കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത പ്രതി പോലീസ് പിടിയിലായി. കല്ലായി കോതി ബീച്ച് സ്വദേശിയായ അൻഷാദ് (33) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 28-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ കുണ്ടായിത്തോട് ഓവുപാലത്തിന് സമീപം വെച്ച് ഇയാൾ പിന്തുടരുകയായിരുന്നു.
വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാർത്ഥിയെ സമീപിച്ച ഇയാൾ അപമര്യാദയായി പെരുമാറി. ഭയന്നുപോയ വിദ്യാർത്ഥിനിയെ വീണ്ടും പിന്തുടർന്ന ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു.
പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാൽപ്പതോളം സി.സി.ടി.വി (CCTV) ദൃശ്യങ്ങളും നൂറിലധികം വാഹനങ്ങളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മൂന്ന് ദിവസത്തിനകം ഇയാളെ തിരിച്ചറിഞ്ഞ പോലീസ്, അൻഷാദ് ഇപ്പോൾ താമസിക്കുന്ന പെരുമണ്ണ പാറമ്മൽ ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
ബേപ്പൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ജെയിൻ, മുഹമ്മദ് സബീർ, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ ഹാജിറ, നിധിൻ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

