സമരവേദി ഒരുകൂട്ടർക്കുതന്നെ എന്നേക്കുമായി കൈവശപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടെ ദൈനംദിന വരുമാനത്തെ ആശ്രയിച്ചുകഴിയുന്നവരുടെ ഉപജീവനം കൂടി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഡൽഹിയിൽ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ഇതിനിടയിൽ, വ്യാപാരികൾക്കുണ്ടാകുന്ന നഷ്ടത്തിനു പ്രതിഷേധക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത് എങ്ങനെയെന്ന് ബെഞ്ചിലംഗമായ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ചോദിച്ചു. പൊലീസ് വയ്ക്കുന്ന ബാരിക്കേഡുകളും നിയന്ത്രണങ്ങളും വ്യാപാരത്തെ ബാധിക്കുന്നില്ലേയെന്നും കോടതി ആരാഞ്ഞു.
‘മറ്റു പ്രതിഷേധക്കാരുമുണ്ട്. കർഷകർ എവിടെ പോകും? തൊഴിലാളികൾക്കും ട്രേഡ് യൂണിയനുകൾക്കും വീടില്ലാത്തവർക്കും പ്രതിഷേധിക്കേണ്ടി വരും.
എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. ഒരുവിഭാഗം വേദി കൈവശപ്പെടുത്തിയെന്ന പേരിൽ മറ്റുള്ളവരെ അവിടെനിന്ന് ഒഴിവാക്കാനാവില്ല’–ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അംഗീകരിക്കുന്നതുപോലെ വ്യാപാരം നടത്താനും തൊഴിൽ ചെയ്യാനുമുള്ള അവകാശവും ഭരണഘടനാപരമാണെന്നു കോടതി ഓർമ്മിപ്പിച്ചു. ജൂലൈയിൽ കോക്രോച്ച് ജനതാ പാർട്ടിക്ക് (സിജെപി) ഒരു ദിവസത്തേക്ക് അനുവദിച്ച സമരവേദിയിൽ അവർ 17 ദിവസം തുടർന്നെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
പാർലമെന്റിലേക്കോ സുപ്രീം കോടതിയിലേക്കോ അനുമതിയില്ലാതെ മാർച്ച് നടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. പ്രതിഷേധങ്ങൾ മൂലം വ്യാപാരമേഖലയ്ക്ക് 2,000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായെന്നു വ്യാപാരികൾക്കായി ഹാജരായ മുകുൾ റോഹത്ഗി കോടതിയിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

