുപിടിച്ച ഡെമോക്രാറ്റുകൾക്കു മുന്നിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് അടിപതറി.
റിപ്പബ്ലിക്കൻ കോട്ടകളിൽ പോലും ഡെമോക്രാറ്റുകൾ അട്ടിമറി വിജയം കരസ്ഥമാക്കി. ഗവർണർ തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകൾ വ്യക്തമായ മുൻതൂക്കം നേടിയിട്ടുണ്ട്.
യുഎസ് ചരിത്രത്തിലെ ആദ്യ മുസ്ലിം സെനറ്റർ ഉൾപ്പെടെ ഒട്ടേറെ പുതിയ റെക്കോർഡുകൾ പിറന്ന ഈ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയ്ക്കും അഭിമാനകരമായി. ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളായ അമി ബേറ, റോ ഖന്ന, സുഹാസ് സുബ്രഹ്മണ്യം, പ്രമീള ജയപാൽ, പിയ ഡാൻഡിയ എന്നിവർ ജനപ്രതിനിധിസഭയിലേക്കു വിജയം കണ്ടു.
കൂടാതെ, മേരിലാൻഡ് ലഫ്റ്റനന്റ് ഗവർണറായി അരുണ മില്ലർ തുടരുകയും ചെയ്യും. യുഎസ് കോൺഗ്രസിൽ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമായിരുന്നു ജനവിധി തേടിയത്.
ഇതിൽ ജനപ്രതിനിധി സഭയിൽ പുതുതായി 27 സീറ്റുകൾ ഡെമോക്രാറ്റുകൾ സ്വന്തമാക്കി. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 435 സീറ്റിൽ 237 എണ്ണവും ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു.
സെനറ്റിലെ 100 സീറ്റുകളിൽ ഇപ്പോൾ 54 എണ്ണവും ഡെമോക്രാറ്റിക് പാർട്ടിയുടെ കൈവശമാണ്. ഇവിടെ അവർ പുതുതായി 7 സീറ്റുകൾ നേടി.
മൊത്തം 36 സംസ്ഥാനങ്ങളിലെ ഗവർണർ തിരഞ്ഞെടുപ്പുകളിൽ 17 ഇടത്ത് ഡെമോക്രാറ്റിക് സ്ഥാനാർഥികൾ വിജയിച്ചപ്പോൾ, 12 ഇടത്താണ് റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചത്. 5 സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾ ഗവർണർ പദവി തിരിച്ചുപിടിച്ചു.
തിരഞ്ഞെടുപ്പ് നടക്കാത്ത ഇടങ്ങൾ കൂടി കണക്കിലെടുത്താൽ ആകെ 28 സംസ്ഥാനങ്ങളിലാണ് ഇപ്പോൾ ഡെമോക്രാറ്റിക് ഗവർണർമാരുള്ളത്. റിപ്പബ്ലിക്കൻ ഗവർണർമാർ 20 പേരാണ് ഉള്ളത്.
തിരഞ്ഞെടുപ്പുഫലം പ്രതികൂലമാകുമ്പോഴെല്ലാം ചോദ്യം ചെയ്യുന്ന പതിവ് ഇത്തവണ മാറ്റിവെച്ച് ഡോണൾഡ് ട്രംപ് പരാജയം സമ്മതിക്കുകയും ഡെമോക്രാറ്റിക് പാർട്ടിയെ അഭിനന്ദിക്കുകയും ചെയ്തു. ഇറാനുമായുള്ള സംഘർഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായെന്നു വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ യുദ്ധത്തിൽനിന്നു പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മിഷിഗനിൽനിന്നു ജയിച്ച ഡെമോക്രാറ്റ് സ്ഥാനാർഥി ഡോ. അബ്ദുൽ സയ്യിദ് യുഎസ് സെനറ്റ് ചരിത്രത്തിലെ ആദ്യ മുസ്ലിം അംഗമായി മാറും.
മൂന്നുവട്ടം ടെക്സസ് ഭരിച്ച റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബട്ടിനെ പരാജയപ്പെടുത്തി ലാറ്റിനോ വംശജ ജിന ഹിനഹോസ (ഡെമോക്രാറ്റ്) വിജയം സ്വന്തമാക്കി. ഒരു നൂറ്റാണ്ടിനു ശേഷം കാൻസസിൽനിന്നു സെനറ്റിലേക്ക് ഡെമോക്രാറ്റ് സ്ഥാനാർഥി ജയിച്ചതും, ജോർജിയയിൽ ഡെമോക്രാറ്റ് നേതാവ് കെയ്ഷ ലാൻസ് ബോട്ടം ആഫ്രോ–അമേരിക്കൻ വംശജയായ ആദ്യ ഗവർണറാകുന്നതുമുൾപ്പെടെയുള്ള ചരിത്രനിമിഷങ്ങൾക്കും ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.
ലൊസാഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ മലയാളി വംശജയായ നിത്യ രാമൻ എതിർസ്ഥാനാർഥിയായ നിലവിലെ മേയർ കാരൻ ബാസിനെക്കാൾ നേരിയ മുൻതൂക്കം നേടിയിട്ടുണ്ട്. എന്നാൽ, ട്രംപിന്റെ വിശ്വസ്തനായ മലയാളി ശതകോടീശ്വരൻ വിവേക് രാമസ്വാമി, ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഏമി ആക്ടനോട് പരാജയപ്പെടുകയുണ്ടായി.
ഒഹായോയിൽ ഗവർണറാകുന്ന ആദ്യത്തെ വനിതയാണ് ഏമി ആക്ടൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

