മലയാള ചലച്ചിത്ര ചരിത്രത്തിൽ തന്റേതായ ഇടം നേടിയ സംവിധായകൻ ഐ.വി.ശശിയുടെ ആദ്യ സംരംഭമായിരുന്നു ‘ഉത്സവം’. 1975-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം ഒരു ഗ്രാമത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നവും അത് പരിഹരിക്കാനെത്തുന്ന ബാബു എന്ന എൻജിനീയറുടെ ജീവിതവുമായിരുന്നു.
ചിത്രത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് വിൻസെന്റ് ആയിരുന്നു. അന്ന് ഈ സിനിമയ്ക്ക് പശ്ചാത്തലമായി മാറിയത് എറണാകുളം-തൃശൂർ അതിർത്തിയിൽ പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പുത്തൻവേലിക്കര എന്ന മനോഹര ഗ്രാമമാണ്.
എന്നാൽ അര നൂറ്റാണ്ടിന്റെ കാലയളവിനു ഇപ്പുറം ഇവിടത്തെ കുടിവെള്ള ക്ഷാമമെല്ലാം പൂർണ്ണമായും മാറിമറിഞ്ഞിരിക്കുകയാണ്. ചരിത്രപ്രസിദ്ധമായ പാലിയത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇപ്പോൾ വിനോദ സഞ്ചാരത്തിന്റെ പുതിയ വഴികൾ തേടുകയാണ്.
കുന്നുകളും ചരിവുകളും വിശാലമായ നെൽപാടങ്ങളും പെരിയാറിന്റെ കുളിർമയും ചേർന്ന് സവിശേഷമായ കാഴ്ചകളാണ് ഈ നാടിന് നൽകുന്നത്. പണ്ട് യാത്രാസൗകര്യങ്ങളുടെ പരിമിതികൾ കാരണം പുറംലോകം കാര്യമായി ശ്രദ്ധിക്കാത്ത ഒരു പ്രദേശമായിരുന്നു ഇത്.
നോർത്ത് പറവൂരിൽ നിന്ന് എറണാകുളത്തിന്റെ വടക്കേ അറ്റത്തുള്ള ഇവിടെയെത്താൻ മഞ്ഞാലി പാലം കടന്ന് കണക്കൻകടവ് വഴി ഇളന്തിക്കര വഴി ചുറ്റി സഞ്ചരിക്കേണ്ടിയിരുന്നു. എന്നാൽ 2018-ൽ സ്റ്റേഷൻകടവ് പാലം യാഥാർഥ്യമായതോടെ ഇവിടേക്കുള്ള യാത്രാദുരിതങ്ങൾക്ക് വിരാമമായി.
നാടിന്റെ ജീവനാഡിയായ പ്രളയ രക്ഷകൻ 2018-ലെ മഹാപ്രളയം കേരളത്തെ പ്രതിസന്ധിയിലാക്കിയപ്പോൾ, എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക ഭീഷണി നേരിട്ട പ്രദേശങ്ങളിൽ ഒന്നായിരുന്നു പുത്തൻവേലിക്കര.
നാട് പൂർണ്ണമായും വെള്ളത്തിനടിയിലാവുകയും കരമാർഗമുള്ള എല്ലാ ഗതാഗതവും സ്തംഭിക്കുകയും ചെയ്ത ആ ഘട്ടത്തിൽ ജനങ്ങൾക്ക് പ്രതീക്ഷയായി മാറിയത് തൊട്ടുമുൻപ് മാത്രം തുറന്നുകൊടുത്ത സ്റ്റേഷൻകടവ് പാലം (പുത്തൻവേലിക്കര പാലം) ആണ്. വെള്ളം വീടുകളിലേക്ക് ഇരച്ചുകയറിയപ്പോൾ ആയിരക്കണക്കിന് ആളുകൾക്ക് സുരക്ഷിതമായി ആശ്രയിക്കാനും, ബോട്ട് മാർഗമെത്തിച്ചവരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റാനും ഈ ഉയർന്ന പാലം വലിയൊരു ആകാശപ്പാതയായി മാറുകയായിരുന്നു.
ആ അതിജീവനത്തിന്റെ ഓർമ്മകൾ പേറുന്ന ഈ പാലം ഇന്ന് പ്രദേശവാസികളുടെയും സഞ്ചാരികളുടെയും പ്രധാന സായാഹ്ന കേന്ദ്രമായി മാറി. പെരിയാറിന്റെ സൗന്ദര്യവും ശാന്തമായ ഗ്രാമാന്തരീക്ഷവും അനുഭവിച്ച് നഗരത്തിരക്കുകളിൽ നിന്ന് മാറിനിൽക്കാൻ ദിവസേന നിരവധി ആളുകളാണ് വൈകുന്നേരങ്ങളിൽ ഇവിടെയെത്തുന്നത്.
പുഴയുടെ മനോഹരമായ സൂര്യാസ്തമയ കാഴ്ചകൾ ആസ്വദിക്കാനും സമയം ചെലവഴിക്കാനുമുള്ള മികച്ചൊരു ഹാങ് ഔട്ട് കേന്ദ്രമായി സ്റ്റേഷൻകടവ് പാലം മാറിക്കഴിഞ്ഞു. പാലത്തിന്റെ ദൃശ്യഭംഗി വർദ്ധിപ്പിച്ചുകൊണ്ട് തൊട്ടടുത്ത് പെരിയാറിന്റെ നടുവിലായി സ്ഥിതിചെയ്യുന്ന മറ്റൊരു അത്ഭുതമാണ് മാളവനപ്പാറ.
മാളവന ശിവക്ഷേത്രത്തോട് ചേർന്ന് പുഴയുടെ ആഴങ്ങളിൽ നിന്ന് ഉയർന്നുനിൽക്കുന്ന ഈ കൂറ്റൻ പാറക്കെട്ട് ഏതു കാലത്തും സഞ്ചാരികളിൽ കൗതുകമുണർത്തുന്നു. പുഴമധ്യത്തിലെ ഈ പ്രകൃതിസൗന്ദര്യവും ക്ഷേത്രാന്തരീക്ഷവും പുത്തൻവേലിക്കരയ്ക്ക് വ്യത്യസ്തമായ ഒരു അനുഭൂതിയാണ് സമ്മാനിക്കുന്നത്.
ബോട്ട് മാർഗവും അല്ലാതെയുമൊക്കെ എത്തുന്നവർക്ക് പെരിയാറിന്റെ ജലസമൃദ്ധിയും മാളവനപ്പാറയുടെ ഗാംഭീര്യവും ഒരേപോലെ കണ്ടുമടങ്ങാം. സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ആമ്പൽ വസന്തം സമൂഹമാധ്യമങ്ങളിലെ റീലുകളിലൂടെയും ഷോട്സുകളിലൂടെയും ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് താഴഞ്ചിറ പാടം.
പ്രഭാതങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന ആമ്പൽപ്പാടവും അതിനു ചുറ്റുമുള്ള പച്ചപ്പ് നിറഞ്ഞ പാടശേഖരവും ഏവരെയും ആകർഷിക്കുന്നു. തികഞ്ഞ ശാന്തത നൽകുന്ന ഇവിടത്തെ അന്തരീക്ഷം സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ്.
വൈകുന്നേരങ്ങളിൽ കടമക്കുടിയും ചാത്തനാടും കുമ്പളങ്ങിയും പോലെ മനോഹരമായ ഒരു നാടൻ സായാഹ്ന അനുഭവം സമ്മാനിക്കുന്ന കേന്ദ്രമായി താഴഞ്ചിറ വളർന്നുകൊണ്ടിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഐ.വി.
ശശി തന്റെ ആദ്യ ചിത്രത്തിലൂടെ അടയാളപ്പെടുത്തിയ കുടിവെള്ളത്തിനായി ബുദ്ധിമുട്ടിയ പുത്തൻവേലിക്കരയല്ല ഇന്നുള്ളത്. അവിടത്തെ ജലക്ഷാമ പ്രശ്നങ്ങളെല്ലാം പൂർണ്ണമായി പരിഹരിക്കപ്പെട്ടു.
പ്രളയത്തെ അതിജീവിച്ച് ഉയിർത്തെഴുന്നേറ്റ ഈ ഗ്രാമം, ഇന്ന് പ്രകൃതിഭംഗികൊണ്ട് എറണാകുറത്തിന്റെ ടൂറിസം ഭൂപടത്തിൽ സ്വന്തമായൊരു സ്ഥാനം നേടിയെടുത്തിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

