തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫി മത്സരത്തിൽ തമിഴ്നാടിനെതിരെ കേരള ടീമിന് ബാറ്റിങ് തകർച്ച.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ വെറും 46 റൺസിന് പുറത്തായ കേരളം, തുടർന്ന് ഫോളോഓൺ ചെയ്ത് രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റിന് 99 റൺസെന്ന നിലയിലാണ്. നിലവിൽ മൂന്ന് വിക്കറ്റുകൾ ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളത്തിന് ഇനിയും 170 റൺസ് കൂടി ആവശ്യമുണ്ട്.
മത്സരത്തിന്റെ രണ്ടാം ദിവസം എട്ട് വിക്കറ്റിന് 289 റൺസ് എന്ന നിലയിലാണ് തമിഴ്നാട് ബാറ്റിങ് പുനരാരംഭിച്ചത്. എന്നാൽ അവരുടെ ഇന്നിങ്സ് അധികം നീണ്ടുനിന്നില്ല.
25 റൺസ് എടുത്ത പ്രവീൺ രാമചന്ദ്രന്റെയും, 21 റൺസ് എടുത്ത ദീപേഷ് ദേവേന്ദ്രന്റെയും വിക്കറ്റുകൾ വീഴ്ത്തി ആദിത്യ ബൈജുവാണ് തമിഴ്നാട് ഇന്നിങ്സിന് അവസാനം കുറിച്ചത്. കേരളത്തിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത ആദിത്യ ബൈജുവും അഭിജിത് പ്രവീണും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തമിഴ്നാട് ബോളർ ദീപേഷ് ദേവേന്ദ്രന്റെ വേഗതയേറിയ പന്തുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ ഗോവിന്ദ് ദേവ് പൈ (0) പുറത്തായി.
തൊട്ടുപിറകെ ആറ് റൺസെടുത്ത മാധവ് കൃഷ്ണയും മടങ്ങി. പിന്നീട് ക്രീസിലെത്തിയ ബാറ്റർമാർക്ക് കാര്യമായ ചെറുത്തുനിൽപ്പ് നടത്താൻ സാധിക്കാതെ വന്നതോടെ 15.3 ഓവറിൽ വെറും 46 റൺസിന് കേരളത്തിന്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചു.
19 റൺസ് എടുത്ത എസ്.എസ്. അക്ഷയ് മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്നത്.
തമിഴ്നാടിനായി ദീപേഷ് ദേവേന്ദ്രൻ ആറും സച്ചിൻ രഥി മൂന്നും വിക്കറ്റുകൾ വീഴ്ത്തി. തുടർന്ന് ഫോളോഓൺ ചെയ്ത് രണ്ടാമതും ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ അവസ്ഥയിലും വലിയ മാറ്റമുണ്ടായില്ല.
26 റൺസ് എടുത്ത മാധവ് കൃഷ്ണയും 22 റൺസ് എടുത്ത ക്യാപ്റ്റൻ അഹ്മദ് ഇമ്രാനുമാണ് കേരള നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ നാല് റൺസോടെ അഭിജിത് പ്രവീണും റണ്ണൊന്നും എടുക്കാതെ ആദിത്യ ബൈജുവുമാണ് ക്രീസിൽ തുടരുന്നത്.
തമിഴ്നാടിനു വേണ്ടി ആർ.എസ്. അംബ്രീഷും മൊഹമ്മദ് അലിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

