ഹോർമുസ് പാതയിലൂടെയുള്ള ചരക്കുനീക്കത്തിൽ ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതായി ഇറാൻ വ്യക്തമാക്കി. ഈ രാജ്യങ്ങളിൽനിന്നുള്ള കപ്പലുകളെ തടയില്ലെന്ന് ഇറാൻ പാർലമെന്റ് നാഷനൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പൊളിസി കമ്മിറ്റി ഡപ്യൂട്ടി ചെയർമാൻ അമീർ ഹയാത് മൊഗ്ദം അറിയിച്ചു.
ഈ നാല് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുക എന്നതാണ് ഇളവുകൾ നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽനിന്ന് അവശ്യ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ കപ്പലുകൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നത്.
ചൈനയുടെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അവരുടെ കപ്പലുകൾക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ, ചൈനീസ് കപ്പലുകളിൽനിന്ന് ഇറാൻ നിശ്ചിത ട്രാൻസിറ്റ് ഫീസ് ഈടാക്കുന്നുണ്ട്.
അതേസമയം, ഖത്തർ കപ്പലുകളെ യാതൊരു ഫീസും കൂടാതെയാണ് കടന്നുപോകാൻ അനുവദിക്കുന്നത്. ഇറാഖി കപ്പലുകളിൽനിന്ന് ഫീസ് ഈടാക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക വ്യക്തതയില്ല.
നിലവിൽ ഇന്ത്യ ആവശ്യമായ അസംസ്കൃത എണ്ണയുടെ 90 ശതമാനത്തോളവും ഇറക്കുമതി ചെയ്യുകയാണ്. ഇതിന്റെ 30 ശതമാനത്തോളം ഹോർമുസ് കടലിടുക്ക് വഴിയാണ് രാജ്യത്തേക്ക് എത്തുന്നത്.
പശ്ചിമേഷ്യയിൽ സംഘർഷം ഉടലെടുക്കുന്നതിന് മുൻപ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 70 ശതമാനവും ഈ പാതയിലൂടെയായിരുന്നു. എന്നാൽ നിലവിൽ റഷ്യ, യുഎസ്, പടിഞ്ഞാറൻ ആഫ്രിക്ക, യുഎഇയിലെ ഫുജൈറ എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത്.
എങ്കിലും ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 90 ശതമാനവും ഇന്നും ഈ സമുദ്രപാതയെ ആശ്രയിച്ചാണ് തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

