കൊല്ലത്ത് നഴ്സിംഗ് കോളേജിലെ സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ചെന്നാരോപിച്ച് പത്തൊൻപതുകാരന് ക്രൂരമർദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി.
ചവറ സ്വദേശി പ്രമോദ് കുമാർ (28) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ 19കാരനാണ് ഗുരുതര പരിക്കേറ്റത്.
വാരിയെല്ലിനു ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പടപ്പനാലിലെ സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിയായ 19കാരൻ, സീനിയർ വിദ്യാർഥിനിയുമായി സൗഹൃദത്തിലാമെന്ന് വിദ്യാർഥിനിയുടെ സുഹൃത്തായ തേവലക്കര സ്വദേശി മിഥുൻ മനോഹറിനെ മറ്റൊരു വിദ്യാർഥിനി അറിയിക്കുകയായിരുന്നു.
തുടർന്ന് മിഥുന്റെ നിർദേശ പ്രകാരം പ്രമോദും സുഹൃത്ത് അഖിലും ചേർന്ന് വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. ഒക്ടോബർ 31 ന് വൈകിട്ട് 4.10 ന് കോളേജ് വിട്ടു പുറത്തിറങ്ങിയ സമയത്താണ് ആക്രമണം ഉണ്ടായത്.
തേവലക്കര പടപ്പനാലിലെ തട്ടുകടയിൽ കുപ്പിവെള്ളം വാങ്ങാൻ എത്തിയപ്പോഴായിരുന്നു പ്രതികൾ സംഘം ചേർന്ന് മർദ്ദിച്ചത്. അസഭ്യം പറയുകയും മുഖത്തും പുറത്തും ക്രൂരമായി മർദിക്കുകയും ചവിട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു.
ആക്രമണത്തിൽ വിദ്യാർത്ഥിയുടെ രണ്ട് വാരിയെല്ലുകൾ തകരുകയും നെറ്റിയിലും കവിളിലും പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ തെക്കുംഭാഗം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രമോദാണ് കേസിലെ ഒന്നാം പ്രതി. അഖിൽ രണ്ടാം പ്രതിയും മിഥുൻ മൂന്നാം പ്രതിയുമാണ്.
മിഥുൻ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണെന്നും ഒട്ടേറെ കേസുകളിൽ പ്രതിയുമാണെന്ന് പൊലീസ് വ്യക്തമാക്കി. ചവറ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ള പ്രമോദിനെതിരെ വധശ്രമം ഉൾപ്പെടെ അഞ്ച് കേസുകൾ നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

