തുടർച്ചയായ ഒമ്പത് മത്സരങ്ങളിൽ വിജയം കണ്ടെത്താനാവാതെ പ്രതിസന്ധിയിലായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് യുവേഫ ചാമ്പ്യൻസ് ലീഗിൽ എ എസ് റോമയ്ക്കെതിരെ നേടിയ വിജയം ടീമിന് വലിയ ആശ്വാസമായി. ഓൾഡ് ട്രഫോർഡിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് റെഡ് ഡെവിൾസിന്റെ അവിശ്വസനീയ തിരിച്ചുവരവ്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ റോമ രണ്ട് ഗോളുകൾക്ക് ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം പിടിച്ചെടുത്തത്.
മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ മാത്യൂസ് കുൻഹ അവസാന മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടു പുറത്തായത് ഉൾപ്പെടെയുള്ള നാടകീയ മുഹൂർത്തങ്ങൾക്കും മത്സരം സാക്ഷ്യം വഹിച്ചു.
കുൻഹയുടെ വിജയഗോളിന് അസിസ്റ്റ് നൽകിയ പകരക്കാരൻ ഷി ലാസെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ താരോദയമായി മാറിയത്. എഴുപത്തഞ്ചാം മിനിറ്റിൽ അമദ് ഡിയാലോയ്ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ പത്തൊൻപതുകാരനായ ഷി ലാസെ വെറും പതിനഞ്ച് മിനിറ്റുകൾ കൊണ്ടാണ് കളിയുടെ ഗതി മാറ്റിമറിച്ചത്.
ആദ്യ പകുതിയിൽ മാറ്റിയാസ് സൂലെ, ഡോൺയൽ മാലെൻ എന്നിവരിലൂടെയാണ് റോമ 2-0 എന്ന നിലയിൽ മുന്നിലെത്തിയത്. ഈ വേളയിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് പായിക്കാൻ ഇംഗ്ലീഷ് ക്ലബ്ബിന് സാധിച്ചിരുന്നില്ല.
ഹാംസ്ട്രിംഗ് പരിക്കേറ്റ് കാർലോസ് ബലേബ കളം വിട്ടതും പകരം യൂറി ടെലെമാൻസ് എത്തിയതും യുണൈറ്റഡിന്റെ കളിശൈലിയിൽ മാറ്റം വരുത്തി. രണ്ടാം പകുതിയിൽ ബ്രൂണോ ഫെർനാണ്ടസിന്റെ പെനാൽറ്റി ഗോളിലൂടെയാണ് യുണൈറ്റഡ് തിരിച്ചുവരവ് ആരംഭിച്ചത്.
കുൻഹയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ആദ്യം പാഴായെങ്കിലും, റോമ താരങ്ങൾ ബോക്സിലേക്ക് അതിക്രമിച്ചു കയറിയതിനെ തുടർന്ന് വീണ്ടും എടുത്ത പെനാൽറ്റിയിലൂടെ ബ്രൂണോ ലക്ഷ്യം കണ്ടു. തുടർന്ന് മാത്യൂസ് കുൻഹ ഇരട്ട
ഗോളുകൾ കൂടി നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം തട്ടകത്തിൽ വിജയം ഉറപ്പിച്ചു. യുവതാരം ഷി ലാസെ കളത്തിലിറങ്ങിയതോടെ യുണൈറ്റഡിന്റെ ഗോളവസരങ്ങൾ ഗണ്യമായി വർദ്ധിച്ചു.
താരത്തിന്റെ പ്രകടനത്തെ കോച്ച് മൈക്കൽ കാരിക്ക് പ്രത്യേകം പ്രശംസിച്ചു. അടുത്ത മത്സരങ്ങളിൽ ഷി ലാസെയ്ക്ക് സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടം നൽകണമെന്ന ആവശ്യവുമായി ക്ലബ്ബ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

